സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും; പ്രതിപക്ഷം ഇന്നും സഭ ബഹിഷ്കരിച്ചു

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് കുറയ്ക്കുമെന്ന് ചില കോളേജ് മാനേജ്മെന്റുകൾ വ്യക്തമാക്കിയിരുന്നു. ആ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും; പ്രതിപക്ഷം ഇന്നും സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സ്വാശ്രയ കോളേജ് ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് കുറയ്ക്കുമെന്ന് ചില കോളേജ് മാനേജ്മെന്റുകൾ വ്യക്തമാക്കിയിരുന്നു. ആ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സ്വാശ്രയ ഫീസ് വർധനയ്ക്കെതിരെ നടത്തുന്ന സമരം ശക്തമാക്കാൻ ഇന്നലെ ചേർന്ന  യുഡിഎഫ് യോഗം തീരുമാനിച്ചു. പ്രശ്നത്തിൽ സർക്കാർ ഇടപെടുന്നതു വരെ സമരം തുടരാനാണ് തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റന്നാൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ പ്രതിപക്ഷം തീരുമാനിച്ചു. മാത്രമല്ല എല്ലാ ജില്ലകളിലേയും കളക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കും.മാനേജ്മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായാൽ പ്രതിപക്ഷം സമരം പിൻവലിച്ചേക്കും.


ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ ഹൈബി ഈഡൻ,ഷാഫി പറമ്പിൽ,അനൂപ് ജേക്കബ് എന്നിവർ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അനൂപ് ജേക്കബിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതിനിടയിൽ സ്വാശ്രയ വിഷയത്തിൽ നിയമസഭയിൽ നിന്നും പ്രതിപക്ഷ പ്രതിഷേധം. എംഎൽഎമാർ നിരാഹാര സമരം തുടരുന്നതിനാൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നു രമേശ് ചെന്നിത്തല അറിയിച്ചു. എംഎൽഎമാരുടെ നില മോശമായി തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു. തുടർന്ന് ചോദ്യോത്തര വേള ബഹിഷ്കരിച്ചു പ്രതിപക്ഷം സഭവിട്ടിറങ്ങി.

സമരം ചെയ്യുന്ന എംഎൽഎമാർ ക്ഷീണിതരാണെന്നും  സർക്കാർ എത്രയും പെട്ടന്നു ഇടപെടണമെന്നു  പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

Read More >>