നടപടി എടുക്കൂ പിണറായീ, ഇതാ രണ്ടു കേസുകൾ

കണ്ടും കെട്ടും മടുത്തത് കൊണ്ടുത്തന്നെയാണ് ഇത്തരം അപകടകാരികള്‍ക്കെതിരെ പരസ്യമായ പ്രതികരണത്തിനും പരാതിക്കുമായി ചില ശബ്ദങ്ങള്‍ എങ്കിലും ഉയരുന്നത് എന്ന് വേണം കരുതാന്‍. ഒരു മതവിഭാഗത്തിലെ സ്ത്രീകളെ മുഴുവന്‍ പെറ്റ് കൂട്ടുന്ന പന്നികള്‍ക്ക്‌ സമമായി ഉപമിച്ചപ്പോള്‍ അതില്‍ ആക്ഷേപ്പിക്കപ്പെടുന്നത് തനിക്ക് ജന്മം നല്‍കിയ സ്ത്രീ കൂടിയുണ്ട് എന്ന് തിരിച്ചറിയുന്നവര്‍ എത്രകാലം നിഷ്ക്രിയരായിരിക്കും.

നടപടി എടുക്കൂ പിണറായീ, ഇതാ രണ്ടു കേസുകൾ

നസറുദ്ദീൻ മണ്ണാർക്കാട്

ഉത്തരേന്ത്യയെ ഒരു കലാപഭൂമിയാക്കി മാറ്റിയ അതേ ശൈലിയില്‍ വര്‍ഗ്ഗീയതയുടെ വിഷം തുപ്പി കേരളമണ്ണിലും ധ്രുവീകരണത്തിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സംഘപരിവാര്‍. കേരളത്തിന് ഇനിയും നഷ്ടമായിട്ടില്ലാത്ത മതസൗഹാര്‍ദ്ദതയും സാഹോദര്യവും ഏതു വിധേനയും തകര്‍ക്കണം, അവിടെ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ പാകണം എന്ന ഏകോദ്ദേശമാണ് കെ.പി.ശശികല, എൻ.ഗോപാലകൃഷ്ണന്‍, തോക്ക് സ്വാമി എന്നിങ്ങനെയുള്ള അല്പജ്ഞാനികളുടെ പ്രസ്താവനകളില്‍ തെളിയുന്നത്.


ഇത്തരക്കാരുടെ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നാള്‍ക്കുനാള്‍ കൂടുതല്‍ മലീമസമാകുന്നതല്ലാതെ അവരുടെ വാക്കുകളും പ്രവര്‍ത്തികളും നാളിതുവരെ നിയന്ത്രിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് ഏറ്റവും ഖേദകരം.

കണ്ടും കെട്ടും മടുത്തത് കൊണ്ടുത്തന്നെയാണ് ഇത്തരം അപകടകാരികള്‍ക്കെതിരെ പരസ്യമായ പ്രതികരണത്തിനും പരാതിക്കുമായി ചില ശബ്ദങ്ങള്‍ എങ്കിലും ഉയരുന്നത് എന്ന് വേണം കരുതാന്‍. ഒരു മതവിഭാഗത്തിലെ സ്ത്രീകളെ മുഴുവന്‍ പെറ്റ് കൂട്ടുന്ന പന്നികള്‍ക്ക്‌ സമമായി ഉപമിച്ചപ്പോള്‍ അതില്‍ ആക്ഷേപ്പിക്കപ്പെടുന്നത് തനിക്ക് ജന്മം നല്‍കിയ സ്ത്രീ കൂടിയുണ്ട് എന്ന് തിരിച്ചറിയുന്നവര്‍ എത്രകാലം നിഷ്ക്രിയരായിരിക്കും.
"വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തിന്‍റെ ഒറ്റയാള്‍ മിശിഹാ ആകുവാനൊന്നുമല്ല. മലപ്പുറത്തെ സ്ത്രീകള്‍ പന്നിക്കുട്ടികളെ പ്രസവിക്കുന്നത് പറഞ്ഞപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞുപോയ എന്‍റെ ഉമ്മയെ ഓര്‍ത്തുപോയി. മൂന്നും നാലും ഭാര്യമാരെ വീട്ടില്‍ നിര്‍ത്തി പ്രസവഫാക്ടറികള്‍ സ്ഥാപിക്കുന്ന മലപ്പുറത്തെ പുരുഷന്മാരെ പറഞ്ഞപ്പോള്‍ , യൌവനം നശിക്കുന്നതിനു മുന്പ് ഭാര്യയെ നഷ്ടപ്പെട്ട് ഇപ്പോള്‍ സന്യാസിയെപ്പോലെ ജീവിക്കുന്ന എന്‍റെ ഉപ്പയെ ഓര്‍ത്തുപോയി.
ഒരു പന്നിക്കുട്ടിയായ മകനായി ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്തെണ്ടതില്ലേ..?

എന്ന് ഡോ:കെ.പി. ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയ ജഹാംഗീര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍
കുറിയ്ക്കുന്നു. വീകാരാധീനമായ ഈ വാക്കുകളെ ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമോ? മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തുന്നു എന്ന് ആരോപിച്ചു കെ. പി ശശികലയ്ക്ക് എതിരെ അഡ്വ.ഷുക്കൂറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെയാണ്‌ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകേണ്ടത്. കേരളത്തിലെ മണ്ണ് വർഗ്ഗീയതയ്ക്ക് പാകപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ലിഖിതമായ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും വര്‍ഗ്ഗീയവിഷവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ പൊതുജനം പ്രതീക്ഷിക്കുന്നു.

സമാനമായ ഒരു പരാതിയിൽ ഷംസുദീൻ പാലാത്ത് എന്ന വ്യക്തിക്കെതിരെ നടപടിയുണ്ടായ സാഹചര്യത്തിൽ സംഘപരിവാര്‍ ഗൂഡതന്ത്രങ്ങളെയും സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ വൈകിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യം.

സംസ്ഥാന ഭരണത്തില്‍ ആരായാലും കേന്ദ്രഭരണത്തിന്‍റെ ബലത്തില്‍ പോലീസിന്റെ കടിഞ്ഞാൺ സംഘപരിവാർ നിയന്ത്രിക്കുമെന്ന തോന്നലാണ് ഇക്കൂട്ടര്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ഇതിനെ ഇല്ലായ്മ ചെയ്യേണ്ടത് മതനിരപേക്ഷത മുദ്രാവാക്യമാക്കിയ ഇടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
വി.എച്ച്.പി നേതാവ് തൊഗാഡിയക്ക് എതിരേയുണ്ടായിരുന്ന കേസ് പിൻവാതിലൂടെ പിൻവലിച്ചതിലൂടെ കഴിഞ്ഞ യു. ഡി. എഫ് ഭരണത്തിൽ ഈ തോന്നൽ ശക്തമായിരുന്നു. യു.ഡി.എഫിന്‍റെ ന്യൂനപക്ഷ വോട്ടുകൾക്ക് വന്‍നിലയില്‍ ചോര്‍ച്ചയുണ്ടാകുവാനുള്ള കാരണങ്ങളിൽ ഒന്ന് ഇത്തരം സംഘപ്രീണനമായിരുന്നു എന്ന് പറയാതെ വയ്യ!

അതേ സമയം പ്രതിപക്ഷത്തായിരിക്കുമ്പോള്‍ തന്നെ സന്ദർഭോചിതമായി ന്യൂനപക്ഷവികാരങ്ങളെ ഉൾകൊള്ളാനും, ഫാസിസത്തിനെതിരെ വ്യക്തമായ നിലപാടുകൾ കൈക്കൊള്ളാനും ഇടതു പക്ഷം ശ്രമിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി ഇടത് പക്ഷം ഭരണം പിടിച്ചത് ഈ നിലപാടുകള്‍ ജനം ശ്രദ്ധിച്ചിരുന്നതിനാലാണ്. മുഖം നോക്കാതെ വർഗ്ഗീയതയ്ക്ക് എതിരെ ശതമായ നടപടികള്‍ എല്‍.ഡി.എഫ് കൈക്കൊള്ളും എന്നതാണ് ജനങ്ങളുടെ പ്രതീക്ഷ .ഈ പ്രതീക്ഷ നില നിറുത്തേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമായി വന്നിരിക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇനി പ്രവര്‍ത്തിക്കേണ്ടത് താങ്കളാണ്. അഡ്വ:ഷുക്കൂറിന്റെയും, അഡ്വ: ജഹാംഗീറിന്റെയും പരാതികള്‍ സർക്കാരിന്റെ ഇടപെടൽ കാത്തു കിടക്കുകയാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാത്രമേ ഇനി ഈ പരാതികളുടെ ശരിയായ ഗതി നിയന്ത്രിക്കുവാന്‍ കഴിയു. ഇടതുപക്ഷ സര്ക്കാരിന്‍റെ അന്തസ്സ് മാത്രമല്ല, കേരളത്തിന്റെയും അന്തസ്സ് ഉയർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല

Read More >>