കണ്ണൂരിലെ രാഷ്ട്രീയ കൊലകളെക്കുറിച്ച് ഒരു സാധാരണ പോലീസുകാരന് പറയാനുള്ളത്...

അതുകൊണ്ടെന്തു സംഭവിക്കും? കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവർ പോലും ജാമ്യത്തിലിറങ്ങി നാട്ടിൽ സ്വൈര വിഹാരം നടത്തും. കൊലപാതകത്തിന് കൈയറപ്പില്ലാത്തവർക്ക് മറ്റു കുറ്റകൃത്യങ്ങളും നിസാരം.

കണ്ണൂരിലെ രാഷ്ട്രീയ കൊലകളെക്കുറിച്ച് ഒരു സാധാരണ പോലീസുകാരന് പറയാനുള്ളത്...

സിപിഐഎം പ്രാദേശിക നേതാവിന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും കൊലപാതകങ്ങളെത്തുടർന്ന് കണ്ണൂരിൽ വീണ്ടും അശാന്തിയുടെ ഇരുട്ടു വീഴുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിൽ പോലീസ് നിസ്സഹായരാണ് എന്നാണ് ഉത്തരമേഖലാ ഐജി ദിനേശ് കാശ്യപ് മാധ്യമങ്ങളോട് പറയുന്നത്. കണ്ണൂരിലെങ്കിലും നിയമവാഴ്ച തകർന്നതിന്റെ സാക്ഷ്യമാണ് ഐജിയുടെ വാക്കുകൾ. നിയമം കൈയിലെടുക്കാനുള്ള പരോക്ഷമായ ആഹ്വാനമായും ഈ മുതിർന്ന പോലീസുകാരന്റെ വാക്കുകളെ സമീപിക്കാം. ഈ സാഹചര്യത്തിലാണ് ഐപിഎസ്സിന്റെയും ഉന്നത ബിരുദങ്ങളുടെയും പിൻബലമില്ലാതെ രണ്ടു ദശാബ്ദത്തോളമായി കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ തൊട്ടറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സാദാ പോലീസുകാരൻ നാരദാ ന്യൂസിനോട് സംസാരിക്കുന്നത്.


പോലീസിനു തീർക്കാവുന്ന പ്രശ്നമേ കണ്ണൂരുള്ളൂ... പക്ഷേ....

ദശാബ്ദങ്ങൾ പഴക്കമുള്ള പല രാഷ്ട്രീയ കൊലപാതകക്കേസുകളിലും കുറ്റപത്രം പോലും ഇതേവരെ തയ്യാറായിട്ടില്ലെന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? കുറ്റപത്രം കൊടുത്താലല്ലേ വിചാരണ ആരംഭിക്കാനാവൂ.

അതുകൊണ്ടെന്തു സംഭവിക്കും? കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവർ പോലും ജാമ്യത്തിലിറങ്ങി നാട്ടിൽ സ്വൈര വിഹാരം നടത്തും. കൊലപാതകത്തിന് കൈയറപ്പില്ലാത്തവർക്ക് മറ്റു കുറ്റകൃത്യങ്ങളും നിസാരം.

എത്ര ഹീനമായ കൊലപാതകത്തിലും നേരിട്ടു പങ്കാളിയായാൽപ്പോലും ഒന്നോ രണ്ടോ മാസം ജയിലിൽ കിടന്നാൽ മതി എന്നതാണ് കണ്ണൂരിലെ അവസ്ഥ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പലരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമായി ഇത് മാറിയിട്ടുണ്ടെന്ന് പല സന്ദർഭങ്ങളിലും വ്യക്തിപരമായി തോന്നിയിട്ടുണ്ട്.

പോലീസിന്റെ ജോലിഭാരം ഒരു പ്രധാനപ്രശ്നമാണ്. കേസുകളുടെ ആധിക്യമാണ് പ്രധാന പ്രശ്നം. അതുകൊണ്ട് പലപ്പോഴും ലഭ്യമായ പ്രതികളെയും കൊണ്ട് മുന്നോട്ടു പോകേണ്ടി വരുന്നു. കൂടുതൽ അന്വേഷണത്തിനുളള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്.

കൊലപാതകത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടികൂടുന്നതിലും ജോലിഭാരം ഒരു വലിയ പ്രശ്നമാണ്.

അന്വേഷണങ്ങൾക്കിടയിലാണ് റെയിഡുകൾ സംഘടിപ്പിക്കേണ്ടത്. ഒരു ചെറിയ കത്തി കണ്ടെടുത്താൽ പോലും വിശദമായ റിപോർട്ടുകൾ, പ്രദേശത്തിന്റെ മാപ് തുടങ്ങിയ റെക്കോർഡുകൾ എഴുതേണ്ടതുണ്ട്.

വൻതോതിൽ ആയുധങ്ങൾ പിടികൂടിയാൽ പോലും അവ നിർമിച്ചവരിലേക്കു അന്വേഷണം എത്തില്ല. ബോംബ് നിർമാണത്തിനിടെ ആളുകൾ മരിച്ച സംഭവങ്ങൾ ഒട്ടേറെയുണ്ട്. അപകടകരമായ സ്‌ഫോടക വസ്തുക്കൾ എങ്ങനെയാണ് ലഭിക്കുന്നത്, ആരാണ് ഇവയുടെ വിതരണം നിർവഹിക്കുന്നത് എന്നതിലേക്കൊന്നും അന്വേഷണം ചെന്നെത്താറേയില്ല.

പ്രതികളെ കണ്ടെത്തുന്നതിലുമുണ്ട് ചില കാര്യങ്ങൾ. നേരത്തെ പറഞ്ഞതുപോലെ ഒന്നോ രണ്ടോ മാസം കിടന്നാൽ മതി എന്ന ബോധത്തിൽ യഥാർത്ഥ പ്രതികളെ രക്ഷപെടുത്താനായി ചില നിരപരാധികൾ ബോധപൂർവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങും. പോലീസുകാർക്കും സന്തോഷമാണ്. കേസുകളുടെ ബാഹുല്യവും സ്റ്റേഷൻപരിധിയിലെ പ്രശ്നങ്ങളുടെ ആധിക്യവും മൂലം കിട്ടിയ പ്രതികളെവച്ച് കേസ് ക്ളോസ് ചെയ്യും. സമീപകാലത്താണ് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയൊക്കെ വച്ച് തുടങ്ങിയത്. പ്രതികളെപ്പിടിക്കുന്നതിനപ്പുറത്തേക്കൊന്നും ഇത്തരം സംഘങ്ങൾക്ക് ആയുസ്സുണ്ടാവില്ല. പ്രതികളെപ്പിടിച്ച് റിമാൻഡ് ചെയ്‌താൽ സംഘത്തിന്റെ ആവശ്യം കഴിഞ്ഞു എന്ന മട്ടാണ്.

ആയുധങ്ങൾ കണ്ടെത്താനും അക്രമിസംഘങ്ങളുടെ കായികമായ പരിശീലനം തടയാനും കേസുകൾ അന്വേഷിക്കാനും പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിക്കുകയും അതോടൊപ്പം അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണചെയ്യാനുമുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്‌താൽ ഏതാനും മാസങ്ങൾ കൊണ്ട് പൊലീസിന് തീർക്കാവുന്ന പ്രശ്നങ്ങളെ കണ്ണൂരിൽ ഉള്ളൂ.

കണ്ണൂരുകാരന്റെ 'അക്രമണോത്സുക രാഷ്ട്രീയബോധം'

കണ്ണൂരിലെ ജനങ്ങൾ കലാപകാരികൾ ആണെന്നും പ്രാചീന ഗോത്രസ്വഭാവത്തോടെ ഏറ്റുമുട്ടുന്നവർ ആണെന്നും മറ്റുമൊക്കെ  സാമൂഹ്യശാസ്ത്രജ്ഞരും  മാധ്യമങ്ങളും നിരന്തരം പ്രചരിപ്പിക്കാറുണ്ട്.  അത് തെറ്റാണ്. രാഷ്ട്രീയം കണ്ണൂരുകാരുടെ രക്തത്തിലുണ്ട് എന്നതു ശരി. അങ്ങനെയുളള മനുഷ്യർ ഏറെയുളള സ്ഥലമാണ് കണ്ണൂർ. അതും ശരി.

വിവാഹം ആലോചിക്കുമ്പോൾ ജാതകം ചേരുമോ എന്നതിനേക്കാൾ കുടുംബങ്ങളുടെ രാഷ്ട്രീയം നോക്കുന്നവരാണിവിടെ.  അതുകൊണ്ടുതന്നെ സ്വന്തം ഐഡന്റിറ്റി നിലനിർത്താനുള്ള പോരാട്ടമായി പലപ്പോഴും രാഷ്ട്രീയത്തിന് വേണ്ടിയുള്ള പോരാട്ടം മാറുന്നു.

പാക്കിസ്ഥാന്റെ കാര്യം വരുമ്പോൾ 'ഇന്ത്യൻ' എന്ന ഐഡന്റിറ്റിക്ക് ബലം വരുന്നത് പോലെയാണ് സ്വന്തം പാർട്ടിക്കാരൻ കൊല്ലപ്പെടുന്നു എന്നറിയുമ്പോൾ ഉണ്ടാകുന്ന അക്രമണോത്സുക വികാരം. അത് പലപ്പോഴും നേതാക്കളുടെ അറിവുപോലും ഇല്ലാതെയാണ് വലിയ അക്രമമായി മാറുന്നത്.

'അക്രമണോത്സുക ദേശീയത' എന്നതുപോലെ 'അക്രമണോത്സുക രാഷ്ട്രീയബോധം' സൃഷ്ടിക്കപ്പെടുന്നത് അപകടകരം തന്നെയാണ്. കണ്ണൂർ കലാപഭരിതം ആവുന്നത് ഈ അക്രമണോത്സുക രാഷ്ട്രീയബോധത്തിന് തീകൊടുക്കുമ്പോഴാണ്. പലപ്പോഴും ഈ തീകൊടുക്കൽ ഉണ്ടാകുന്നത് ബോധപൂർവം ആണ്.

കണ്ണൂരിലെ കലാപകാരികൾ

കണ്ണൂരുകാരെ മുഴുവൻ കലാപകാരികൾ ആയി ചിത്രീകരിക്കുന്നത് പൂർണമായും തെറ്റാണ്.  സിപിഐഎമ്മിനു വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ തൊണ്ണൂറ്റൊമ്പതു ശതമാനവും കണ്ണൂർക്കാർ തന്നെയാണ്. ബാക്കിയുള്ളവർ കണ്ണൂരിനോട് ചേർന്ന് കിടക്കുന്ന കോഴിക്കോടൻ മേഖലയിൽ ഉള്ളവരും.

എന്നാൽ ബിജെപിയിലെ കാര്യം വ്യത്യസ്തമാണ്. റിപ്പോർട്ടുകളിൽ ബിജെപി എന്നാണ് വരുന്നതെങ്കിലും ആർഎസ്എസ് തന്നെയാണ് അക്രമസംഭവങ്ങൾക്ക് പിറകിൽ ഉള്ളത്. സിപിഐഎമ്മിൽ നിന്നും വ്യത്യസ്തമായി ബിജെപി പക്ഷത്ത് ജില്ലക്ക് പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യം അക്രമങ്ങളിൽ ഉണ്ടാവും.

കുപ്രസിദ്ധമായ സിപിഐഎം പ്രവർത്തകൻ മാമൻവാസു വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരിൽ വയനാട്ടിൽ നിന്നുള്ളവരും  ആളുകൾ ഉണ്ടായിരുന്നു. ബിജെപി പക്ഷത്ത് പലപ്പോഴും നേതൃ സ്ഥാനത്ത് ജില്ലക്കുപുറത്തുള്ളവർ ആണ് ഉണ്ടാവുക.

നേരത്തെ സൂചിപ്പിച്ച കണ്ണൂരുകാരുടെ 'അക്രമണോത്സുക രാഷ്ട്രീയബോധത്തിന്' തീകൊടുക്കുന്നത് നേതാക്കളോ അതല്ലെങ്കിൽ അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, പൊതുസമൂഹത്തിന് അറിയാത്ത പാർട്ടികൾക്കുള്ളിലെ കേന്ദ്രങ്ങളോ ആവാം. പലപ്പോഴും എന്നല്ല, ഒരിക്കലും ഇതിലേക്ക് അന്വേഷണം എത്താറില്ല എന്നതാണ് വസ്തുത.

പുറത്ത് കേൾക്കുന്ന കണ്ണൂർ അല്ല യഥാർത്ഥ കണ്ണൂർ

കണ്ണൂരുകാരനായ നടൻ ശ്രീനിവാസൻ ഒക്കെ കണ്ണൂരിനെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അതിശയമാണ് തോന്നുന്നത്. അണികളെ ഇറക്കിവിട്ട് നേതാക്കൾ സുഖിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം ഇവിടെ ഇല്ല. ഇവിടത്തെ അക്രമങ്ങളും കൊലപാതകങ്ങളും എല്ലാം രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ നേതാക്കളും വേറിട്ട് നിൽക്കുന്നില്ല.

സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ, ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ എന്നിവരെല്ലാം ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങൾ ആണ്. ബിജെപി നേതാവ് കെടി ജയകൃഷ്ണൻ, സിപിഐഎം നേതാവ് കെവി സുധീഷ് തുടങ്ങിയവർ ക്രൂരമായി കൊല്ലപ്പെട്ടവർ ആണ്. കെവി സുധീഷ് ഒക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ മന്ത്രിസഭയിൽ ഒക്കെ അംഗമായേനേ.

കേരളത്തിലെ എല്ലാ ചിന്തകരും മാധ്യമങ്ങളും ഒക്കെ വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഉള്ളവരാണ്. അതുകൊണ്ടുതന്നെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചർച്ച രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് നടക്കുന്നത്. ഞാൻ വിശ്വസിക്കുന്ന പക്ഷം ഇരകളും മറുപക്ഷം വേട്ടക്കാരും എന്ന നില. ഇത്തരം ചർച്ചകൾ ഒരുതരത്തിലും കണ്ണൂരിനു ഗുണകരമല്ല.

കൊലപാതകത്തിൽ പെട്ടുപോകുന്നവർ..

രാഷ്ട്രീയപാർട്ടികൾക്ക് വേണ്ടി കൊലചെയ്യുന്ന ആളുകൾ അവരുടെ വ്യക്തിവിരോധം തീർക്കാൻ വേണ്ടി കൊല ചെയ്താലും അത് രാഷ്ട്രീയ കൊലപാതകങ്ങളുടെ അക്കൗണ്ടിൽ വീഴുന്ന ഒരു സംഭവം ഉണ്ട്. കണക്കുകൾ ബാലൻസ് ചെയ്യാൻ വേണ്ടി ചില കൊലകളെ സ്വന്തം അക്കൌണ്ടിൽ ചേർക്കുന്ന സംഭവങ്ങളുമുണ്ട്. ആളുമാറി കൊല ചെയത സംഭവങ്ങൾ ഉണ്ട്. ഇതെല്ലാം കൃത്യമായി കണ്ടെത്താൻ കഴിയുക പ്രതികളെപിടികൂടിയതിനു ശേഷമുള്ള തുടരന്വേഷണത്തിൽ ആണ്. അത്തരം അന്വേഷണങ്ങൾ ഇല്ലാതെ പോകുന്നതിന്റെ പോരായ്മ തന്നെയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണവും.

മാധ്യമങ്ങളും കുറ്റക്കാർ 

ഇരുപക്ഷത്തും കൊലചെയ്യപ്പെട്ടവരുടെ എണ്ണം പ്രദർശിപ്പിക്കുന്ന സ്‌കോർ ബോർഡുമായി ഇറങ്ങുന്ന പത്രങ്ങൾ കൊലകളുടെ എണ്ണം കൂട്ടുന്നതിൽ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് വ്യക്തിപരമായ അഭിപ്രായം. രാഷ്ട്രീയ അക്രമങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന നേരിയ വാക്കു തർക്കങ്ങളെപ്പോലും കൊലകളിലേക്ക് നയിച്ച് എണ്ണം ബാലൻസ് ചെയ്യാൻ ആളുകളെ ഇത്തരം സ്‌കോർ ബോർഡുകൾ പ്രചോദിപ്പിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ ചായ്‌വനുസരിച്ച്‌ കൊലപാതകങ്ങൾ റിപ്പോർട്ടുചെയ്യുന്ന രീതിയും മാധ്യമങ്ങൾ ഒഴിവാക്കിയേപറ്റൂ.

ദൃശ്യമാധ്യമങ്ങൾ അരങ്ങുവാഴുന്ന ഈ കാലത്ത് പ്രശ്നങ്ങൾ അൽപ്പം കൂടി വഷളാവുന്നുണ്ട്. ഒരു കൊലപാതകം നടന്നു കഴിഞ്ഞാൽ ഉടൻതന്നെ ജില്ലാ മുഴുവൻ സംഘർഷം പരക്കുമെന്നും മറ്റൊരുകൊല നടക്കുമെന്നും ഒക്കെയാണ് തത്സമയം വിളിച്ച് പറയുന്നത്. വികാരം പൂണ്ട ഏതൊരു സാധാരണ രാഷ്ട്രീയ വിശ്വാസിയെയും എതിരാളിയുടെ കൊടിമരമെങ്കിലും പിഴുതെറിഞ്ഞുകൊണ്ട് രംഗത്തിറങ്ങാൻ ഇത്തരം വാചകങ്ങൾ ധാരാളമാണ്. ഏതായാലും സംഘർഷം നടക്കുമല്ലോ, അപ്പോൾ തന്റെ വകയും ഇരിക്കട്ടെ ഒരു കല്ല് എന്നമട്ടിലാണ് ഇത്തരം റിപ്പോർട്ടുകൾ ഉണ്ടാക്കുന്ന ഫലം. എതിർകൊല നടന്നാലേ സമാധാനമാകൂ എന്ന് തോന്നിപ്പോകും ചില റിപ്പോർട്ടർമാരുടെ വാക്കുകൾ കേട്ടാൽ.

Read More >>