കേരളത്തില്‍ ക്രിസ്ത്യന്‍ കടല്‍: ശശികല പറയുന്നത് സത്യമല്ലേ?

ജാമ്യമില്ലാ വകുപ്പ് ചുമത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്തതിന് കാരണമായ ഒന്നാണല്ലോ ക്രിസ്ത്യന്‍ കടല്‍ കേരളത്തിലുണ്ടെന്ന പ്രസംഗം. സത്യത്തില്‍ കേരളത്തില്‍ ക്രിസ്ത്യന്‍ കടല്‍ ഉണ്ടോ?

കേരളത്തില്‍ ക്രിസ്ത്യന്‍ കടല്‍: ശശികല പറയുന്നത് സത്യമല്ലേ?

'ആറ്റിങ്ങല്‍ കടലില്‍ ഹിന്ദുക്കളിറങ്ങിയാല്‍ പളളിയില്‍ പൂട്ടിയിടും. മുസ്ലീങ്ങള്‍ക്കു പൊന്നാന്നിയും ക്രിസ്ത്യാനികള്‍ക്ക് ആറ്റിങ്ങലും ഉണ്ട്. ഹിന്ദുക്കള്‍ക്ക് കടലില്ല. കാസര്‍ഗോഡ് നിന്നുളള ക്രിസ്ത്യാനിക്കു പോലും നീണ്ടകര പാലത്തിന്റെ തെക്ക് ഭാഗത്തു വന്നു മീന്‍ പിടിക്കാം. പക്ഷേ ഹിന്ദുവിന് മീന്‍ പിടിക്കണമെങ്കില്‍ മാമോദീസ മുങ്ങണം'

(ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയ്ക്കെതിര ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാന്‍ കാരണമായ ഒരു പരാമര്‍ശം)

1. കേരളത്തില്‍ ജാതിതിരിച്ച കടലുകള്‍ ഉണ്ടോ?

ഇല്ല.

2. എന്തെങ്കിലും തരത്തിലുള്ള വേര്‍തിരിവുണ്ടോ?

ഉണ്ട്. തെക്കന്‍ ശൈലിയും വടക്കന്‍ ശൈലിയും മീന്‍പിടുത്തത്തിന് ഉണ്ട്. ഇത് മതാടിസ്ഥാനത്തില്‍ അല്ല.

3. എന്താണ് ഈ ശൈലികള്‍?

താങ്ങുവല (അടക്കം കൊല്ലി, കൊല്ലി) ഉപയോഗിച്ചുള്ള മീന്‍ പിടുത്തമാണ് വടക്കന്‍. കടലില്‍ ഈ വലകള്‍ വളച്ചാല്‍ അതിനുള്ളിലുള്ള സകല മത്സ്യങ്ങളും വലയിലാകും. വേണ്ടതും വേണ്ടാത്തതും കുഞ്ഞുങ്ങളുമെല്ലാം. ഇത് മത്സ്യസമ്പത്തിന് ഇല്ലാതാക്കുന്നതാണ്. അടക്കം കൊല്ലി എന്ന പേര് തന്നെ എല്ലാത്തിനേയും അടക്കം പിടിക്കുന്നതിനാലാണ്.

തെക്കന്‍ ശൈലിയാവട്ടെ അതാത് മീനുകള്‍ക്ക് അതാത് വല എന്ന നിലയിലാണ്. ചാളയ്ക്ക് ചാളവല. നത്തോലിക്ക് നത്തോലി വല. പാരല്‍ എന്ന ശൈലിയില്‍ ചൂണ്ടകളും ഉപയോഗിക്കും. ഇത് കടലിന്റെ സന്തുലനാവസ്ഥ തകര്‍ക്കാത്തതും മീനുകളെ അനാവശ്യമായി കൊന്നൊടുക്കാത്തതുമായ ശൈലിയാണ്.

16VBG_FISHING_783324f

4. ഈ ശൈലികളുടെ അതിര്‍ത്തി എവിടെയാണ്?


കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവമാണ് കന്യാകുമാരി മുതല്‍ അഞ്ചുതെങ്ങു വരെയുള്ള കടലിനുള്ളത്. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലാണ് തെക്കന്‍ ശൈലിയുള്ളത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ കടല്‍തീരത്തെ മീന്‍പിടുത്തം ഏറെ വ്യത്യസ്തമാണ്. മറ്റൊരു കാര്യം ഈ ഭാഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്റെ അടിത്തട്ട് കോരുന്ന ട്രോളിങ്ങ് ബോട്ട് ഒരെണ്ണം പോലുമില്ലെന്നാണ്. ഇത് ഇന്ത്യയില്‍ തന്നെ ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ്. കടലിനെ പരുക്കേല്‍പ്പിക്കാത്ത മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളതെന്നു പറയാം.

20-1474347741-sasikalateacher-10

5. എന്നുമുതലാണ് ഇതുള്ളത്?

ശ്രീലങ്കന്‍ കടല്‍തീരങ്ങളിലും ഇതേ രീതിയാണ്. തികച്ചും പരമ്പരാഗതമായ ശൈലിയാണ് തെക്കന്‍. 1962ലാണ് ട്രോളിങ്ങ് ബോട്ടുകള്‍ വരുന്നത്. എന്നാല്‍ അപ്പോഴൊന്നും തെക്കന്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗത ശൈലി വിട്ടില്ല. ഇത് ശരിക്കും ലോകത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കാകെ മാതൃകയാണ്.

കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നല്ലോ. അപ്പോള്‍ കന്യാകുമാരിയും തിരുവനന്തപുരവും അടക്കം കടലിന്റെ ഒരേ പ്രത്യേകത മൂലം ഒരേ ശൈലിയില്‍ മീന്‍പിടിച്ചു. തമിഴ്‌നാടിന്റെ തെക്കന്‍ മേഖലയില്‍ ഇപ്പോഴും പഴയ ശൈലി തുടരുന്നു. കട്ടവള്ളത്തിന് കടലില്‍ പോകുന്നവരും ചൂണ്ടയിടുന്നവരുമൊക്കെയാണ് അവിടെ. എഞ്ചിന്‍ ഘടിപ്പിച്ചാലും വള്ളങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

6. ശശികല പറയുന്നതു പോലുള്ള വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ ഇല്ലെന്നാണോ?

ഇല്ല. മതപരമല്ല, തൊഴില്‍പരമാണ് തിരിവുകള്‍.

7. തെക്കന്‍മേഖല ഭരിക്കുന്നത് ക്രിസ്ത്യന്‍ സഭയാണോ?

ഇടത് വലത് മുന്നണികള്‍ ലത്തീന്‍ സഭാ നേതാക്കളോട് അനാവശ്യ വിധേയത്വം പുലര്‍ത്തുന്നത് വോട്ട് എന്ന ലക്ഷ്യം വച്ചാണ്. എന്നാല്‍ സഭയെ കൊണ്ട് നാട്ടുകാര്‍ക്ക് ഒരു ഗുണവുമില്ല എന്നതാണ് സത്യം. റിസോര്‍ട്ട് മാഫിയ ഇരച്ചു കയറിയപ്പോളും വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച് ശക്തമായ അടിവേരുള്ള സഭ അനങ്ങിയില്ല. അദാനി പദ്ധതി ഏറ്റെടുത്തപ്പോഴാണ് എതിര്‍പ്പുമായി വന്നത്. ഇടയ ലേഖനം ഇറക്കി. പരമ്പരാഗത മത്സ്യ മേഖല ഇല്ലാതാക്കുന്ന പദ്ധതി വേണ്ട എന്ന നിലപാടെടുത്തു.

10tfishing

8. വിഴിഞ്ഞത്തെ സഭ എതിര്‍ത്തതിനു ശേഷമാണോ ഹിന്ദു ഐക്യവേദി വര്‍ഗ്ഗീയത പറഞ്ഞു തുടങ്ങിയത്?

അതെ. അദാനിക്കു വേണ്ടിയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത് എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍.  അത് ഈ വര്‍ഷമല്ല. അടക്കംകൊല്ലി വലകളുമായി തെക്കന്‍ മേഖലയില്‍ മീന്‍പിടിക്കാന്‍ എത്തിയവരെയും ബോട്ടും അഞ്ചുതെങ്ങില്‍ വച്ച് മത്സ്യതൊഴിലാളികള്‍ പിടികൂടി.

സാങ്കല്‍പ്പികമായുള്ള അതിര്‍ത്തികള്‍ ഭേദിക്കുമ്പോള്‍ ഇത്തരം സംഘര്‍ഷങ്ങള്‍ കേരളത്തിലെ മിക്ക കടപ്പുറത്തും തെക്കന്‍ മേഖലയില്‍ പ്രത്യേകിച്ചും ഉള്ളതാണ്. എന്നാല്‍ അഞ്ചുതെങ്ങില്‍ പിടിക്കപ്പെട്ടവരുടേത് ഹിന്ദു നാമങ്ങളും പിടികൂടിയവരുടേത് ക്രിസ്ത്യന്‍ നാമങ്ങളുമായി. അദാനിയെ എതിര്‍ത്ത നിലപാടെടുത്ത സഭയ്ക്കെതിരെ വടി നോക്കി നടന്ന ഹിന്ദു ഐക്യവേദി അത് തരമാക്കി. തിരുവനന്തപുരത്തെ ലത്തീന്‍ സഭയുടെ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി. ഇതാണ് തൊഴില്‍പ്രശ്നത്തെ വര്‍ഗ്ഗീയമാക്കാന്‍ നടത്തിയ ആദ്യ ശ്രമം.

pinarayi-vijayan-3-300x2009. അന്ന് ഇത് വര്‍ഗ്ഗീയമായ ചേരി തിരിവാണെന്ന് ആരും മനസിലാക്കിയില്ലേ?

ഉവ്വ്. ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയാണ്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തമായി അപലപിച്ചു. 2015 ഓഗസ്റ്റ് 6 ലെ പിണറായിയുടെ പോസ്റ്റ്
പറയുന്നു:
അടക്കംകൊല്ലി വല ഏതെങ്കിലും ഒരു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ മാത്രം പ്രശ്നമല്ല. തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ ബിഷപ്പ് ഹൗസിലേക്കല്ല മാര്‍ച്ച് നടത്തേണ്ടത്. തൊഴില്‍പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനു പകരം തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാതെ ഒരു കുടക്കീഴില്‍ അണിനിരത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കെതിരായ യോജിച്ച പ്രക്ഷോഭമാണ് ഉയര്‍ത്തികൊണ്ട് വരേണ്ടത്. തീരദേശ മേഖലയില്‍ ഇതുള്‍പ്പെടെ ഒട്ടനവധി പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനം, തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ അത്യന്തം ദുഷ്‌കരമാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങളും കോര്‍പ്പറേറ്റ് വല്‍ക്കരണവുമാണ് ഇതിനുകാരണം. അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും തൊഴിലാളികളെ വിഭജിച്ച് മുതലെടുപ്പ് നടത്താനുമുള്ള സംഘപരിവാറിന്റെ ഗൂഢതന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

10. ശശികല പറയുന്നതു പോലെ ആ കടപ്പുറങ്ങളില്‍ ക്രിസ്ത്യാനികള്‍ മാത്രമാണോ ഉള്ളത്?

അല്ല. ശശികലയുടെ ഹിന്ദു സ്നേഹം സത്യമാണെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് എതിരെയാണ് സംസാരിക്കേണ്ടത്. കാരണം പദ്ധതിക്കായി ഡ്രഡ്ജിങ് തുടങ്ങിയതോടെ വിഴിഞ്ഞം, കോവളം ഭാഗത്ത് മത്സ്യബന്ധനം നിലച്ച അവസ്ഥയിലാണ്. ഈ ഭാഗത്ത് ഹിന്ദു- മുസ്ലീം സമുദായമാണ് കൂടുതല്‍. തുറമുഖത്തിനായി കടലിലേയ്ക്ക് കിലോമീറ്ററുകള്‍ നീളത്തില്‍ പുലിമുട്ട് വരും. പുലിമുട്ട് വന്നാല്‍ വടക്കേ തീരങ്ങള്‍ കടലെടുക്കുകയും തെക്കേ തീരങ്ങളില്‍ പുതിയതീരം ഉണ്ടാവുകയും ചെയ്യും. അതിന്റെ നാശം വരാനിരിക്കുന്നതേയുള്ളു. തെക്കന്‍ കടലോരം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി ഡ്രഡ്ജിങ്ങിലൂടെ കടലിന്റെ അടിത്തട്ട് തകരുമ്പോള്‍ മത്സ്യ സമ്പത്ത് നശിക്കുന്നതാണ്. തെക്കുനിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വടക്കന്‍ കടലിനെ അഭയം തേടേണ്ടി വരും എന്നതാണ് വാസ്തവം. ശശികല ക്രിസ്ത്യന്‍ കടല്‍ എന്നു പറയുന്ന പ്രദേശം വിഴിഞ്ഞം പദ്ധതി മൂലം ഇല്ലാതാകുന്നതാണ്.

Edited by: Lasar Shine, Reported by: Lijo Parackal.

(വിവരങ്ങള്‍ക്ക് കടപ്പാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്, തീരദേശ സാമൂഹിക ഗവേഷകനായ ജോണ്‍സണ്‍ ജാമെന്റ്)

Read More >>