''ചിറ്റപ്പന്‍ ഡാ'' വിപണിയില്‍; ബന്ധുവല്ലെങ്കിലും ഓഫര്‍

ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം ടി-ഷര്‍ട്ടിന്റെ നെഞ്ചില്‍ കയറി ഹിറ്റാകുന്നു

കേരളത്തില്‍ ബന്ധുനിയമന വിവാദം പിണറായി വിജയനും സിപിഐ(എം)നും തലവേദനയാകുമ്പോള്‍ ടി-ഷര്‍ട്ട് വിപണിയുടെ നെഞ്ചത്തും ട്രോള്‍ തരംഗം. ചിറ്റപ്പന്‍ ഡാ- എന്ന് രേഖപ്പെടുത്തിയ നാല് കളര്‍ ടി ഷര്‍ട്ടുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ബുക്ക് ചെയ്യുന്നവര്‍ കമ്പനിയുടെ ബന്ധുവായാലും ഇല്ലെങ്കിലും 17 ശതമാനം ഓഫര്‍ ലഭിക്കും. 599 രൂപയുടെ ടി-ഷര്‍ട്ട് വിവാദം നിലയ്ക്കാത്ത കാലത്ത് 499രൂപയ്ക്ക് ലഭിക്കും. ഏഴ് സൈസുകളില്‍ ലഭിക്കും. വിവാദത്തിന് കാരണക്കാരനായ മന്ത്രി ഇ.പി ജയരാജന് വരെ പാകമാകുന്ന ട്രിപ്പിള്‍ എക്സ് എല്‍ സൈസില്‍ വരെ ടി-ഷര്‍ട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.


കോട്ടണ്‍ കാപ്പിയാണ് മലയാളം ട്രെന്‍ഡ് ഡയലോഗുകളെ നെഞ്ചത്തു കയറ്റിയിരിക്കുന്നത്. ''ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി'' എന്ന സലിംകുമാറിന്റെ ഡയലോഗ് ഇവരുടെ ഹിറ്റ് ടി-ഷര്‍ട്ടാണ്. എട്ട് നിറങ്ങളില്‍ ഇത് ലഭിക്കും. ''ഭയപ്പെടേണ്ട ചെമ്പകം, പക്കത്തില് വാ'' തുടങ്ങിയ ഡയലോഗുകളുമുണ്ട്.

''അതൊന്നും നടക്കാന്‍ പോകുന്നില്ലഡോ, താന്‍ പോയി പണിനോക്ക്'' എന്ന പിണറായി ഡയലോഗിനു പിന്നാലെയാണ് ചിറ്റപ്പന്‍ ഡാ എത്തിയിരിക്കുന്നത്. മുമ്പ് വന്ന, അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോ എല്ലാവരും സ്വാര്‍ത്ഥരാണ്- എന്ന ഡയലോഗ് ബന്ധുവിവാദത്തോട് ചേര്‍ത്ത് വായിച്ചാലും തെറ്റുപറയാനാവില്ലല്ലോ.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയുടെ എന്‍ഡ് ടൈറ്റിലായി വന്ന അവിയലിന്റെ ആനക്കള്ളന്‍ എന്ന ഗാനദൃശ്യത്തിലാണ് മലയാളം ഡയലോഗുകള്‍ ആദ്യമായി ടി-ഷര്‍ട്ടില്‍ കയറിയത്. രാഷ്ട്രീയ വിവാദം ഇത്തരത്തില്‍ ട്രെന്‍ഡാകുന്നത് ഇതാദ്യം.