ചിത്രം വിചിത്രം അവതാരകര്‍ ഏഷ്യാനെറ്റില്‍ നിന്നും കൂടു മാറുന്നു; പരിചിതമുഖങ്ങള്‍ ഇനി ന്യൂസ് 18ല്‍

ന്യൂസ് 18ലും ആക്ഷേപഹാസ്യ പരിപാടിയുടെ ചുമതലയാകും ലല്ലുവിനും ഗോപീകൃഷ്ണനുമുണ്ടാകുക. മീഡിയാവണ്ണില്‍ നിന്ന് രാജിവെച്ച ഇ സനീഷും ന്യൂസ് 18ലേക്കെന്നാണ് സൂചന.

ചിത്രം വിചിത്രം അവതാരകര്‍ ഏഷ്യാനെറ്റില്‍ നിന്നും കൂടു മാറുന്നു; പരിചിതമുഖങ്ങള്‍ ഇനി ന്യൂസ് 18ല്‍

ഏഷ്യാനെറ്റ് ന്യൂസിലെ കാവിവത്ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ചാനലില്‍ നിന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പടിയിറങ്ങുന്നു. ആക്ഷേപഹാസ്യ പരിപാടിയായ ചിത്രം വിചിത്രം അവതാരകര്‍ എസ് ലല്ലുവും ഗോപീകൃഷ്ണനും രാജിക്കത്ത് നല്‍കി. വാര്‍ത്താവതാരകനായ ശരത് ചന്ദ്രനും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

ഈ മാസം അഞ്ചിനാണ് രാജിക്കത്ത് നല്‍കിയത്. അടുത്ത മാസം ആദ്യം ഇവര്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താചാനലായ ന്യൂസ് 18-ല്‍ ചേരും. ന്യൂസ് 18ലും ആക്ഷേപഹാസ്യ പരിപാടിയുടെ ചുമതലയാകും ലല്ലുവിനും ഗോപീകൃഷ്ണനുമുണ്ടാകുക. മീഡിയാവണ്ണില്‍ നിന്ന് രാജിവെച്ച ഇ സനീഷും ന്യൂസ് 18ലേക്കെന്നാണ് സൂചന.


റേറ്റിംഗില്‍ മുകളിലുള്ള ചിത്രം വിചിത്രത്തിന്റെ അവതാരകര്‍ രാജി വെച്ചതോടെ പരിപാടി ആര് ഏറ്റെടുക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യാവിഷനിലും മാതൃഭൂമി ന്യൂസിലും ആക്ഷേപഹാസ്യ പരിപാടികള്‍ ചെയ്തിരുന്ന ജോര്‍ജ് പുളിക്കന്‍ അടക്കമുള്ളവരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ എക്‌സിക്യുട്ടീവ് എഡിറ്ററായ ജയ്ദീപാണ് ന്യൂസ് 18ന്റെ തലപ്പത്ത്. ജയ്ദീപിനോട് അടുപ്പമുള്ള ഏഷ്യാനെറ്റിലെ മറ്റ് മാധ്യമപ്രവര്‍ത്തകരേയും ന്യൂസ് 18ലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടെന്നാണ് വിവരം. മനോരമന്യൂസ് ഉള്‍പ്പടെയുള്ള വാര്‍ത്താ ചാനലുകളില്‍ നിന്നും മാധ്യപ്രവര്‍ത്തകരെ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

ഏഷ്യാനെറ്റ് അടക്കം താന്‍ ചെയര്‍മാനായിരിക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ കാവിവത്ക്കരണം നടപ്പാക്കാനുള്ള രാജീവ് ചന്ദ്രശേഖരന്റെ നീക്കം ചാനലിനെ മാധ്യമപ്രവര്‍ത്തകരില്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ട്. കന്നഡ ചാനലായ സുവര്‍ണ്ണയിലേയും ന്യൂസബിള്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലേയും സംഘ്പരിവാര്‍ ചായ്‌വുള്ള വാര്‍ത്തകളും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഭാവിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ നിലപാടുകളിലും മാറ്റം വരുമോ എന്ന ആശങ്കയും ജീവനക്കാര്‍ക്കുണ്ട്.

news 18ന്യൂസ് 18 കേരളം ചാനലിന്റെ തുടക്കത്തില്‍ പ്രമോദ് രാഘവനായിരുന്നു ചുമതല. എന്നാല്‍ ജയ്ദീപ്, രാജീവ് ദേവരാജ്, ശ്രീലാല്‍, ബി ദിലീപ്കുമാര്‍ എന്നിവരെത്തിയതോടെ വാര്‍ത്താചുമതലയില്‍ നിന്നും പ്രമോദ് രാഘവനെ മാറ്റുകയായിരുന്നു. ഇതോടെ ചാനലിന്റെ വാര്‍ത്താനിലപാടുകളിലും മാറ്റം വന്നിട്ടുണ്ട്. പ്രമുഖരെ കൂടി ചാനലിലേക്ക് എത്തിക്കുന്നതോടെ ചാനല്‍ അടുത്ത മാസം വീണ്ടും റീലോഞ്ച് ചെയ്‌തേക്കും.

Read More >>