ഇന്ത്യ കുരയ്ക്കും പക്ഷെ കടിക്കില്ല; ഇന്ത്യയേയും ഇന്ത്യക്കാരേയും വിമര്‍ശിച്ചു ചൈനീസ്‌ ദേശീയ ദിനപത്രം

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളോട് മല്‍സരിക്കാനുള്ള ഗുണമേന്‍മയില്ലയെന്നും വ്യാപാരമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യയ്ക്കാകില്ലയെന്നും ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നു

ഇന്ത്യ കുരയ്ക്കും പക്ഷെ കടിക്കില്ല; ഇന്ത്യയേയും ഇന്ത്യക്കാരേയും വിമര്‍ശിച്ചു ചൈനീസ്‌ ദേശീയ ദിനപത്രം

ബീജിംഗ് : ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്നതില്‍ നിന്നും പാകിസ്ഥാനെ സംരക്ഷിക്കുന്ന നിലപാട് തുടരുന്ന സാഹചര്യത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നു ഇന്ത്യയിലെ വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നത്തിനു തൊട്ടു പിന്നാലെ ഇന്ത്യയ്ക്ക് കുരയ്ക്കാന്‍ മാത്രമേ അറിയൂവെവെന്ന പ്രകോപനപരമായ പ്രസ്താവനയുമായി ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ്  രംഗത്ത്.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളോട് മല്‍സരിക്കാനുള്ള ഗുണമേന്‍മയില്ലയെന്നും വ്യാപാരമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യയ്ക്കാകില്ലയെന്നും  ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ, സ്വന്തം രാജ്യത്തെ ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നടത്തുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി അപ്രായോഗികമാണെന്ന് പറയുന്ന പത്രം അഴിമതി കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ നിക്ഷേപം നടത്തരുതെന്നും ചൈനീസ് കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ഇന്ത്യക്കാര്‍ കഠിനാധ്വാനികളല്ലെന്നും പത്രം കൂട്ടിചേര്‍ക്കുന്നു.

മികച്ച റോഡുകളോ, ദേശീയപാതകളോ നിര്‍മ്മിക്കാനോ, ദീര്‍ഘകാലമായ ഊര്‍ജ്ജ, ജല ദൗര്‍ലഭ്യം പരിഹരിക്കാനോ ഇന്ത്യയ്ക്കായിട്ടില്ല. ഇന്ത്യയിലെ പണത്തിന്റെ ബഹുഭൂരിപക്ഷവും രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, ഏതാനും വന്‍കിട മുതലാളിമാര്‍ എന്നിവരുടെ കൈവശമാണ്. ഇവര്‍ രാജ്യത്തിനായി പണം ചെലവഴിക്കുന്നില്ല.പത്രം കുറ്റപ്പെടുത്തുന്നു.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും പത്രം വിമര്‍ശിക്കുന്നു. അമേരിക്ക ആരുടെയും സുഹൃത്തല്ല. ചൈനയുടെ വികസനത്തിലും ആഗോള ശക്തിയായി വളരുന്നതിലും അസൂയ പൂണ്ടാണ് അമേരിക്ക ഇന്ത്യയുമായി കൈകോര്‍ക്കുന്നത്. പത്രം പറഞ്ഞു നിര്‍ത്തുന്നു.