സ്വാശ്രയ വിഷയത്തിൽ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷത്തേയും മാനേജുമെന്റുകളെയും വിമര്‍ശിച്ചു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

സ്വാശ്രയ വിഷയത്തിൽ പിടിവാശിയില്ലെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ വാക് പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയും ദുരഭിമാനവുമാണ് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷത്തേയും മാനേജുമെന്റുകളേയും വിമര്‍ശിച്ചു.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ പിടിവാശി മൂലമല്ല പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത്. പിടിവാശി പ്രതിപക്ഷത്തിനാണ്. മാനേജ്‌മെന്റുകളുമായി സംസാരിക്കണമെന്നത് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കരാറില്‍ നിന്ന് പിന്മാറില്ല എന്നാണ് മാനേജ്‌മെന്റുകള്‍ നിലപാടെടുത്തത്. ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റുകളാണെന്നും പുതിയ നിര്‍ദ്ദേശങ്ങളില്ലാതിരുന്നത് കൊണ്ടാണ് യോഗം പിരിഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു. വെറും 30 കുട്ടികള്‍ക്ക് വേണ്ടിയാണോ സഭ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.


സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയോടും സെക്രട്ടറിയോടും മോശമായി പെരുമാറിയെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് വെറും കെട്ടുകഥയാണ്.

ഇന്ന് സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബഹളത്തേത്തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് സമീപത്ത് എത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. സമാധാനം പാലിക്കാനും സഭാനടപടികളില്‍ സഹകരിക്കാനും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നതിനാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാശ്രയ പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇന്നലെ സ്വാശ്രയ മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി വഷളായതോടെ നിരാഹാരമനുഷ്ഠിച്ചിരുന്ന എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റുകയും എംഎല്‍എമാരായ വി.ടി ബല്‍റാമും റോജി എം. ജോണും നിരാഹാരസമരം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. പൂജ അവധിയും കഴിഞ്ഞ് ഇനി 17 നായിരിക്കും സഭ സമ്മേളിക്കുക.

Read More >>