ഐഎസ്എല്ലില്‍ അയല്‍പക്ക പോരാട്ടം; ചെന്നൈയിനും ബ്ലാസ്‌റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍

ചെന്നൈയിൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. ഇത്തവണ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് നേടിയ ചെന്നൈയിൻ എഫ്.സി നാലാം സ്ഥാനത്തും ആറു കളികളിൽ നിന്ന് എട്ടു പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്തുമാണ്.

ഐഎസ്എല്ലില്‍ അയല്‍പക്ക പോരാട്ടം; ചെന്നൈയിനും ബ്ലാസ്‌റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്ന് ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ആദ്യ സീസണിലെ സെമിഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയ ചെന്നൈയുമായി കേരള ബ്‌ളാസ്റ്റേഴ്‌സ് മൂന്നാം സീസണിൽ ആദ്യമായിട്ടാണ് ഏറ്റുമുട്ടുന്നത്. ആദ്യ സീസണിൽ മഞ്ഞപ്പടയോട് സെമിയിൽ തോറ്റ് പുറത്തായ ചെന്നൈയിൻ  എഫ്.സി കഴിഞ്ഞ സീസണിലെ കിരീടജേതാക്കളാണ്.

ചെന്നൈയിൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. ഇത്തവണ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് നേടിയ ചെന്നൈയിൻ എഫ്.സി നാലാം സ്ഥാനത്തും ആറു കളികളിൽ നിന്ന് എട്ടു പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്തുമാണ്.


സീസണിൽ ഓരോ മത്സരം കഴിയുന്തോറും മഞ്ഞപ്പട മെച്ചപ്പെട്ടുവരുന്നതിൽ കോച്ച് സ്റ്റീവ് കോപ്പലും ടീം മാനേജ്‌മെന്റും ആത്മവിശ്വാസത്തിലാണ്. ആർക്കും എളുപ്പം കീഴടങ്ങാൻ കഴിയാത്ത പ്രതിരോധം തന്നെയാണ് കേരളത്തിന്റെ ശക്തി. ആദ്യമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും പിന്നീട് അത്ലറ്റികോ ഡി കൊൽക്കത്തയോടും ഏകപക്ഷീയമായ ഓരോ ഗോളുകൾക്ക് തോറ്റ ബ്‌ളാസ്റ്റേഴ്‌സ് പിന്നീട് ടൂർണമെന്റിൽ തോൽവി അറിഞ്ഞിട്ടില്ല.
ഡൽഹിയോട് കൊച്ചിയിൽ ഗോൾ രഹിതസമനില പാലിച്ചശേഷം അതേ ഗ്രൗണ്ടിൽ മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആദ്യവിജയം ആഘോഷിച്ചു. പിന്നീട് പൂനെയെ 1-1ന് സമനിലയിൽ കുരുക്കി.

കഴിഞ്ഞ മത്സരത്തിൽ ഗോവയ്‌ക്കെതിരെ ജയിക്കാനായത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. 2-1ന് ആയിരുന്നു ആ വിജയം. ഗോവൻ ഹോം ഗ്രൗണ്ടിൽ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടാംപകുതിയിൽ രണ്ട് ഗോളുകൾ മടക്കി ബ്‌ളാസ്റ്റേഴ്‌സ് ജയിച്ചുകയറിയത്. മലയാളി താരം മുഹമ്മദ് റാഫിയും ബെൽഫോർട്ടുമായിരുന്നു സ്‌കോറർമാർ. ആദ്യം ഗോൾ വഴങ്ങിയാലും തിരിച്ചുവരാനാകുമെന്ന് ബ്‌ളാസ്റ്റേഴ്‌സ് തെളിയിച്ച മത്സരം കൂടിയായിരുന്നു ഇത്.

ചെന്നൈ ഈ സീസണിൽ രണ്ട് വിജയങ്ങളാണ് നേടിയത്. ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും നോർത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് ചെന്നൈ തോൽപ്പിച്ചത്. ഡൽഹിയോട് മാത്രമാണ് പരാജയം രുചിച്ചത്. പൂനെ സിറ്റിയോടും അത്ലറ്റികോ ഡി കൊൽക്കത്തയുമായും  സമനിലയിൽ പിരിഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളിലായി ചെന്നൈയിനും ബ്‌ളാസ്റ്റേഴ്‌സും ആറുതവണ ഏറ്റുമുട്ടിയപ്പോൾ നാലുതവണ വിജയം ചെന്നൈയ്ക്കായിരുന്നു. ആദ്യസീസനിൽ നാല് തവണ ഏറ്റുമുട്ടി. പ്രാഥമിക റൗണ്ടിൽ രണ്ട് തവണയും ചെന്നൈ വിജയിച്ചപ്പോൾ ആദ്യപാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബ്‌ളാസ്റ്റേഴ്‌സ് ജയിച്ചു. രണ്ടാംപാദ സെമിയിൽ ചെന്നൈ 3-1ന് ജയിച്ചെങ്കിലും ഗോൾ ശരാശരി മികവിൽ കേരളം ഫൈനലിലെത്തി. രണ്ടാം സീസണിൽ ഒരു കളി ചെന്നൈ ജയിച്ചു. ഒരെണ്ണം സമനിലയിലായി.

മാർക്കോ മറ്റെരാസിയുടെ കീഴിലുള്ള ചെന്നൈയിൻ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുമ്പോൾ ചെന്നൈയുടെ ഹോം ഗ്രൗണ്ടിന് തീപിടിക്കുമെന്ന് ഉറപ്പ്. അയൽവാസികൾ തമ്മിൽ പോരാടുമ്പോൾ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണ്ണായകം കൂടിയാണ്. ആരു ജയിച്ചാലും പോയിന്റ് പട്ടികയിലും പ്രതിഫലനം ഉണ്ടാകും.

Read More >>