ആരാധകരേ ഇതാ ആ നായകന്‍; വയസ് 15

ചേതനെ ഇഷ്ടമില്ലാത്തവരായി ആരുമില്ല. അഞ്ചുസുന്ദരികളിലെ സേതുലക്ഷ്മിയുടെ കൂട്ടുകാരനായി തുടക്കമിട്ട് ഗപ്പിയിലൂടെ നായകനിലേയ്ക്കുയര്‍ന്ന 15 വയസുകാരന്‍ ചേതന്‍.

ആരാധകരേ ഇതാ ആ നായകന്‍; വയസ് 15

പ്രതീഷ് രമ

ഈ വര്‍ത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഗപ്പിയിലെ അഭിനയത്തിന് ചേതന് ബാലനടനുള്ള അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അത് വിവാദമാകുമെന്നുറപ്പ്. ചേതന്റെ ആരാധകര്‍ വെറുതെയിരിക്കുമെന്ന് കരുതണ്ട. നിങ്ങള്‍ നായകനാണോ അതോ വില്ലനോ എന്ന് ടൊവിനോയുടെ എഞ്ചിനീയര്‍ തേജസിനോട് ചോദിക്കുമ്പോള്‍ ചിരിക്കുന്ന ചിരിയിലെ ധ്വനി, ചേതന്റെ ഗപ്പി തന്നെയാണ് നായകനെന്നുറപ്പിക്കുന്നതാണ്. ആ നായകനെ പരിഗണിക്കാതെ ഒരവാര്‍ഡ് കമ്മറ്റിക്കും മുന്നോട്ട് പോകാനിവില്ല.


തിയേറ്ററില്‍ പോയി ഗപ്പി കാണാതിരുന്നവര്‍ ഡിവിഡിയിലൂടെയും ടൊറന്റിലൂടെയും ഗപ്പി കണ്ട് അന്തംവിട്ടിരിക്കുകയാണ്. ഗപ്പിയെന്ന കൊതുകിനെ പിടിക്കുന്ന മീനിനെ കാനയില്‍ വളര്‍ത്തി, ശരീരം തളര്‍ന്ന അമ്മയ്ക്കൊപ്പം അന്തോണിയപ്പന്‍ നഗറില്‍ താമസിക്കുകയാണ് ഗപ്പി. നിറയെ കൂട്ടുകാര്‍. അവരുടെ വികൃതികള്‍. അതിനിടയില്‍ ആമിനയോടുള്ള പ്രണയം. അപ്പോഴാണ് മേല്‍പ്പാലമുണ്ടാക്കാന്‍ തേജസ് വര്‍ക്കി എന്ന എഞ്ചിനീയറെത്തുന്നത്. ഗപ്പി വളര്‍ത്തി സ്വന്തം പേര് തന്നെ അതായി മാറിയ പയ്യനോട് താടി നീണ്ട തേജസ് വര്‍ക്കിക്ക് വൈരാഗ്യം. ഗപ്പിയെ ശരിയാക്കാന്‍ തേജസ് വര്‍ക്കി തീരുമാനിക്കുന്നു- ഗപ്പി സിനിമയുടെ കഥയങ്ങിനെ നീളുന്നു. മലയാളത്തിലിതേ വരെ കണ്ടിട്ടില്ലാത്ത ദൃശ്യഭാഷയിലടെ ഗപ്പി നീളുന്നു. ഗപ്പിയുടെ ചിരിയും കരച്ചിലും ദേഷ്യവും പ്രണയവുമെല്ലാം അവതരിപ്പിച്ച് ചേതന്‍ പ്രതിഭകളെ അമ്പരിപ്പിച്ചു. ഗപ്പിയിലൂടെ നിരവധി ആരാധകരും ചേതനു ചുറ്റും നിറഞ്ഞു. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റായ ഒപ്പത്തിലും ചേതനുണ്ട്.

chethan 4

ആദ്യസിനിമ അഭിനയത്തെക്കുറിച്ച ചേതന്‍ പറയുന്നതിങ്ങനെയാണ്. ''ബാച്ചിലര്‍ പാര്‍ട്ടിയിലെ അസിസ്റ്റന്‍ഡായിരുന്ന ജോമോന്‍ ചേട്ടന് പറഞ്ഞിട്ടാണ് ഓഡീഷന് പോയത്. അവര് പറഞ്ഞതുപോലെ ചെയ്തു. പേടിയൊന്നും തോന്നിയില്ല. അതിന് ശേഷം അമല്‍ സാര്‍ കാണണമെന്ന് അറിയിച്ചപ്പോള്‍ പോയി കണ്ടു. ആദ്യമായി ക്യാമറ കണ്ടപ്പോ പേടിയൊന്നും തോന്നിയില്ല. അമല്‍ സാറ് പറഞ്ഞപോലെ ചെയ്തു. അതിന്റെ സീരിയസ്വെസിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. പടം പുറത്തിറങ്ങിയപ്പോ എല്ലാരും കൊള്ളാമെന്നൊക്കെ പറഞ്ഞു. അപ്പോഴും ഇതൊന്നും വല്യ സംഭവമായി തോന്നിയില്ല.

അഞ്ചു സുന്ദരികളിലെ സേതു ലക്ഷ്മിയൊക്കെ കഴിഞ്ഞപ്പോ കുറേപ്പേരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. പിന്നെ ഗപ്പിയിലാണ് ക്ലിക്കായതെന്ന് തോന്നുന്നു. ആദ്യമായിട്ടാണ് ഒരു മുഴുനീള വേഷം ചെയ്യുന്നത്. സംവിധായകന്‍ ജോണ്‍ പോള്‍ ചേട്ടനും ടൊവീനോ ചേട്ടനുമൊക്കെ നന്നായി സഹായിച്ചു. എന്റെ ഇഷ്ടപ്പെട്ട സിനിമ ഗപ്പിയാണ്. ഗപ്പി ടൊരന്റിലും മൊബൈലിലും കണ്ട ആളുകളൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അവര് തീയേറ്ററില്‍ പോയി കണ്ടിരുന്നേല്‍ കുറച്ചുകൂടി സന്തോഷമായാനേ...''

വൈപ്പിന്‍ ഇടവനക്കാട് കെപിഎം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ചേതന്‍ കുറച്ചുകാലത്തേക്ക് സിനിമയ്ക്ക് അവധി നല്‍കിയിരിക്കുകയാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചേതന്‍ പറഞ്ഞു. ' പത്താംക്ലാസല്ലേ... പഠിക്കാനുണ്ട്. രാവിലെ ട്യൂഷന് പോകും അതുകഴിഞ്ഞ് ക്ലാസ് പിന്നെ ട്യൂഷന്‍, എല്ലാം കൂടെ കഴിഞ്ഞ് സമയം കിട്ടുന്നില്ല. പിന്നെ ആകയുള്ള ആശ്വാസങ്ങള്‍ ശനിയും ഞായറുമാണ്. അതു കുറെ പരിപാടികളുമായങ്ങ് പോകും. നേരത്തെ ക്രിക്കറ്റ് കളിക്കാനൊക്കെ പോകുമായിരുന്നു, കളിയൊക്കെ മുടങ്ങി. ചിലപ്പോഴൊക്കെ കൂട്ടുകാരുമൊത്ത് കറങ്ങാനൊക്കെ പോകും. ആതൊക്കെയാണ് രസം.'

chethan 6

സ്‌കൂളില്‍ ആരാധകരുണ്ടോ എന്ന ചോദ്യത്തിന് ചിരിയോടെയാണ് ചേതന്‍ മറുപടി പറഞ്ഞത്. ' ഹേയ് ആരാധകരൊന്നുമില്ലാ, എല്ലാരും ഫ്രണ്ട്‌സ് അല്ലേ ചേട്ടാ.. പിന്നെ എല്ലാവര്‍ക്കും വല്യ കാര്യമാണ്. സ്‌കൂളൊക്കെ അങ്ങനെ പോകുന്നു. ഒപ്പത്തില്‍ ഒരു ഇമോഷണല്‍ സീന്‍ ചെയ്തപ്പോള്‍ പ്രിയദര്‍ശന്‍ സാര്‍ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു. കൊള്ളാടാ എന്ന്. അന്ന് വളരെ സന്തോഷം തോന്നി. സങ്കടം എന്താന്ന് വെച്ചാല്‍ ആ സീന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. എഡിറ്റ് ചെയതപ്പോ ആ സീന്‍ വേണ്ടന്നു വെച്ചു.'

chethan 2

'ഗപ്പിയുടെ ഷൂട്ട് ഒക്കെ രസമായിരുന്നു. ഞങ്ങള് പിള്ളേരെല്ലാം ഒരുമുറിയിലായിരുന്നു. ശരിക്കും അടിച്ചുപൊളിച്ച് ചെയ്തതാണ് ഗപ്പി. ഞങ്ങളെല്ലാം നല്ല കൂട്ടായിരുന്നു. ടൊവീനോ ചേട്ടന്‍ അനിയനെപ്പോലെയാണ് എന്നെ ട്രീറ്റ് ചെയ്തത്.

trolകുറെ സംശയങ്ങളൊക്കെ ക്ലാരിഫൈ ചെയ്തത് ടൊവീനോ ചേട്ടനായിരുന്നു. ഗപ്പിയിലെ ഫ്രണ്ടസ് ഒക്കെ വിളിക്കാറുണ്ട്. പിന്നെ ഗൗരവ് (ജുഗ്രു) മിനോണ്‍ ഇവരുമായും നല്ല കൂട്ടാണ്. എപ്പോഴും കോണ്ടാക്ട് ചെയ്യുന്ന ഫ്രണ്ട്‌സ് ആണ് ജുഗ്രുവും മിനോണുമൊക്കെ.'

ഇടവനക്കാട് സ്വദേശി ജയലാലിന്റേയേും മനുജയുടെയും മകനായ ചേതന്‍ ഇതുവരെ 20 ചിത്രങ്ങളില്‍ അഭിനയിച്ചു. സഹോദരി ചിരുത തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. വലിയ കലാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ചേതന്‍ ഒരു കുഞ്ഞു ഗപ്പിയെ പോലെയാണ്.

Read More >>