ചന്ദ്രിക ദിനപത്രത്തില്‍ രണ്ടു മാസമായി ശമ്പളമില്ല; പ്രതിഷേധം ശക്തമായിട്ടും ലീഗിന് അനക്കമില്ല

രണ്ട് വര്‍ഷത്തിനിടെ ജോലിയില്‍ നിന്ന് വിരമിച്ചവർക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പിഎഫും വിതരണം ചെയ്തിട്ടില്ല. പിഎഫ് അടക്കാത്തതിനാല്‍ കേസ് നിലനില്‍ക്കുന്നുണ്ട്. മാനേജ്‌മെന്റ് പറഞ്ഞ ഓരോ അവധികളും കഴിഞ്ഞതോടെയാണ് ചന്ദ്രിക ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിയും സമരപരിപാടികളും മാസങ്ങളായി തുടരുകയാണ്.

ചന്ദ്രിക ദിനപത്രത്തില്‍ രണ്ടു മാസമായി ശമ്പളമില്ല; പ്രതിഷേധം ശക്തമായിട്ടും ലീഗിന് അനക്കമില്ല

കോഴിക്കോട്: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിലെ  ജീവനക്കാരുടെ ശമ്പളക്കുടിശിക പരിഹരിക്കാൻ കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലും തീരുമാനമായില്ല. ബക്രീദിനും ഓണത്തിനും പോലും ശമ്പളം വിതരണം ചെയ്യാൻ കഴിയാത്ത  സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലീഗു പത്രം കടന്നുപോകുന്നത്.  കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എഡിഷനുകളിലെ ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്. വാടകക്കുടിശിക കാരണം ചന്ദ്രികയുടെ വടകര ബ്യൂറോ അടുത്തിടെ പൂട്ടിയിരുന്നു.


രണ്ടു വര്‍ഷത്തിനിടെ ജോലിയില്‍ നിന്നു വിരമിച്ചവർക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പിഎഫും വിതരണം ചെയ്തിട്ടില്ല.  പിഎഫ് അടയ്ക്കാത്തതിനാല്‍ കേസ് നിലനില്‍ക്കുന്നുണ്ട്. മാനേജ്‌മെന്റ് പറഞ്ഞ ഓരോ അവധികളും കഴിഞ്ഞതോടെയാണ് ചന്ദ്രിക ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.  ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിയും സമരപരിപാടികളും മാസങ്ങളായി തുടരുകയാണ്.

കഴിഞ്ഞദിവസം കോഴിക്കോടുള്ള ചന്ദ്രികയുടെ ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ ജീവനക്കാരെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. നൂറിലധികം ജീവനക്കാരാണ് സമരരംഗത്തുള്ളത്. 200 ഓളം ജീവനക്കാര്‍ക്കാണ് രണ്ടുമാസത്തെ ശമ്പളം ലഭിക്കാനുള്ളത്. ഗള്‍ഫിലുള്‍പ്പെടെ 12 എഡിഷനുകളാണ് നിലവില്‍ ചന്ദ്രികയ്ക്കുള്ളത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ചന്ദ്രിക സെല്ലിന്റെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ തുടരുന്നുണ്ടെങ്കിലും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പതിവ് പല്ലവിക്കപ്പുറം മാനേജ്‌മെന്റ് ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. കെയുഡബ്ല്യൂജെ, കെഎന്‍എഫ് തുടങ്ങിയ സംഘടനകൾ സമരരംഗത്തുണ്ട്.  മുസ്ലിംലീഗ് നേതാക്കളാണ് ചന്ദ്രികയിലെ മാനേജ്‌മെന്റ് തലപ്പത്തുള്ളത്. ജീവനക്കാരുടെ പ്രതിനിധി പലതവണ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ശമ്പളം വൈകലിനെക്കൂടാതെ മാനേജ്‌മെന്റിന്റെ അവഗണനയും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടിയും ജീവനക്കാര്‍ പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു. ഒരുവര്‍ഷത്തോളമായി വളരെ വൈകിയാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഓഗസ്ത് നാലിനു ജീവനക്കാര്‍ ബാഡ്ജ് ധരിച്ച് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ഓഗസ്ത് അഞ്ചിനു നടന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലും ജീവനക്കാര്‍ക്കു നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.

ചന്ദ്രികയുടെ കോഴിക്കോടുള്ള പ്രസ്സും ഓഫീസും രാമനാട്ടുകരയിലേക്കു മാറ്റുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. മുസ്ലിംലീഗിന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് നില്‍ക്കുന്ന സ്ഥലം മുസ്ലിംലീഗ് നേതാവ് അബ്ദുല്‍ വഹാബിന് കൈമാറാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നീക്കം തുടങ്ങിയിരുന്നു. പകരം രാമനാട്ടുകരയില്‍ ഭൂമിയും കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്നും വഹാബ് പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.

അങ്ങനെ വന്നാല്‍ കോഴിക്കോട്, മലപ്പുറം എഡിഷന്‍ പത്രം അവിടെ നിന്ന് പ്രിന്റ് ചെയ്ത് രണ്ട് ജില്ലകളിലും വിതരണം ചെയ്യാന്‍ കഴിയും. വലിയ നഷ്ടം ഒഴിവാകുകയും ചെയ്യും. മാത്രമല്ല ഇപ്പോള്‍ ചന്ദ്രികയ്ക്കുള്ള അഞ്ച് കോടിയുടെ ബാധ്യത തീര്‍ക്കാമെന്നുമാണ് വഹാബ് പറഞ്ഞത്. എന്നാല്‍ ജീവനക്കാര്‍ക്ക് ഇതിനോട് താല്‍പര്യമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയപ്പെടുന്നു. എന്തായാലും വരുംദിവസങ്ങളില്‍ പ്രശ്‌നപരിഹാരമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.

ചിത്രത്തിനു കടപ്പാട് : ഡൂൾ ന്യൂസ്

Read More >>