ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ പാക്കിസ്ഥാനെ കശക്കിയെറിഞ്ഞ് ഇന്ത്യൻ ജയം

പ്രദീപ് മോർ, രൂപേന്ദർ പാൽ സിങ്, രമൺദീപ് സിങ് എന്നിവരുടെ ഗോളിലാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ പാക്കിസ്ഥാനെ കശക്കിയെറിഞ്ഞ് ഇന്ത്യൻ ജയം

കുന്തൻ (മലേഷ്യ): മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ടീം ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മലയാളിയായ ക്യാപ്റ്റൻ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചത്. അതിർത്തിയിൽ അസ്വസ്ഥത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരവും ആരാധകർ
ആവേശത്തോടെയാണ് വീക്ഷിച്ചത്.

ടൂർണമെന്റിനായി മലേഷ്യയിലേയ്ക്ക് തിരിക്കും മുൻപേ ഇന്ത്യൻ ക്യാപ്റ്റൻ ശ്രീജേഷ് പാകിസ്ഥാനുമായുള്ള മത്സരം എന്തു വില കൊടുത്തും ജയിക്കുമെന്നും ആ വിജയം അതിർത്തിയിലെ സൈന്യത്തിന് സമര്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു. വിജയത്തോടെ ശ്രീജേഷ് വാക്കുപാലിച്ചു. കളിയിൽ 2-1ന് പിന്നിലായിരുന്ന  ഇന്ത്യ പിന്നീട് രണ്ട് ഗോളുകൾ കൂടി തിരിച്ചടിച്ചാണ് വിജയം കരസ്ഥമാക്കിയത്.


യുവ സ്‌ട്രൈക്കർ പ്രദീപ് മോർ, പരിചയ സമ്പന്നരായ രൂപേന്ദർ പാൽ സിംഗ്, രമൺദീപ് സിംഗ് എന്നിവരുടെ ഗോളുകൾക്കാണ് പാകിസ്ഥാനെതിരെ ടീം ഇന്ത്യ വിജയം കുറിച്ചത്. കഴിഞ്ഞ രണ്ട് തവണയും കിരീടം നേടിയിരുന്ന പാകിസ്ഥാനെ ഇന്ത്യൻ സംഘം കീഴ്‌പ്പെടുത്തിയെന്നതും പ്രാധാന്യം അർഹിക്കുന്നു. 22-ആം മിനിറ്റിൽ തന്റെ കന്നി അന്താരാഷ്ട്ര ഗോളിലൂടെ പ്രദീപ് കുമാർ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. പ്രദീപിന്റെ 13-ആം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. 31-ആം മിനിറ്റിൽ മുഹമ്മദ് റിസ്വാനും 39-ആം മിനിറ്റിൽ ജൂനിയർ  മുഹമ്മദ് ഇർഫാനും നേടിയ ഗോളുകൾക്ക് മത്സരത്തിൽ പാകിസ്ഥാൻ മുന്നിലെത്തി.

എന്നാൽ 41-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് രൂപേന്ദർ കളി സമനിലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റിലാണ് രമൺദീപ് വിജയഗോൾ നേടിയത്. കളിയുടെ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട പാകിസ്ഥാനെതിരെ കൃത്യതയാർന്ന പ്രതിരോധവും ഒത്തിണക്കത്തോടെയുള്ള മുന്നേറ്റവും കാഴ്ച വച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യ മിനിറ്റിൽ തന്നെ ആദ്യ പെനാൽറ്റി കോർണർ നേടിയെടുത്ത പാകിസ്ഥാനെതിരെ തുടരെത്തുടരെ  മികച്ച സേവുകളുമായി ക്യാപ്റ്റൻ ശ്രീജേഷ് മുന്നിൽ നിന്ന് നയിച്ചു. നാലാം മിനിറ്റിൽ പാകിസ്ഥാൻ വീണ്ടും അപകടം ഉയർത്തിയെങ്കിലും പ്രതിരോധം ഉണർന്നു പ്രവർത്തിച്ചു. തുടക്കത്തിലെ പാകിസ്ഥാന്റെ വീരം അൽപ്പം ശമിച്ചപ്പോൾ തക്കം മുതലെടുത്ത് പ്രദീപിലൂടെ
ഇന്ത്യ സ്‌കോർ ചെയ്തു. 11-ആം മിനിറ്റിൽ തൽവീന്ദർ ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച ഒരവസരം പാഴാക്കിയിരുന്നു. 22-ആം മിനിറ്റിൽ ഒരു പാക് ഡിഫൻഡറുടെ സ്റ്റിക്കിൽ തട്ടിത്തെറിച്ച പന്താണ് അസാദ്ധ്യമായ ആംഗിളിൽ നിന്ന് പ്രദീപ് വലയിൽ കയറ്റിയത്.

ഇതോടെ വീണ്ടും ആക്രമണത്തിന് മൂർച്ച കൂട്ടിയ പാകിസ്ഥാൻ എട്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ഗോളുകൾ നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച ഏക പെനാൽറ്റി കോർണർ ഗോളാക്കി രൂപേന്ദർ തിരിച്ചടിച്ചു. തൊട്ടു പിന്നാലെ രമൺദീപ് കൂടി സ്‌കോർ ചെയ്‌തോടെ ഇന്ത്യൻ പ്രതിരോധം തങ്ങളുടെ സർവ്വശക്തിയും പുറത്തെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ആറ് രാഷ്ട്രങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ ഇന്ത്യയുടെ രണ്ടാം വിജയമാണിത്.

Read More >>