സഞ്ജു സാംസന് സെഞ്ച്വറി, കേരളം ശക്തമായ നിലയിൽ

ഏഴു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ്, ജലജ് സക്‌സേനയ്ക്ക് അർദ്ധസെഞ്ച്വറി

സഞ്ജു സാംസന് സെഞ്ച്വറി, കേരളം ശക്തമായ നിലയിൽ

കല്യാണി: രഞ്ജി ട്രോഫിയിൽ ജമ്മു കാശ്മീരിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യദിനം കളി നിറുത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ കേരളം 263 റൺസ് നേടി. ടോസ് നേടിയ ജമ്മു കാശ്മീർ കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പുറത്താകാതെ സെഞ്ച്വറി നേടിയ സഞ്ജു സാംസനും (129) അർദ്ധ സെഞ്ച്വറി നേടിയ ജലജ് സക്‌സേനയുമാണ് (69) കേരള ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്.

പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫീൽഡിംഗ് തിരഞ്ഞെടുത്ത കാശ്മീർ ക്യാപ്ടൻ പർവേസ് റസൂലിന്റെ തീരുമാനം ശരിവയ്ക്കുംവിധമായിരുന്നു കളിയുടെ തുടക്കം.


നാലു റൺസെടുത്ത കേരള ഓപ്പണർ ഭവിൻ ജെ. താക്കറിനെ മൂന്നാം ഓവറിൽ തന്നെ നഷ്ടമായി. സമിയുള്ള ബീഗിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നീട് വൺ ഡൗണായി ഇറങ്ങിയ രോഹൻ പ്രേമിനും പിടിച്ചുനിൽക്കാനായില്ല. മൂന്നു പന്തുകൾ നേരിട്ട് ഒരു റൺ എടുത്ത രോഹനെ കാശ്മീർ ബൗളർ രാം ദയാൽ വിക്കറ്റ് കീപ്പർ പുനിത് ബിഷ്ടിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സഞ്ജു സാംസനും ഓപ്പണർ ജലജ് സക്‌സേനയും ഒരുമിച്ച് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസ് എന്ന തകർച്ചയിൽ നിന്നും കരകയറ്റിയാണ് ജലജ് സക്‌സേന - സഞ്ജു കൂട്ടുകെട്ട് പിരിഞ്ഞത്. 30-ആം ഓവറിൽ സ്‌കോർ 106ൽ നിൽക്കെ ജലജ് സക്‌സേന പുറത്താകുമ്പോൾ ആ കൂട്ടുകെട്ടിൽ 97 റൺസ് പിറന്നിരുന്നു. സമിയുള്ളയുടെ ഓവറിൽ പ്രണവ് ഗുപ്തയുടെ കൈകളിൽ പന്ത് എത്തിച്ചാണ് സക്‌സേന പുറത്തേക്ക് പോയത്.

ജലജ് പുറത്തായ ശേഷം ക്രീസിലെത്തിയ യുവതാരം സച്ചിൻ ബേബിക്ക് പക്ഷെ പിടിച്ചുനിൽക്കാനായില്ല. എട്ടു പന്തുകൾ നേരിട്ട സച്ചിൻ ബേബി റൺസൊന്നും എടുക്കാതെ പുറത്തായി. പിന്നീട് ക്രീസിലെത്തിയ റോബർട്ടിന് മൂന്നു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഉമർ നസീറിന്റെ പന്തിൽ വിക്കറ്റ് കീപ്പറുടെ കൈകളിൽ കുടുങ്ങിയ റോബർട്ടിനും പുറത്തേക്കുള്ള വഴിയൊരുങ്ങി.

പിന്നീട് ക്രീസിലെത്തിയ ഇഖ്ബാൽ അബ്ദുള്ളയും മോനിഷ് കരേപറമ്പിലും 14 റൺസ് വീതമേ കൂട്ടിച്ചേർത്തുള്ളൂ എങ്കിലും സഞ്ജു സാംസന് മികച്ച പിന്തുണ നൽകാനായി. ഇഖ്ബാലിനെ രാം ദയാലും മോനിഷിനെ സമിയുള്ളയുമാണ് ഡ്രസിംഗ് റൂമിലെത്തിച്ചത്. പിന്നീടെത്തിയ മനു കൃഷ്ണൻ ആറു റൺസോടെ സഞ്ജുവിനോടൊപ്പം ക്രീസിലുണ്ട്. കാശ്മീരിന് വേണ്ടി സമിയുള്ള നാലു വിക്കറ്റും രാം ദയാൽ രണ്ട് വിക്കറ്റും ഉമർ നസീർ ഒരു വിക്കറ്റും നേടി. ഈ സീസനിലെ രഞ്ജി മത്സര ഷെഡ്യൂളിൽ കേരളം ഹൈദരാബാദ്, ഹരിയാന, ഹിമാചൽ പ്രദേശ്, ത്രിപുര, സർവീസസ്, ഗോവ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ ആണ്.(Image Courtesy: espncricinfo.com)

Read More >>