കന്നുകാലികളെ ഇനി ഒഎല്‍എക്‌സിലൂടെ വില്‍ക്കാം; ഇതാ ഒരു അനുകരണീയ മാതൃക

ഒഎല്‍എക്‌സ് എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡ്‌സ് സൈറ്റിലൂടെ കന്നുകാലി വിപണനം എന്ന ആശയം കൊണ്ടുവന്ന രാകേഷ് ഖാത്രിയെ പരിചയപ്പെടാം

കന്നുകാലികളെ ഇനി ഒഎല്‍എക്‌സിലൂടെ വില്‍ക്കാം; ഇതാ ഒരു അനുകരണീയ മാതൃക

പ്രമുഖ ഓണ്‍ലൈന്‍ ക്ലാസിഫൈഡ്‌സ് സൈറ്റായ ഒഎല്‍എക്‌സിലൂടെ വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. പ്രധാനമായും വാഹനങ്ങളും ഇലക്ട്രോണിക്‌സ് സാധനങ്ങളും റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങളുമൊക്കെയാണ് സൈറ്റ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ കന്നുകാലി കര്‍ഷകനായ ഹരിയാന സ്വദേശി രാകേഷ് ഖാത്രിക്ക് ഒഎല്‍എക്‌സിനെ അങ്ങനെ 'വരേണ്യ'രുടെ സൈറ്റായി വിടുന്നതിനോട് എതിര്‍പ്പായിരുന്നു. മാത്രമല്ല തൊഴുത്തില്‍ ബ്രോക്കര്‍മാര്‍ വന്ന് പശുവിന്റേയും എരുമയുടേയുമൊന്നും കണക്കെടുത്ത് നാടുമുഴുവന്‍ നടന്ന് കച്ചവടം പിടിക്കുന്ന പഴഞ്ചന്‍ രീതിയോടും അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു.


പിന്നെ കൂടുതലൊന്നും ആലോചിക്കാതെ രാകേഷ് ഖത്രി താന്‍ വില്‍ക്കാനും വാങ്ങാനുമുദ്ദേശിക്കുന്ന കന്നുകാലികളുടെ വിവരം ഒഎല്‍എക്‌സില്‍ കൊടുത്തു. കഴിഞ്ഞ നാല് മാസം മുമ്പാണ് ഈ സംഭവം. ഇതിനകം സൈറ്റ് വഴി രാകേഷ് 25 പശുക്കളേയും എരുമകളേയുമാണ് വിറ്റത്. ഈ ഇടപാടിലൂടെ താന്‍ ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. രാകേഷിന്റെ ഹൈടെക് വില്‍പന കണ്ട് അദ്ദേഹത്തെ പരിചയമുള്ള മറ്റ് വ്യാപാരികളും ഒഎല്‍എക്‌സില്‍ പരസ്യം കൊടുത്ത് ഹൈടെക് മാതൃകയിലേക്ക് മാറി.

രാകേഷിന്റെ പരസ്യം കണ്ട് പശുക്കളെ വാങ്ങാനെത്തിയ അശോക്, ബാബു എന്നീ കന്നുകാലി വ്യാപാരികള്‍ തങ്ങള്‍ ഇഷ്ടപ്പെട്ട കന്നുകാലികള്‍ക്കായി ഏറെ അലഞ്ഞതായും സൈറ്റ് വഴി കണ്ടെത്താനായത് വളരെ ഉപകാരപ്രദമാണെന്നും പറഞ്ഞു. കന്നുകാലികളുടെ ചിത്രങ്ങളും വിവരണങ്ങളും സൈറ്റില്‍ അപ്‌ലോഡുചെയ്യുന്നത് ഈ മേഖലയിലെ വില്‍പന എളുപ്പമാക്കിയതായി രാകേഷ് പറഞ്ഞു.

Read More >>