ക്രിസ്ത്യാനികള്‍ക്കും ഇനി മൃതദേഹം ദഹിപ്പിക്കാം; മാമൂലുകളെ മറികടന്ന് പോപ്പ്

വിപ്ലവകരമായ പല നടപടികള്‍ക്കും തുടക്കം കുറിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഏറ്റവുമൊടുവില്‍ വിശ്വാസികള്‍ക്ക് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുകയാണ്.

ക്രിസ്ത്യാനികള്‍ക്കും ഇനി മൃതദേഹം ദഹിപ്പിക്കാം; മാമൂലുകളെ മറികടന്ന് പോപ്പ്

ക്രിസ്ത്യന്‍ വിശ്വാസപ്രകാരം മൃതദേഹം സെമിത്തേരയില്‍ അടക്കം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ പല പതിവുകളും തെറ്റിക്കാന്‍ ആഹ്വാനം ചെയ്ത 'വിപ്ലവ മാര്‍പ്പാപ്പ' മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തിലും വിപ്ലവകരമായ നിര്‍ദേശങ്ങളുമായി രംഗത്തെത്തി. മൃതദേഹം കുഴിച്ചിടാതെ ദഹിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മൃതദേഹം കത്തുന്ന ചാരം എവിടെയെങ്കിലും ഉപേക്ഷിക്കുകയോ വീട്ടില്‍ സൂക്ഷിച്ചുവയ്ക്കുകയോ ചെയ്യരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചാരം 'പരിശുദ്ധമായ' സ്ഥലത്ത് ഭദ്രമായി സൂക്ഷിച്ചു വയ്ക്കാനാണ് ഉത്തരവ്.


2,000 വര്‍ഷങ്ങളായുള്ള സഭാചരിത്രത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ മാത്രമായിരുന്നു അനുമതി.  ക്രിസ്ത്യന്‍ വിശ്വാസപ്രകാരമുള്ള പുനരുത്ഥാന വേളയില്‍ ഉയിര്‍പ്പിക്കപ്പെടുന്നതിനാണ് ഇത്തരത്തില്‍ മൃതദേഹം കുഴിച്ചിടുന്നതെന്നായിരുന്നു ഇക്കാര്യത്തിലുള്ള വിശ്വാസം. 'എല്ലാ ആത്മാക്കളുടേയും ദിവസമായ' നവംബര്‍ രണ്ടിന് മുന്നോടിയായാണ് പുതിയ പ്രഖ്യാപനം. അതേസമയം സഭ ഇപ്പോഴും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ദഹിപ്പിക്കുന്നത് മൃതദേഹങ്ങള്‍ 'കൂടുതലായി നശിക്കുന്നതിന്' കാരണമാകുമെന്നും വത്തിക്കാന്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു.അതേസമയം 1963ല്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള അനുമതി സഭ നല്‍കിയിട്ടുണ്ട്‌.

സാമ്പത്തികവും ജൈവികമായുമുളള കാരണങ്ങളാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് വിശ്വാസികളിലെ ഒരു വിഭാഗം നിരന്തരമായി ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ ചാരം വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കാനും ഇതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദശങ്ങളില്‍ വ്യക്തമാക്കുന്നു.

Read More >>