കെ എം എബ്രഹാമിനോടുളള ചൊരുക്ക് പുതിയതല്ല; സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ഇടതും വലതും ഒറ്റക്കെട്ടായത് കശുവണ്ടി അഴിമതി തുറന്നു കാട്ടിയപ്പോൾ

ഇടതു വലതു ഭേദമെന്യേ കെ എം അബ്രഹാമിനോട് ചൊരുക്കുളളവരാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ. അദ്ദേഹത്തെ സസ്പെൻഡു ചെയ്യണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ നടത്തിയ നിരാഹാരസമരത്തെ പന്തലിലെത്തി പിന്തുണച്ച ചരിത്രം ഇന്നത്തെ മുഖ്യമന്ത്രിയ്ക്കുണ്ട്.

കെ എം എബ്രഹാമിനോടുളള ചൊരുക്ക് പുതിയതല്ല; സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ഇടതും വലതും ഒറ്റക്കെട്ടായത് കശുവണ്ടി അഴിമതി തുറന്നു കാട്ടിയപ്പോൾ

തിരുവനന്തപുരം: അസാധാരണമായ ഒരു സന്ദർശനമായിരുന്നു അത്. ധനകാര്യസെക്രട്ടറി ഡോ കെ എം എബ്രഹാമിനെ സസ്പെൻഡു ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റു പടിക്കൽ നിരാഹാരമിരുന്ന ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ സന്ദർശിക്കാൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെത്തി. 2015 ആഗസ്റ്റ് 12നായിരുന്നു ആ അപൂർവസംഗമം.

തൊട്ടടുത്ത മാസം കശുവണ്ടി വികസന കോർപറേഷനിലെ ക്രമക്കേടുകളും അഴിമതിയും സിബിഐ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കോർപറേഷൻ എംഡി കെ എ രതീഷിനെ സർക്കാർ തൽസ്ഥാനത്തു നിന്നു നീക്കി. പകരം, കോഴിക്കോട് കളക്ടറായിരുന്ന ഹിമാംശു കുമാർ റായിയ്ക്കു ചാർജു നൽകി. ചെയർമാൻ സ്ഥാനത്തു നിന്ന് ആർ ചന്ദ്രശേഖരൻ രാജിവെച്ചു. ഒപ്പം ബോർഡിലെ സിഐടിയു, എഐടിയുസി അംഗങ്ങളും.


കോർപറേഷനിലെ ക്രമക്കേടുകൾ തുറന്നു കാട്ടിയ നിശിതമായ റിപ്പോർട്ടാണ് ധനവകുപ്പു സെക്രട്ടറി കെ എം എബ്രഹാം കേരള ഹൈക്കോടതിയ്ക്കു സമർപ്പിച്ചത്. അഴിമതി സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ശുപാർശ നൽകി. ഇതിൽ പ്രകോപിതനായാണ് കെ എം എബ്രഹാമിനെ സസ്പെൻഡു ചെയ്യണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരൻ സെക്രട്ടേറിയറ്റു പടിക്കൽ നിരാഹാരമിരുന്നത്. കോർപറേഷനു സർക്കാർ അനുവദിച്ച ധനസഹായം ധനവകുപ്പു സെക്രട്ടറി തടഞ്ഞുവെയ്ക്കുന്നു എന്നൊരു പരാതിയും മേമ്പൊടിയ്ക്കായി ഉയർത്തിയിരുന്നു.

ഈ സമരത്തിനാണ് സിപിഐഎം സർവാത്മനാ പിന്തുണ നൽകിയത്. സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ ആദ്യ ദിവസം തന്നെ ചന്ദ്രശേഖരനെ സന്ദർശിച്ചു. തൊട്ടു പിറ്റേന്ന് പിണറായി വിജയനും ടി.പി. രാമകൃഷ്ണനും സമരപ്പന്തൽ സന്ദർശിച്ചു.

കെ എം എബ്രഹാമിനെതിരെ ഇടതും വലതും ഒന്നിച്ചതിനു കാരണമുണ്ട്

km-abraham-reportകശുവണ്ടി വികസന കോർപറേഷനിലെ തീവെട്ടിക്കൊളളയിൽ ഇടതു വലതു പങ്കാളിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് തന്റെ റിപ്പോർട്ടിൽ എബ്രഹാം കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചത്. 2008 മുതൽ 2012 വരെ കോർപറേഷൻ വാങ്ങിയ തോട്ടണ്ടിയുടെ ശരാശരി 95 ശതമാനവും കോട്ടയത്തെ ജെഎംജെ ട്രേഡേഴ്സ് എന്ന ഒറ്റക്കമ്പനിയിൽ നിന്നാണ്. ഈ സ്ഥാപനത്തിന്റെ കുത്തകയാണ് നിലനിന്നിരുന്നത് എന്ന് അന്വേഷണം നടത്തിയവരെല്ലാം കണ്ടെത്തി.

ഗിനിസാവോ തോട്ടണ്ടിയുടെ ഇറക്കുമതി കെ എം എബ്രഹാമിന്റെ റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ജെഎംജെ ട്രേഡേഴ്സ് മാത്രമാണ് ഇ - ടെൻഡറിൽ പങ്കെടുത്തത്. ടെൻഡറിൽ ഒരാൾ മാത്രമാണ് പങ്കെടുത്തതെങ്കിൽ റീ ടെൻഡർ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതു കാറ്റിൽപ്പറത്തി ചെയർമാൻ ആർ ചന്ദ്രശേഖരനും എം ഡി കെ എ സതീഷും ചേർന്ന് ജെഎംജെക്കാരുമായി വിലപേശി. കച്ചവടവും ഉറപ്പിച്ചു.

നിയമവിരുദ്ധമായ ഈ ടെൻഡറിന് പിന്നീട് ബോർഡിലെ ഒമ്പത് അംഗങ്ങളും ഒപ്പുവെച്ച് സാധുത നൽകി. ഗുരുതരമായ ക്രമക്കേടാണിതെന്നും നിലവിലുളള എല്ലാ മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്നും ഒമ്പത് അംഗങ്ങൾക്കുമെതിരെ നടപടിയെടുക്കണമെന്നും എബ്രഹാം റിപ്പോർട്ടു നൽകി.

തൊഴിലാളികളെ വഴിയാധാരമാക്കി കോർപറേഷൻ ഭരണം, ക്രമക്കേടു ചൂണ്ടിക്കാട്ടിയാൽ സമരം

പിരിഞ്ഞുപോയ തൊഴിലാളികൾക്കുളള ആനുകൂല്യങ്ങളിൽ വൻതുകയുടെ കുടിശികയാണ് നിലനിൽക്കുന്നത് എന്ന് അഴിമതി അന്വേഷിച്ച വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. ഒരുവശത്ത് തൊഴിലാളികളോട് മനുഷ്യത്വവിരുദ്ധമായി പെരുമാറുമ്പോഴാണ് മറുവശത്ത് അഴിമതിയും വഴിവിട്ട ചെലവുകളും ധൂർത്തും അരങ്ങേറിയതെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

ഗ്രാറ്റുവിറ്റി ഇനത്തിൽ 55 കോടിയാണ് കുടിശിക. പ്രോവിഡൻറ് ഫണ്ട്, ഇഎസ്ഐ ആനുകൂല്യങ്ങളിൽ 10 കോടി. തൊഴിലാളികൾക്കുളള നിയമപരമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാൻ ഒരു ശ്രമവും ബോർഡ് നടത്തിയില്ല. വിനിയോഗിക്കപ്പെടാതെ ശേഷിച്ച 30 കോടിയിൽ പരം രൂപയിൽ വിവിധ ബാങ്ക് അക്കൌണ്ടുകളിലായി അവശേഷിച്ചത് രണ്ടു കോടിയോളം രൂപയാണ്. ബാക്കി തുക മുഴുവൻ മറ്റാവശ്യങ്ങൾക്ക് വകമാറ്റിയെന്നാണ് കണക്ക്. എന്നാൽ അതിൽനിന്ന് ഒരു രൂപ പോലും തൊഴിലാളികൾക്കുളള ആനുകൂല്യത്തിന്റെ കുടിശിക തീർക്കാൻ ഉപയോഗിച്ചതുമില്ല.

പരിശോധനയെ കൈയൂക്കു കൊണ്ടു ചെറുക്കാനും ശ്രമം

സർക്കാർ ഉത്തരവോടെ കശുവണ്ടി വികസന കോർപറേഷനിൽ പരിശോധന നടത്താനെത്തിയ ധനവകുപ്പുദ്യോഗസ്ഥരെ തടയാനും ശ്രമം നടന്നു. നിയമപരമായ പരിശോധനയ്ക്കെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ കൈയൂക്കു കൊണ്ടു ചെറുക്കാൻ സാധാരണഗതിയിൽ ഒരു ജീവനക്കാരനും സ്വന്തം നിലയിൽ തയ്യാറാവുകയില്ല. എന്നാൽ അതും നടന്നുവെന്ന് ഹൈക്കോടതിയ്ക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉത്തരവാദികളുടെ പേരെടുത്തു പറഞ്ഞ് നടപടിയ്ക്കു ശിപാർശ ചെയ്തിട്ടുണ്ട്.

ലെയിസൺ ഓഫീസർ ആർ രാജീവ്, അസിസ്റ്റൻറ് പേഴ്സണൽ മാനേജർ എ ഗോപകുമാർ, പേഴ്സണേൽ വകുപ്പിലെ എ സുധീർ, ഓഫീസ് അറ്റൻഡർ സുനിൽ എന്നിവരാണ് ഫിനാൻസ് വിഭാഗത്തിന്റെ പരിശോധന ചെറുക്കാൻ ശ്രമിച്ചതിന് നടപടിയ്ക്കു ശിപാർശ ചെയ്യപ്പെട്ട ജീവനക്കാർ. സർക്കാർ ചുമതലപ്പെടുത്തിയ ഒരു കമ്മിറ്റിയുടെ പ്രവർത്തനമാണ് ഇവർ തടഞ്ഞത്.

ഇടതു വലതു ഭേദമെന്യേ കെ എം അബ്രഹാമിനോട് ചൊരുക്കുളളവരാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ. അദ്ദേഹത്തെ സസ്പെൻഡു ചെയ്യണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ നടത്തിയ നിരാഹാരസമരത്തെ പന്തലിലെത്തി പിന്തുണച്ച ചരിത്രം ഇന്നത്തെ മുഖ്യമന്ത്രിയ്ക്കുണ്ട്. കടുത്ത അഗ്നിപരീക്ഷകളാണ് വരും നാളുകളിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്ന് നിശ്ചയമായും ഉറപ്പിക്കാം.

Read More >>