വിജിലൻസ് കോടതിയിൽ ജേണലിസ്റ്റുകളെ കൈയേറ്റം ചെയ്ത സംഭവം; പത്തു പേര്‍ക്കെതിരെ കേസ്‌

ഇന്നലെ ഇപി ജയരാജനെതിരെയുള്ള കേസ് പരിഗണിക്കുമ്പോഴാണ് സംഭവം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് ആര്‍.നായര്‍ നല്‍കിയ പരാതിയിലാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും വലിച്ചിഴച്ചതിനുമാണ് കേസ്

വിജിലൻസ് കോടതിയിൽ ജേണലിസ്റ്റുകളെ കൈയേറ്റം ചെയ്ത സംഭവം; പത്തു പേര്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം: വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നീ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്.

ഇന്നലെ ഇപി ജയരാജനെതിരെയുള്ള കേസ് പരിഗണിക്കുമ്പോഴാണ് സംഭവം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് ആര്‍.നായര്‍ നല്‍കിയ പരാതിയിലാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും വലിച്ചിഴച്ചതിനുമാണ് കേസ്. അഭിഭാഷകര്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശമുയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് കേസ് എടുത്തത്. കോടതിയില്‍ മാധ്യമപ്രവര്‍ത്തകനരെ തടയുന്നത് നിയമലംഘനമാണെന്നും അത് എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.


ഇന്നലെ ഇ.പി.ജയരാജനെതിരായ വിജിലന്‍സ് കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെയാണ് അഭിഭാഷകര്‍ ആക്രമിച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിനെ കോടതിമുറിക്കുള്ളിലും വരാന്തയിലും ഒരുകൂട്ടം അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലി. പി.ടി.ഐ. ന്യൂസിലെ ജെ.രാമകൃഷ്ണന്‍, എഷ്യാനെറ്റ് ന്യൂസിലെ സി.പി.അജിത, മനോരമ ന്യൂസിലെ ജസ്റ്റിന തോമസ്, ന്യൂസ് 18 കേരളയിലെ വിനോദ് എന്നിവരെ അഭിഭാഷകര്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

കോടതിവളപ്പിലുള്ള മീഡിയാ റൂമിന്റെ ബോര്‍ഡ് നശിപ്പിച്ച അഭിഭാഷകര്‍ അവിടെ ബാര്‍ അസോസിയേഷന്റെ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ജഡ്ജിക്കു മുന്നിലായിരുന്നു അഭിഭാഷകരുടെ അക്രമം. കേസ് പരിഗണനക്കെടുത്തപ്പോഴാണ് പുറത്തുനിന്ന് ഒരു കൂട്ടം അഭിഭാഷകര്‍ കോടതി മുറിയിലേക്ക് ഇരച്ചെത്തുകയും കോടതി മുറിയില്‍നിന്ന് ഇറങ്ങി പോയില്ലെങ്കില്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. കോടതികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിയുണ്ടെന്നു പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം തുടങ്ങി. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനെ കഴുത്തിനുപിടിച്ച് മര്‍ദിച്ച് വരാന്തയിലേക്കു തള്ളി. ജഡ്ജിക്കു മുന്നിലായിരുന്നു അഭിഭാഷകരുടെ അക്രമം.

കോടതിക്കുപുറത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ചാനലുകളുടെ സംപ്രേഷണവാഹനങ്ങള്‍ക്ക് നേരെ കോടതിവളപ്പില്‍ നിന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറ് നടത്തി.
കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയില്ലെന്ന് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനു ശേഷമാണ് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയത്.

Read More >>