ദളിത്‌ യുവാക്കൾക്കെതിരെ മൂന്നാംമുറ പ്രയോഗിച്ച എസ്ഐയെ സ്ഥലംമാറ്റി

അഞ്ചു ദിവസം യുവാക്കളെ കസ്റ്റഡിയിൽ വച്ച് മൂന്നാംമുറയ്ക്ക് ഇരയാക്കി എന്നായിരുന്നു പ്രശാന്ത്കുമാറിനെതിരായ ആരോപണം

ദളിത്‌ യുവാക്കൾക്കെതിരെ മൂന്നാംമുറ പ്രയോഗിച്ച എസ്ഐയെ സ്ഥലംമാറ്റി

കൊല്ലം: അഞ്ചാലുംമൂട്ടിൽ ദളിത്‌ യുവാക്കളെ കസ്റ്റഡിയിലെടുത്ത് മൂന്നാം മുറയ്ക്ക് ഇരയാക്കിയ സംഭവത്തിൽ എസ്ഐ എംകെ പ്രശാന്ത്കുമാറിനെ സ്ഥലം മാറ്റി. പകരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ ചുമതലയിലുണ്ടായിരുന്ന എസ്.ദേവരാജനെ അഞ്ചാലുംമൂട് എസ്ഐ ആയി നിയമിച്ചു. പ്രശാന്ത്കുമാറിന്‍റെ മർദ്ദനത്തിൽ പരുക്കേറ്റ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അഞ്ചു ദിവസം യുവാക്കളെ കസ്റ്റഡിയിൽ വച്ച് മൂന്നാംമുറയ്ക്ക് ഇരയാക്കി എന്നായിരുന്നു പ്രശാന്ത്കുമാറിനെതിരായ ആരോപണം. ഇവരെ കസ്റ്റഡിയിൽ എടുത്തതു മുതലുള്ള പൊലീസ് നടപടികൾ നിയമാനുസൃതമല്ലെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.


യുവാക്കള്‍ ജോലി ചെയ്യുന്ന കിണറിനുള്ള തൊടി വാർപ്പു കേന്ദ്രത്തിൽ നിന്നു അടുത്തിടെ 1,85,000 രൂപ മോഷണം പോയിരുന്നു. മോഷണത്തിനു പിന്നിൽ രാജീവും ഷിബുവുമാണെന്ന സംശയത്തെതുടർന്നു ഇരുവരെയും കഴിഞ്ഞ 16 നു രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്നു മുതൽ വെള്ളിയാഴ്ച രാത്രി വരെ ലോക്കപ്പിൽ പാർപ്പിച്ചു ചോദ്യം ചെയ്തിട്ടും തുമ്പൊന്നും ലഭിച്ചില്ല. മോഷണം നടത്തിയിട്ടില്ലെന്നു ഇവർ ആവർത്തിച്ചിട്ടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ, തെളിവ് ലഭിക്കാത്തതിനെതുടർന്ന് ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.

Read More >>