പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത പി സി വിഷ്ണുനാഥിന് എതിരെ രക്ഷിതാക്കള്‍ കോടതിയിലേക്ക്‌

കെ.എസ്.യു ഇന്ന് നടത്തിയ പഠിപ്പുമുടക്കിനെതിരെ തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂരിനടുത്തുള്ള തട്ടത്തുമല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രക്ഷിതാക്കള്‍ കോടതിയിലേക്ക്. സ്‌കൂളുകളില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും പാടില്ലെന്ന് ഹൈക്കോടതി വിധി ഉണ്ടായിരിക്കെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി.

പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത പി സി വിഷ്ണുനാഥിന് എതിരെ  രക്ഷിതാക്കള്‍ കോടതിയിലേക്ക്‌

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.എസ്.യു ഇന്ന് നടത്തിയ പഠിപ്പുമുടക്കിനെതിരെ രക്ഷിതാക്കൾ കോടതിയെ സമീപിക്കുന്നു. കിളിമാനൂർ തട്ടത്തുമല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രക്ഷിതാക്കളാണ് വിഷ്ണുനാഥിന് എതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സ്‌കൂളുകളില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും പാടില്ലെന്ന് ഹൈക്കോടതി വിധി ഉണ്ടായിരിക്കെയാണ് വിഷ്ണുനാഥ് സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തത്.  1996 നവംബര്‍ എട്ടിന് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് സ്‌കൂളുകളിലെ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നു പറയുന്നത്.


സംഘടനാ സംവിധാനം പോലുമില്ലാത്ത കെ.എസ്.യുവിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരിലാണ് വിഷ്ണുനാഥ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്യുന്നതിനെ അംഗീകരിക്കാം, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന് എന്ത് കാര്യമെന്ന് സ്‌കൂളിലെ പി.ടി.എ ഭാരവാഹികള്‍ ചോദിക്കുന്നു. വിദ്യാലയങ്ങളിലെ രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണിതെന്നും രക്ഷിതാക്കൾ പറഞ്ഞു. 40 ശതമാനത്തോളം പിന്നാക്കക്കാര്‍ പഠിയ്ക്കുന്ന തട്ടത്തുമല പോലുള്ള സ്‌കൂളുകളില്‍ പഠിപ്പുമുടക്കുന്നത് അന്യായമാണ്. ഒരാഴ്ച മുമ്പാണ് സമാനമായി സ്‌കൂളുകളില്‍ പഠിപ്പുമുടക്കിയത്. സ്വാശ്രയ വിഷയത്തിലുള്ള സമരം കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ കോളേജുകളില്‍ നടക്കുന്നതായി അറിവില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.

രാഷ്ട്രീയക്കാര്‍ സ്‌കൂളുകളില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങിയാല്‍ പിന്നീട് മറ്റുപാര്‍ട്ടിക്കാരും ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. സാധാരണ പഠിപ്പുമുടക്ക് പ്രഖ്യാപിക്കുമ്പോള്‍ പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ വന്ന് ഹെഡ്മാസ്റ്ററേയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയാണ് സ്‌കൂളടപ്പിക്കാറ്. തട്ടത്തുമലയില്‍ നിന്ന് അധികം അകലെയല്ലാത്ത പള്ളിക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമരത്തിനിടെ അധ്യാപകന്റെ പല്ല് അടിച്ചുകൊഴിച്ചിരുന്നു. കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്‌കൂളില്‍ ഇന്നുതന്നെ പി.ടി.എ യോഗം ചേരും. വിഷ്ണുനാഥിനെതിരെ സംസ്ഥാന അഡ്വക്കേറ്റ് ജനറലിന് പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയം ഹൈക്കോടതിയിലെ അഭിഭാഷകനുമായി സംസാരിച്ചെന്നും ഉടന്‍ ഹര്‍ജി കൊടുക്കുമെന്നും പിടിഎ ഭാരവാഹികള്‍ അറിയിച്ചു.