നരേന്ദ്ര മോദിയുടെ വിദേശയാത്രാ 'ബില്ലുകള്‍' പരസ്യപ്പെടുത്താന്‍ സാധിക്കുമോ? അവലോകനം ആരംഭിച്ചു

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ബത്രയാണ് മോദിയുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമി മന്‍മോഹന്‍ സിങ്ങിന്‍റെയും വിദേശയാത്ര ബില്ലുകള്‍ സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടു വിവരാവകാശം സമര്‍പ്പിച്ചത്.

നരേന്ദ്ര മോദിയുടെ വിദേശയാത്രാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദി നടത്തിയ വിദേശയാത്രകളുടെ കണക്കുകള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കുമോയെന്നു മുഖ്യ വിവരാവകാശ കമ്മിഷന്‍ പരിശോധിക്കുന്നു. ഈ യാത്രകള്‍ നടത്താന്‍ എത്ര രൂപ ചെലവായെന്നും ഇത് ഏതെല്ലാം ഗണത്തിലാണ് ചെലവായതെന്നുമാണ് കമ്മിഷന്‍ പരിശോധിക്കുന്നത്.

മേയ് 2014ല്‍ അധികാരമേറ്റെടുത്ത ശേഷം മോദി നാല്‍പ്പതില്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പക്ഷെ പലപ്പോഴും ചാര്‍ട്ടര്‍ ഫ്ലൈറ്റ് നിരക്കുകള്‍ ഒടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന നഷ്ടം അനുഭവിക്കുന്നത് രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ ഇന്ത്യയാണെന്നും വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്ര പറയുന്നു.


മുന്‍  ഉപനാവിക സേനാപതി കൂടിയായിരുന്ന  ബത്രയാണ് മോദിയുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമി മന്‍മോഹന്‍ സിങ്ങിന്‍റെയും വിദേശയാത്ര ബില്ലുകള്‍ സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടു വിവരാവകാശം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രിമാര്‍ നടത്തുന്ന യാത്രകളുടെ ബില്ലുകള്‍ സെറ്റില്‍ ചെയ്യാന്‍ നേരിടുന്ന കാലതാമസത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് അദ്ദേഹം പറയുന്നു.

നേരത്തെ ഇത് സംബന്ധിച്ച അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും നല്‍കിയെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അത് നിരാകരിക്കുകയാണുണ്ടായത്. എന്നാല്‍ തനിക്ക് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഒന്നും അറിയേണ്ട കാര്യമില്ലെന്നും, എന്ത് കൊണ്ടാണ് എയര്‍ ബില്ലുകള്‍ വൈകുന്നതെന്നു മാത്രം അധികൃതര്‍ വ്യക്തമാക്കിയാല്‍ മതിയെന്നും ബത്ര പറയുന്നു.

ബത്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ വിവരാവകാശ കമ്മിഷന്‍  നവംബര്‍ 18നു ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷന്‍ പരിശോധനകള്‍ക്ക് ശേഷമാകും ബത്രയുടെ പരാതിയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുക.

ബഡ്‌ജറ്റ് പ്രകാരം പ്രധാനമന്ത്രിയുടെ വിദേശയാത്രക്കള്‍ക്ക്‌ വേണ്ടിയുള്ള പണം ചെലവഴിക്കുന്നത് 'പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലന' ഗണത്തിലാണ്. അതേസമയം, അദ്ദേഹത്തിന്റെ ഇന്ത്യയ്ക്കകത്തുള്ള യാത്രകള്‍ക്ക് ഫണ്ട്‌ ചെലവാക്കേണ്ടത് പ്രതിരോധ വകുപ്പാണ്.

Read More >>