തെരുവുനായ്ക്കളെ പിടികൂടുന്നതിനിടയില്‍ ബോബി ചെമ്മണ്ണൂരിന് കടിയേറ്റു

കോഴിക്കോട് ബീച്ചില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നുമായി 25ഓളം നായ്ക്കളെയാണ് പിടികൂടിയത്

തെരുവുനായ്ക്കളെ പിടികൂടുന്നതിനിടയില്‍ ബോബി ചെമ്മണ്ണൂരിന് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലും പരിസരത്തുനിന്നുമായി നായ്ക്കളെ പിടികൂടുന്നതിനിടയില്‍ ബോബി ചെമ്മണ്ണൂരിന് നായയുടെ കടിയേറ്റു. ഫാന്‍സ് അസോസിയേഷന്‍  പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ചെമ്മണ്ണൂര്‍ നായ്ക്കളെ
പിടിക്കാനെത്തിയത്. എന്നാല്‍ പിടികൂടിയ നായ്ക്കളെ പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കല്‍പ്പറ്റയിലെത്തിക്കാനായില്ല. നായ്ക്കളെ കല്‍പ്പറ്റയിലെത്തിക്കുന്നതിനായി കോഴിക്കോട് സിറ്റി പോലീസിന്റെ സംരക്ഷണം ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിരസിച്ചു.


കോഴിക്കോട് ബീച്ചില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നുമായി 25ഓളം നായ്ക്കളെയാണ് പിടികൂടിയത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോഴിക്കോട് എഡിജിപി സുധേഷ്‌കുമാറിനെ ചെമ്മണ്ണൂര്‍ നേരില്‍കണ്ട് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും സിറ്റി പോലീസ് കമ്മീഷണറെ കാണാനായിരുന്നു എഡിജിപി നിര്‍ദ്ദേശിച്ചത്. കൂട്ടിലടച്ച നായ്ക്കളുമായി സിറ്റി കമ്മിഷണര്‍ ഉമ ബെഹ്‌റയെ കണ്ടെങ്കിലും സംരക്ഷണം നല്‍കാനാവില്ലെന്നറിയിച്ചതോടെ മടങ്ങി. കല്‍പ്പറ്റയിലുള്ള 10 ഏക്കര്‍ സ്ഥലത്ത് നായക്കളെ വളര്‍ത്താനാണ് ബോബി ചെമ്മണ്ണൂര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ 40 നായ്ക്കളെ കല്‍പ്പറ്റയിലെത്തിച്ചിരുന്നു.

തെരുവില്‍നിന്നും പിടികൂടുന്ന നായ്ക്കളെ കല്‍പ്പറ്റയിലെത്തിക്കുന്നതിനെതിരെ ഇന്നലെ കല്‍പ്പറ്റയില്‍ നാട്ടുകാര്‍ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉപരോധിച്ചിരുന്നു. നായകളെ പ്രദേശത്ത് നിന്ന് മാറ്റുന്നത് വരെ ജ്വല്ലറി തുറക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് എടഗുനി ഭാഗത്തെ നൂറുകണക്കിനാളുകളാണ് ഉപരോധത്തില്‍ പങ്കെടുത്തത്. കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ബോബിയുടെ നായ വളര്‍ത്തല്‍ കേന്ദ്രം. സി കെ ശശീന്ദ്രന്‍ എംഎല്‍എയും സമരക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.

Read More >>