സെമി ഫൈനൽ സാദ്ധ്യത നിലനിര്‍ത്താൻ ഗോവൻ മണ്ണിൽ ഇന്ന് ബ്ലാസ്‌റ്റേഴ്സ് ഇറങ്ങുന്നു

വിജയത്തിൽ കവിഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പൽ. അവസാന സ്ഥാനക്കാരായ ഗോവയ്ക്കും മത്സരം നിർണ്ണായകം

സെമി ഫൈനൽ സാദ്ധ്യത നിലനിര്‍ത്താൻ ഗോവൻ മണ്ണിൽ ഇന്ന് ബ്ലാസ്‌റ്റേഴ്സ് ഇറങ്ങുന്നു

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ സാദ്ധ്യത നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഗോവൻ മണ്ണിൽ ഇന്ന് ബ്ലാസ്‌റ്റേഴ്സ് ഇറങ്ങുന്നു. ആതിഥേയരായ സീക്കോയുടെ ഗോവൻ സംഘമാണ് എതിരാളികൾ. ഇരു ടീമുകൾക്കും നിർണ്ണായകമാണ് മത്സരം.

ഓരോ ജയം വീതമാണ് ഇരുടീമുകളുടെയും അക്കൗണ്ടിലുള്ളത്. സീസണിലെ അഞ്ചു മത്സരങ്ങളിൽ ഇതുവരെ മുംബൈ സിറ്റിക്കെതിരെ കൊച്ചിയിൽ നടന്ന ഹോം മാച്ചിൽ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും കൊൽക്കത്തയോടും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഡൽഹിയെ ഗോൾ രഹിത സമനിലയിൽ കുടുക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുണെയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഏറ്റവും ഒടുവിൽ ഗോൾ വഴങ്ങി മഞ്ഞപ്പട സമനിലയിൽ കുടുങ്ങി.


ഇതേസമയം മൂന്ന് തോൽവികളും ഒരു സമനിലയും വഴങ്ങിയ പുണെ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. ആദ്യ വിജയം നേടാനായത് കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് മാത്രം. ആദ്യവിജയത്തിനായി അഞ്ചാം മത്സരം വരെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകൾക്ക് കാത്തിരിക്കേണ്ടിവന്നുവെന്നത് അവരുടെ ദൗർബല്യം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ രണ്ട് ഗോൾ നേടുകയും മൂന്ന് ഗോൾ വഴങ്ങുകയും ചെയ്ത കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും ദൗർബല്യവും പ്രതിരോധമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ എന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഇതേസമയം, വഴങ്ങിയ മൂന്നു ഗോളുകളിൽ രണ്ടും ഡിഫൻഡർമാരുടെ കാലുകളിൽ തട്ടിത്തെറിച്ചാണ് വലയിലെത്തിയെന്നത് പ്രതിരോധത്തിലെ പിഴവ് തുറന്നുകാട്ടുന്നുണ്ട്.

ഗോവയുടെ നിലയാണ് ഇക്കാര്യത്തിൽ വളരെ പരിതാപകരം. സീസണില്‍ ഏഴു ഗോളുകളാണ് ഇതുവരെ ഗോവൻ ടീം വാങ്ങിക്കൂട്ടിയത്. തിരിച്ചടിക്കാനായത് മൂന്നെണ്ണം മാത്രവും. സ്വന്തം പിഴവുകൾ തന്നെയാണ് ഗോൾ വഴങ്ങുന്നതിന് ഇടയാക്കിയതെന്ന് കോച്ച് സീക്കോയും വിലയിരുത്തുന്നു. പരിക്ക് ഭേദമായി ഡിഫൻഡർ ഗ്രിഗറി അർനോളിൻ, മാർക്വീ താരം ലൂസിയോ എന്നിവർ തിരിച്ചെത്തുന്നത് ഇന്നത്തെ കളിയിൽ ആതിഥേയരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നത് മഞ്ഞപ്പടയ്ക്ക് സമ്മർദ്ദം ഉണ്ടാക്കുമെങ്കിലും വിജയത്തിൽ കവിഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കോച്ച് കോപ്പൽ പറയുന്നു.

കഴിഞ്ഞ രണ്ട് സീസണില്‍ എഫ്‌സി ഗോവയും കേരള ബ്ലാസ്‌റ്റേഴ്‌സും നാലു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നു തവണയും ഗോവയ്ക്കായിരുന്നു ജയം. ഒരു തവണ ബ്ലാസ്‌റ്റേഴ്‌സും വിജയിച്ചു. ആദ്യ സീസണില്‍ ഹോം മാച്ചിലായിരുന്നു 1-0ന് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കേരള  ബ്ലാസ്റ്റേഴ്‌സും എട്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയും പോരാടുമ്പോൾ മത്സരം തീപാറുമെന്നുറപ്പ്. ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം.

Read More >>