ബ്ലാക്ക്  സെപ്തംബര്‍: ഒരു നരനായാട്ടിന്റെ ചരിത്രം

1972 ലെ മ്യൂണിക്ക്‌ ഒളിമ്പിസിനെ കുറിച്ച് അറിവുള്ളവര്‍ക്ക് ബ്ലാക്ക് സെപ്തംബര്‍ എന്ന പേര് മറക്കാന്‍ കഴിയില്ല. തീവ്രവാദത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ ഒരു പൊളിച്ചെഴുത്ത് നടന്ന വര്‍ഷമാണ്‌ 1972 എന്ന് പറയാം. 1972 മുന്നേ ലോകത്താകമാനമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പലവിധമാന ചെയ്തികളാല്‍ മുഖരിതമായിരുന്ന ആഗോളരാഷ്ട്രീയം 72നു ശേഷമുള്ള ഒരുപാട് വര്‍ഷങ്ങളില്‍ ഒരേ ഒരു മുഖത്തിലേക്ക് ചുരുങ്ങി എന്ന് പറയാം. ആ മുഖമാണ് പലസ്തീന്‍. ചരിത്രത്തില്‍ പല രാഷ്ട്രീയ സംഭവങ്ങള്‍ക്കും ഭീകര കൃത്യങ്ങളുടെയും നാടകീയത ബാക്കി വെച്ച ഒരേടാണ് ബ്ലാക്ക് സെപ്തംബറിന്‍റെ പിറവി.

ബ്ലാക്ക്  സെപ്തംബര്‍: ഒരു നരനായാട്ടിന്റെ ചരിത്രം

പി കെ ശ്രീകാന്ത്

തീവ്രവാദം അതിന്‍റെ പലവിധ മുഖഭാവങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന  വര്‍ത്തമാന കാലഘട്ടത്തില്‍ കൂടിയാണ്  നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്, മത തീവ്രവാദം, ദേശീയതാ തീവ്രവാദം, വിഘടനവാദം അങ്ങനെ ചെറുതും വലുതുമായ പല തീവ്രവാദ ഗ്രൂപ്പുകള്‍ ദിനം പ്രതിയെന്നോണം നമ്മുടെ ചര്‍ച്ചാ വിഷയങ്ങളെ പ്രതിപാദിക്കുന്നു. ‘കാരണങ്ങളില്ലാത്ത കാരണങ്ങളാല്‍’  പല തീവ്രവാദ ഗ്രൂപ്പുകളും  ശക്തമാകുന്ന കാലഘട്ടം. കഴിഞ്ഞ ഒളിമ്പിക്സിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഉണ്ടായിരുന്ന ഭീതികളിലൊന്നായിരുന്നു ബ്ലാക്ക് സെപ്തംബറിന്റെ നടക്കുന്ന ഓർമ്മ.


1972 ലെ മ്യൂണിക്ക്‌ ഒളിമ്പിസിനെ കുറിച്ച് അറിവുള്ളവര്‍ക്ക് ബ്ലാക്ക് സെപ്തംബര്‍ എന്ന പേര് മറക്കാന്‍ കഴിയില്ല. തീവ്രവാദത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ ഒരു പൊളിച്ചെഴുത്ത് നടന്ന വര്‍ഷമാണ്‌ 1972 എന്ന് പറയാം. 1972 മുന്നേ ലോകത്താകമാനമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പലവിധമാന ചെയ്തികളാല്‍ മുഖരിതമായിരുന്ന ആഗോളരാഷ്ട്രീയം 72നു  ശേഷമുള്ള ഒരുപാട് വര്‍ഷങ്ങളില്‍  ഒരേ ഒരു മുഖത്തിലേക്ക് ചുരുങ്ങി എന്ന് പറയാം. ആ മുഖമാണ് പലസ്തീന്‍. ചരിത്രത്തില്‍  പല രാഷ്ട്രീയ സംഭവങ്ങള്‍ക്കും  ഭീകര  കൃത്യങ്ങളുടെയും നാടകീയത ബാക്കി  വെച്ച ഒരേടാണ്  ബ്ലാക്ക്  സെപ്തംബറിന്‍റെ  പിറവി.

black-septemberഎന്താണ്  ബ്ലാക്ക്  സെപ്തംബര്‍? ലളിതമായി പറയാം. 1970ല്‍ പാലസ്തീന്‍ രാഷ്ട്രത്തിനായി ജോര്‍ദാനുമായി നടന്ന പോരാട്ടത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ഭീകര സംഘടനയാണ് ബ്ലാക്ക് സെപ്തംബര്‍. സെപ്തംബര്‍ മാസത്തില്‍ ഭീകരമായ പോരാട്ടം നടന്ന പത്ത് ദിനങ്ങളുടെ ഓര്‍മ്മയ്ക്കാണ് ബ്ലാക്ക് സെപ്തംബര്‍ എന്ന പേര് ഈ സംഘടന സ്വീകരിക്കുന്നത്. ഭീകര  കൃത്യങ്ങള്‍ പലതുണ്ടെങ്കിലും ഈ  സംഘടന  ലോക  ശ്രദ്ധ ആകര്‍ഷിച്ചത്
1972
സെപ്തംബര്‍ 5
മ്യൂണിച്ച് ഒളിമ്പിക്‌സിനെത്തിയ ഇസ്രയേലി കായികതാരങ്ങളെ ബന്ദികളാക്കുകയും  പിന്നീട്  അവരെ  കൊലപ്പെടുത്തുകയും  ചെയ്ത  ധാരുണ സംഭവത്തോടെയാണ്. ഇസ്രയേല്‍ രാഷ്ട്ര രൂപീകരണവും അനുബന്ധ യുദ്ധങ്ങളും പലായനങ്ങളും അഭയാര്‍ഥി ക്യാമ്പുകളും പലസ്തീന്‍ വിമോചന പോരാട്ടവും, യുദ്ധങ്ങളും, ബ്ലാക്ക് സെപ്തംബര്‍ രൂപീകരണവും അനുബന്ധ തീവ്രവാദി ആക്രമണങ്ങളും, മ്യൂണിക് ഒളിമ്പിക്സ് ആക്രമണവും തുടങ്ങിയ ചരിത്ര സംഭവങ്ങളിലൂടെയാണ് ഈ  ലേഖനം സഞ്ചരിക്കുന്നത്.


ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങള്‍  സമകാലിക രാഷ്ട്രീയത്തില്‍ പോലും ഉത്തരം കിട്ടാതെ നീണ്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ രാഷ്ട്ര  രൂപീകരണകാലം  മുതല്‍ ഉടലെടുത്ത തര്‍ക്കങ്ങളും യുദ്ധങ്ങളും അറുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അയവില്ലാതെ തുടരുന്നു. യാസിര്‍  അറാഫത്തിന്റെ നേതൃത്ത്വത്തിലുള്ള  പലസ്തീന്‍ ലിബറല്‍  ഓര്‍ഗനൈസേഷനും കിംഗ് ഹുസൈന്‍റെ ജോര്‍ദ്ദാന്‍ സായുധ സേനയും  തമ്മില്‍ 1971 സെപ്തംബര്‍ 16 മുതല്‍ 27 വരെ നീണ്ടു നിന്ന പോരാട്ടത്തെയാണ്  ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെടുന്നത്. എന്താണ്  പാലസ്തീന്‍  ലിബറല്‍  ഓര്‍ഗനൈസേഷനും  ജോര്‍ദ്ദാന്‍  സായുധ  സേനയും ?

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍

gaza-street-art_Yasser-Arafatപലസ്തീൻ വിമോചനത്തിനായി 1964 മുതൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അഥവാ പി.എൽ.ഒ. ലോകരാജ്യങ്ങൾക്കിടയിൽ പലസ്തീൻ ജനതയുടെ ഔദ്യോഗിക പ്രതിനിധാനമായ പി.എൽ.ഒ യ്ക്ക്  നൂറോളം രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലവിലുണ്ട്. 1974 മുതൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകാംഗമാണ്. സായുധ സമരത്തിലൂന്നി പ്രവർത്തിച്ചിരുന്ന പാർട്ടി 1991ലെ മാഡ്രിഡ് ഉച്ചകോടിക്ക് ശേഷം ഇസ്രയേലുമായി സമാധാനചർച്ചകൾക്ക് സന്നദ്ധമായി. അതുവരേയും അമേരിക്കയും ഇസ്രയേലും സംഘടനയെ ഭീകരസംഘടനയായാണ് പരിഗണിച്ചിരുന്നത്. 1993-ൽ ഇസ്രയേലും പി.എൽ.ഒ യും പരസ്പരം അംഗീകരിക്കുകയുണ്ടായി. 1964-ൽ കെയ്റോയിൽ വെച്ച് നടന്ന അറബ് ഉച്ചകോടിയിൽ നടന്ന ചർച്ചകളുടെ ഫലമായി അതേവർഷം ജൂൺ രണ്ടിന് പി.എൽ.ഒ രൂപീകൃതമായി. സായുധമാർഗ്ഗത്തിലൂടെ പലസ്തീന്റെ മോചനം എന്നതായിരുന്നു മുദ്രാവാക്യം.

Fatah: ലേഖനത്തില്‍  അങ്ങിങ്ങ്  പ്രതിപാദിക്കുന്ന  ഫതഹ് അഥവാ  പലസ്തീന്‍ നാഷണല്‍ ലിബറേഷന്‍  മൂവ്മെന്റ്  എന്നറിയപ്പെടുന്ന  സംഘടന  മുൻപ് ഒരു സെക്കുലര്‍ പാലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടിയും  യാസര്‍ അറാഫത്തിന്‍റെ  പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസെഷന്റെ (PLO)  സഖ്യ കക്ഷിയും ആയിരുന്നു.


ജോര്‍ദ്ദാന്‍ ആംഡ് ഫോഴ്സ്

ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാന്‍റെ മിലിറ്റന്റ് സായുധ സേനയെ ആണു ജോര്‍ദാന്‍ ആംഡ് ഫോഴ്സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജോര്‍ദ്ദാന്‍റെ കമാന്റര്‍ ഇന്‍ ചീഫായ ജോര്‍ദാന്ന്‍ രാജാവിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍  കീഴിലുള്ള  കര, വ്യോമ, നാവിക സേനാ വിഭാഗങ്ങള്‍ അടങ്ങിയതാണ് ഈ സൈന്യം. ജോര്‍ദാന്‍റെ ആദ്യ സംഘടിത സൈന്യം സ്ഥാപിക്കപ്പെട്ടത് October  22- 1920ലാണ്. ആ സമയത്ത് 150 ശക്തരായ പട്ടാളക്കാരുള്‍പ്പെട്ട സേനക്ക് ‘മൊബൈല്‍ ഫോഴ്സ്’ എന്നായിരുന്നു പേരു നല്‍കിയിരുന്നത്. സേനയുടെ മൂന്നാം വാര്‍ഷികമായ  1923ഇല്‍  1000 പേരോട് കൂടി അറബ് ലിജിയണ്‍ (Arab Legion) എന്ന് പുനര്‍ നാമകരണം ചെയ്തു. അതേ സമയം തന്നെ  1923ഇല്‍ ജോര്‍ദാന്‍ ഒത്തു സ്വതന്ത്ര രാഷ്ട്രവുമായി മാറി. 1956 ആവുമ്പോഴേക്കും അറബ് റീജിയണില്‍ മൂന്നു മെര്‍ച്ചന്റ്യസ്ഡ് സൈനിക വ്യൂഹത്തിലുമായി 8000 പട്ടാളക്കാര്‍ ഉണ്ടായിരുന്നു. സേനയിലെ ബ്രിട്ടീഷ്  ജനറല്‍മാരെയൊക്കെ  പുറത്താക്കി കൊണ്ട് പേര് ജോര്‍ദാന്‍ ആര്‍മി എന്ന് മാറ്റുകയായിരുന്നു. സൈന്യം ഒട്ടനവധി സംഘര്‍ഷങ്ങളിലും  യുദ്ധങ്ങളിലും പങ്കാളിയാവുകയുണ്ടായി, പ്രത്യേകിച്ച് ഇസ്രയേലുമായി. 1948ലെ  അറബ്-ഇസ്രയേല്‍  യുദ്ധത്തിന്‍റെ  നിര്‍ണ്ണായക സമയത്ത് ജോര്‍ദാനു വേണ്ടി വെസ്റ്റ്‌ ബാങ്ക് തിരികെ പിടിച്ചു കൊണ്ട് യുദ്ധകാലത്തെ ഏറ്റവും ഫലപ്രദമായ സൈന്യം തങ്ങളാണെന്ന് ജോര്‍ദാന്‍ ആര്‍മി തെളിയിക്കുകയുണ്ടായി (ഈ വിഷയത്തെ കുറിച്ച് ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്). ബ്ലാക്ക് സെപ്തംബര്‍ കാലഘട്ടങ്ങളില്‍ സിറിയയും പിഎല്‍ഒ യുമായി ഏറ്റവും അധികം സംഘര്‍ഷത്തിലെര്‍പ്പെടേണ്ടി വന്നത് ജോര്‍ദാന്‍ ആർമിക്കാണ്. 1994 ല്‍ ഇസ്രയേൽ- ജോർദാൻ സംയുക്ത കരാറിൽ ഒപ്പിട്ടുകൊണ്ട്  ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.

പിന്നാമ്പുറങ്ങളിലൂടെ  

പലസ്തീന്‍ സിയോണിസ്റ്റ് സംഘര്‍ഷങ്ങള്‍ക്ക്  നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നിരുന്നാലും അത് പരകോടിയില്‍ ദൃശ്യമായത് 1947ലെ ഇസ്രയേല്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവത്തോട് കൂടിയാണ്. അതിലേക്ക് വരും മുന്നേ ഇസ്രയേല്‍  പാലസ്തീന്‍  സംഘര്‍ഷത്തിന്‍റെ  ചരിത്രത്തിലൂടെ  ഒന്ന്  സഞ്ചരിക്കാം.

പാലസ്തീന്‍  മണ്ണിലേക്ക് അഥവാ  പുരാതന  അറബ് മണ്ണിലേക്ക്  ആദ്യ  യഹൂദ  അധിനിവേശം ആരംഭിക്കുന്നത്  തദ്ദേശീയരായ അറബികളെ  നാടുകടത്തിയും അടിച്ചമര്‍ത്തിയുമാണ്‌. ഏകദേശം  മൂവായിരം വര്‍ഷങ്ങള്‍ക്ക് മുൻപ്. അതിനുള്ള ന്യായീകരണമാവട്ടെ  യഹോവ യഹൂദർക്ക് പതിച്ച് നല്കിയ ഭൂമി, വാഗ്ദത്തഭൂമി എന്ന കെട്ടുകഥയും. എ .ഡി 70 കൾ വരെ പാലസ്തീനും ഇസ്രായേലും അടങ്ങുന്ന ഭൂപ്രദേശത്ത് ജീവിച്ചു വന്ന യഹൂദർ തുടർന്നുണ്ടായ വൈദേശിക കടന്നാക്രമണങ്ങളെ ഭയന്ന് പലായനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഭയം  പ്രാപിച്ച  അവര്‍ക്ക്   ഇറാക്കും തുർക്കിയും സിറിയയും മൊറോക്കോയും യെമനും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും അഭയമേകി. സഹസ്രാബ്ദങ്ങള്‍ക്ക്  ശേഷം ഇങ്ങനെ  ചിതറി കഴിഞ്ഞിരുന്ന യഹൂദരുടെ ഒത്തു ചേരല്‍, അതും കൈമോശം വരാതെ  സൂക്ഷിച്ച ഭാഷയും ആചാരങ്ങളും  സംസ്കാരവുമായി, അതും  ഒരു രാജ്യമായി പരിണമിച്ചു കൊണ്ടുള്ള ഒത്തു ചേരല്‍. 1930 കളിലായിരുന്നു യഹൂദരുടെ രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത്. അറബ് യഹൂദ വൈരത്തിന്റെ, കലാപത്തിന്റെ, കൂട്ടക്കുരുതികളുടെ ആരംഭമായിരുന്നു അത്. കാലങ്ങളായി അധിവസിച്ചു പോന്ന മണ്ണിൽ നിന്നും ഒരു ജനതയെ കുടിയിറക്കി വിടുകയും വേറൊരു കൂട്ടർ ആ മണ്ണിൽ അവകാശം സ്ഥാപിക്കുകയും ചെയ്യുന്നതായിരുന്നു ആ അധിനിവേശത്തിന്റെ നീതിശാസ്ത്രം. തുടര്‍ന്നുള്ള മുപ്പത്തി അഞ്ച് വര്‍ഷ കാലത്തോളം 1964 ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകൃതമാകുന്ന കാലം വരെ പാലസ്തീന്‍  ജനതയുടെ ഒറ്റപ്പെട്ട ചെറുത്തു നില്‍പ്പുകള്‍ മാത്രമേ  ദൃശ്യമായുള്ളൂ 1987 ൽ സായുധ പോരാട്ടത്തിലൂടെ വിമോചനം എന്ന മുദ്രാവാക്യവുമായി തീവ്ര നിലപാടുകാർ ഹമാസിന് രൂപം കൊടുത്തു. അവിടുന്നിങ്ങോട്ട് ആ മണ്ണില്‍ അശാന്തിയുടെ മണം മാത്രമേ ലഭ്യമായിട്ടുള്ളൂ. യുദ്ധങ്ങളും  കൂട്ടക്കുരുതികളും പറഞ്ഞാലോ എഴുതിയാലോ തീരില്ല. പാശ്ചാത്യ ശക്തികളുടെ ആയുധ സാങ്കേതിക  സാമ്പത്തിക  മേഖലയിലെ  കയ്യയഞ്ഞ സഹായം ഇസ്രായേലിനു ലഭിച്ചു പോരുന്നു. ഓരോ  യുദ്ധങ്ങള്‍ക്കുമിപ്പുറം  നിലവില്‍  വരുന്ന  സമാധാന കരാറുകള്‍ക്ക്  ആറുമാസത്തെ  കാലാവധി പോലും തികച്ചുണ്ടാവാറില്ല. ജൂതരിലെ  തന്നെ  ഒരു  യാഥാസ്ഥാതിക പുരോഹിത വര്‍ഗ്ഗവും ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രമാണ് അധിനിവേശ വിരുദ്ധ രാഷ്ട്രീയം ഇസ്രയേല്‍ മണ്ണില്‍ വിളിച്ചു പറയുന്നുള്ളൂ. പക്ഷേ  അതൊക്കെ ജലരേഖകളായി തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയം എന്നതൊക്കെ ഒരു ശരാശരി ജൂതന്റെ മനസ്സിന്  അന്യമാണ്. ജൂതർക്ക് അറബികളോടും, അറബികൾക്ക് ജൂതരോടും നിലനില്ക്കുന്ന കടുത്ത പകയുടെ ഭാഗമായ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഇപ്പോഴും ഒരു അവസാനമില്ലാതെ തുടര്‍ന്ന്  പോകുന്നു.

Hamasബ്ലാക്ക് സെപ്തംബര്‍  രൂപീകരണവും പാലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ ആധുനിക ചരിത്രവും  യാസിര്‍ അറാഫത്തിന്റെ പാലസ്തീന്‍  ലിബറേഷന്‍ ഓര്‍ഗനൈസേഷനും യാസിര്‍ അറാഫത്തിന്‍റെ  വൃത്തത്തിനും ചുറ്റി പറ്റി നില്‍ക്കുന്നതാണ് എന്ന് വേണമെങ്കില്‍ പറയാം.
പലസ്തീൻ
 നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്നു യാസർ അറഫാത്ത്. 1959-ൽ അറഫാത്തുതന്നെ രൂപവത്കരിച്ച ഫതഹ്  എന്ന രാഷ്ട്രീയ പാർട്ടിയുടെ തലവനുമായിരുന്നു അദ്ദേഹം. യാസർ അറഫാത്ത് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്  പലസ്തീൻ  വിമോചനത്തിനായുള്ള ഇസ്രായേലിനെതിരിലുള്ള പോരാട്ടത്തിനു വേണ്ടിയായിരുന്നു. 1988 വരെ അദ്ദേഹം 
ഇസ്രായേലിന്റെ
 നിലനില്പ്പിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട്  ഐകരാഷ്ട്രസഭയുടെ  242-ആം പ്രമേയം അംഗീകരിച്ചു. അറഫാത്തും അദ്ദേഹത്തിന്റെ പാർട്ടിയും പാലസ്തീനു പുറമേ ജോർദ്ദാൻലെബനാൻടുണീഷ്യ പോലുള്ള അറബ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഇസ്റായിലിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തെ അറബ് ജനത സ്വതന്ത്ര്യപോരാളിയെന്നാണ് വിശേഷിപ്പിച്ചത്. പക്ഷെ പാശ്ചാത്യചേരിക്ക് അദ്ദേഹം ഭീകരനായിരുന്നു. അറഫാത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ മറ്റൊരു ഏടാണ് ഇസ്രയേലുമായി നടത്തിയ സന്ധി സംഭാഷണങ്ങള്‍. അറഫാത്ത് പാലസ്തീൻ ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിസംഭാഷണങ്ങൾ നടത്തിയിരുന്നു. 1991-ൽ മാഡ്രിഡിലും, 1993-ൽ ഓസ്‌ലോവിലും, 2000-ൽ ക്യാമ്പ് ഡേവിഡിലുമാണ് സംഭാഷണങ്ങൾ നടന്നത്. ഇതേ തുടർന്ന് ഇസ്‌ലാമിസ്റ്റുകളും മറ്റു പലസ്തീൻ സംഘടനകളും അറഫാത്ത് ഇസ്രായേലിനു കീഴടങ്ങുകയാണെന്ന് ആരോപിച്ച് രംഗത്തുവരികയും ചെയ്തു.

പശ്ചാത്തലം


മുൻപ്  പ്രതിപാദിച്ചത്  പോലെ ബ്ലാക്ക് സെപ്തംബര്‍ എന്നത് ഒരു ഒരു അതിര്‍ത്തി സംഘര്‍ഷമോ അതിനോടനുബന്ധിച്ച് നടക്കുന്ന അന്തര്‍ ദേശീയ യുദ്ധങ്ങളോ അല്ല അത് അറബ് സിയോണിസ്റ്റ് ജനതയ്ക്കെതിരെ പാലസ്തീന്‍ പോരാളികളുടെ രക്തത്തില്‍ അലിഞ്ഞ പകയുടെ ആകെ തുകയാണ്. യാസിര്‍ അറാഫത്തിന്റെ കീഴിലുള്ള പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും രാജാവ് ഹുസൈന്‍റെ കീഴിലുള്ള ജോര്‍ദ്ദാന്‍ സായുധ സേനയും തമ്മിലുള്ള സംഘര്‍ഷം 1970  സെപ്തംബര്‍ 16 നും27 നുമിടയില്‍ പത്തു ദിവസം നീണ്ടു നിന്നു. ഈ  സംഘര്‍ഷം അതിന്‍റെ അര്‍ത്ഥ തലത്തില്‍ 1971 ജൂലൈ  വരെ  നീണ്ടു നിന്നെങ്കിലും സെപ്തംബറിലെ ഭീകരമായ പോരാട്ടം  നടന്ന പത്തു ദിനങ്ങളുടെ ഓര്‍മ്മയ്ക്കാണ് ബ്ലാക്ക് സെപ്തംബര്‍ എന്ന പേര് ഉപയോഗിക്കുന്നതും ബ്ലാക്ക് സെപ്തംബര്‍ ഓര്‍ഗനൈസേഷന്‍ ആ പേര് സ്വീകരിച്ചതും.

സൈനിക യുദ്ധം തീരുമാനിക്കപ്പെടുമ്പോള്‍ രണ്ടു വഴി മാത്രമേ അവരുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ ഒന്നുകില്‍ പിഎല്‍ഓ പലസ്തീന്‍ ഭരിക്കും അല്ലെങ്കില്‍  
Hashemite
 (ഇറാഖ്, ജോര്‍ദാനിലെ രാജ കുടുംബം) യുടെ രാജാധിപത്യം. യുദ്ധം ആയിരക്കണക്കിന് മനുഷ്യരെ മരണത്തിനു വിട്ടു കൊടുത്തു. ഭൂരിഭാഗവും പാലസ്തീന്‍ ജനത തന്നെ. സായുധ സംഘട്ടനം, പിഎൽഒ നേതൃത്വത്തേയും ആയിരക്കണക്കിന് പാലസ്തീൻ പോരാളികളേയും ലെബനിലേക്ക് നാട് കടത്തുന്നതിലാണ്  അവസാനിച്ചത്

ബ്ലാക്ക് സെപ്തംബര്‍ രൂപീകരണ ഹേതുവായ പശ്ചാത്തലം ബൃഹത്താണ്. അതിന്‍റെ ചരിത്രം വ്യത്യസ്ത തലങ്ങളിലൂടെ  പരിശോധിക്കേണ്ടതുമാണ്.

തുടക്കം

പാലസ്തീന്‍ സിയോണിസ്റ്റ് ശത്രുത വിശ്വാസങ്ങളെയും അതിനെ ചുറ്റി പറ്റി നില്‍ക്കുന്ന കഥകളിലൂടെ രൂപീകൃതമായ ദേശീയതയുടെയും ഒരു ആകെത്തുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഘർഷങ്ങളുടെ ചരിത്രം. 1948 മേയ് പതിനാലിന് നിലവില്‍ വന്ന ഇസ്രയേല്‍ എന്ന രാജ്യവും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിലൂടെയുമാണ് ബ്ലാക്ക് സെപ്തംബറിലേക്ക് ഞാന്‍ കടക്കാന്‍ ആഗ്രഹിക്കുന്നത്.

മുപ്പത് വര്‍ഷത്തെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനൊടുവില്‍ ബ്രിട്ടീഷുകാര്‍ക്ക് പാലസ്തീന്‍ വിട്ടു പോവേണ്ടി വന്നു. തുടര്‍ന്ന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ്  പ്രശ്നത്തെ  ഐക്യ രാഷ്ട്ര സഭയില്‍ അവതരിപ്പിക്കുകയും 1947 November 29നു യു എന്‍  പ്രമേയം 181 പാസ്സാക്കുകയും ചെയ്യുന്നു. ഇതാണ് പിന്നീട് 1948 ആഗസ്റ്റില്‍ ബ്രിട്ടീഷ് അനുശാസനയുടെ അന്ത്യം കുറിച്ചു കൊണ്ട് ബ്രിട്ടീഷ് അധികാരത്തിലിരുന്ന സ്ഥലത്ത് ജൂത അറബ് രാജ്യങ്ങളുടെ പിറവിയിലേക്കും നയിച്ചത്. ഈ  നീക്കത്തെ സയണിസ്റ്റുകള്‍ അനുകൂലിച്ചെങ്കിലും (മുഴുവനായും അല്ലെങ്കിലും ഒട്ടുമുക്കാലും) അറബ് സംസ്ഥാനങ്ങള്‍ നിരാകരിച്ചു.പക്ഷെ 1948 മേയ് 15,  ന് ബ്രിട്ടീഷ് മാൻഡേറ്റ് നിർത്തലാക്കി കൊണ്ട് ഇസ്രായേൽ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ മാൻഡേറ്റ് 3 എന്നാ പ്രമേയ ധാരണയുടെ അവസാനിപ്പിക്കുന്നതുവരെയുള്ള കാലയളവിൽ സയണിസ്റ്റ് പലസ്തീൻ ഗ്രൂപ്പുകൾ തമ്മില്‍ അനവധി തീവ്രവാദ  ആക്രമണങ്ങൾ നിലനിന്നിരുന്നു. തുടര്‍ന്ന് മുപ്പതിനായിരത്തില്‍ പരം പാലസ്തീനികള്‍ സ്വമേധയോ, നിര്‍ബന്ധിച്ചോ അല്ലെങ്കില്‍ ‘മനശാസ്ത്ര യുദ്ധത്തിന്‍റെ’ ഇരകളായോ പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. യുഎൻ റെസലൂഷൻ 181 ഉം 1948  അറബ് ഇസ്രയേല്‍ യുദ്ധത്തിന്‍റെ ആരംഭത്തിനും ഇടയില്‍ തന്നെ ഏകദേശം രണ്ടായിരത്തോളം പേര്‍ മരണപ്പെട്ടിരുന്നു. അതിന്‍റെ  ഇരട്ടിയോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആകെയുള്ള  രണ്ടു ദശലക്ഷം ജനങ്ങള്‍ക്കിടയിലെ കണക്കാണിത്. ഈജിപ്തിന്റെ സായുധ സേന, ലെബനൻ (പിന്നീട് ജോർദാൻ), ഇറാഖ്, സിറിയ, ലെബനൻ, അനിയത പാലസ്തീൻ ശക്തികളൊക്കെ കൂടി പ്രഖ്യാപനത്തിന് ശേഷം ഉടന്‍ തന്നെ ‘നവജാത’ ഇസ്രയേലിനെ ആക്രമിക്കുകയുണ്ടായി. 1949 ജൂലൈയില്‍ സിറിയയുമായി താല്‍കാലിക യുദ്ധ വിരാമ കരാറില്‍ ഒപ്പിടുന്നത് വരെ ഈ സംഘര്‍ഷം ശമനമില്ലാതെ തുടര്‍ന്നു. തിരിച്ചു മടങ്ങുന്ന  അഭയാര്‍ഥികള്‍ക്കായും അഥവാ തിരിച്ചു മടങ്ങാത്ത അഭയാര്‍ഥികള്‍ക്കുള്ള നഷ്ടപരിഹാരത്തെയും  സംബന്ധിച്ച് യു എന്‍ റെസെലൂഷന്‍ 194 എന്ന പേരില്‍ ഒരു പ്രമേയം പാസാക്കുകയുണ്ടായി.

പക്ഷേ ഈ  പ്രമേയം പൂര്‍ണ്ണമായും  നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല, ഫലമോ സ്ഥിരമായ പാലസ്തീന്‍ അഭയാര്‍ഥി വര്‍ഗ്ഗത്തെ സൃഷ്ട്ടിക്കുകയും ചെയ്തു. 1948 ഇല്‍ ഐക്യരാഷ്ട്ര സഭാ കണക്കുകള്‍ പ്രകാരം അഭയാര്‍ഥികളുടെ എണ്ണം  350,0006 ആയിരുന്നെകില്‍  1950 ആവുമ്പോഴേക്കും ആ കണക്ക്  ഇരട്ടിയായി 711,0007 ലേക്ക് ഉയര്‍ന്നു. അയല്‍  അറബ് രാജ്യങ്ങളായ  ലെബനൻ, ജോർദാൻ, സിറിയ, ഇറാഖ്, ഈജിപ്ത് എന്നിവര്‍ക്ക്  ഈ അഭയാര്‍ഥികളെ  തങ്ങളുടെ  രാജ്യത്തേക്ക്  ഉള്‍ക്കൊള്ളാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതവരുടെ ആഗ്രഹവുമായിരുന്നുവെങ്കിലും ആ തീരുമാനം അവര്‍ കൈക്കൊണ്ടില്ല. യുഎന്‍  പ്രമേയം 194 നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകളാണ് ഒരു കാരണമായി പറഞ്ഞത്, പക്ഷെ കൂടുതല്‍  ദോഷാനുദര്‍ശനമായ കാരണമെന്തെന്നാല്‍ ഈ മേഖലയിലെ സര്‍ക്കാരുകള്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ മൂലമുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍  ആശങ്കാകുലരായിരുന്നു എന്നതാണ്. കൂടാതെ ഈ ക്യാമ്പുകള്‍, പിന്നീടൊരിക്കല്‍ തുടങ്ങുവാനുള്ള അക്രമണത്തിന്‍റെ മാനവവിഭവ സ്രോതസ്സായി ഉപയോഗിക്കുകയും ചെയ്യാം. അമ്പതുകളിലും അറുപതുകളിലും ഹീനമായ ഇത്തരം അഭയാര്‍ഥി ക്യാമ്പുകളില്‍ നരകിച്ചു കഴിഞ്ഞിരുന്നവര്‍ 1972 ഒളിമ്പിക് ആക്രമണത്തിലെ  യുവ ചാവേര്‍ പോരാളികള്‍ക്ക്  വലിയ പ്രചോദനമായിരുന്നു. അവരെല്ലാം തന്നെ  ലെബനൻ, സിറിയ, പ്രത്യേകിച്ച് ജോർദാൻലെ അഭയാർത്ഥി ക്യാമ്പികളില്‍ നിന്ന് വന്ന ദരിദ്ര  കുടുംബത്തില്‍ പെട്ടവരായിരുന്നു. ഒരു സാദാ ഫതഹ് പാര്‍ട്ടി അംഗവും മ്യൂണിക് ഒളിമ്പിക്സ് ആക്രമണത്തിലെ ബ്ലാക്ക് സെപ്തംബര്‍ അംഗവുമായ തീവ്രവാദി ജമാല്‍ അല്‍ ഘാഷേ ഒരു അഭിമുഖത്തില്‍ വച്ച് താന്‍ അഭയാര്‍ഥിക്യാമ്പില്‍ നിന്നും വന്നവനാണെന്ന് പറയുന്നുണ്ട്. അയാളുടെ കുടുംബം ഗലീലയിലെ ഒരു ഗ്രാമത്തില്‍ നിന്നും 1948 ലെ യുദ്ധ സമയത്ത് അനാഥമാക്കപ്പെടുകയും അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തപ്പെടുകയും ചെയ്തതാണത്രേ. ഇതുപോലെ ഒട്ടുമിക്ക തീവ്രവാദികള്‍ക്കും തങ്ങള്‍ വളര്‍ന്ന, അനുഭവിച്ച ക്യാമ്പുകളിലെ നീറുന്ന ദാരിദ്രത്തിന്‍റെ കഥകള്‍ പറയാനുണ്ട്. പാലസ്തീനിയൻ അഭയാർത്ഥികള്‍ക്കായുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ഏജൻസിയുടെ നിന്ന് തുച്ഛമായ റേഷൻ കൊണ്ട് ജീവിക്കുന്ന സമയത്ത് അവര്‍ യഹൂദന്‍മാരോടും യഹൂദ രാജ്യത്തോടുമുള്ള വെറുപ്പ് വളര്‍ത്തിയാണ് ജീവിച്ചിരുന്നത്. തങ്ങളുടെ മണ്ണ് എങ്ങനെ യഹൂദന്‍മാര്‍ മോഷ്ടിച്ചുവെന്നും തങ്ങളെ ജന്മനാട്ടില്‍ നിന്നും എങ്ങനെ തല്ലിപുറത്താക്കിയെന്നും, ശേഷം അറബ് നേതാക്കന്മാര്‍ തങ്ങളെ എങ്ങനെ വഞ്ചിച്ചുവെന്നുമൊക്കെ അഭിമുഖത്തില്‍ അയാളില്‍ നിന്നും വായിച്ചെടുക്കാം. താന്‍ പലസ്തീനിലേക്ക് മടങ്ങാത്ത പക്ഷം ഞങ്ങള്‍ക്ക് ഒരു ഭാവി ഉണ്ടാകില്ലെന്നും ജീവിതാവസാനം വരെ ഈ അഭയാര്‍ഥി ക്യാമ്പുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടു കഴിച്ചു കൂട്ടേണ്ടി. വരുമെന്ന് തങ്ങള്‍ക്കാറിയാമെന്നും അയാള്‍ പറയുകയുണ്ടായി.ആക്രമണങ്ങളില്‍ പങ്കെടുത്ത ചില ബ്ലാക്ക് സെപ്തംബര്‍ പോരാളികളുടെ കുടുംബാഗങ്ങള്‍  ഇസ്രയേല്‍ ജയിലിലുകളിലുണ്ടായിരുന്നു.ചുരുക്കം പറഞ്ഞാല്‍ മ്യൂണിക് ഓപ്പറേഷന് വേണ്ടി റിക്രൂട്ട് ചെയ്യപ്പെട്ട ബ്ലാക്ക് സെപ്തംബര്‍ അംഗങ്ങള്‍ക്ക് പലവിധമാന ആശയങ്ങളും സ്വകാര്യ ലക്ഷ്യങ്ങളുമുണ്ടായിരുന്നു എന്ന് സാരം.