കാത്തിരുന്നു കിട്ടിയ എംഎല്‍എ നിയമസഭയില്‍ നിശബ്ദന്‍; കണ്ണൂര്‍ അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാത്ത രാജഗോപാലിനെതിരെ ബിജെപി- ആര്‍എസ്എസ് നേതൃത്വം

ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ദേശീയ നേതാക്കൾ കണ്ണൂരിൽ സന്ദർശനം നടത്തിയിരുന്നു. എംപിമാർ ഉൾപ്പെടെയുള്ള സംഘമാണ് സന്ദർശനം നടത്തിയത്. ജില്ലാ നേതാക്കൾക്കൊപ്പം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേന്ദ്രസംഘത്തെ അനുഗമിച്ചിരുന്നു. എന്നാൽ ഒ രാജഗോപാലിനെ ആ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. രാജഗോപാലിനെ മനപ്പൂർവം അവഗണിക്കുകയായിരുന്നുവെന്ന് ബിജെപിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു

കാത്തിരുന്നു കിട്ടിയ എംഎല്‍എ നിയമസഭയില്‍ നിശബ്ദന്‍; കണ്ണൂര്‍ അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാത്ത രാജഗോപാലിനെതിരെ ബിജെപി- ആര്‍എസ്എസ് നേതൃത്വം

കണ്ണൂർ: ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാൽ മൗനം പാലിക്കുന്നതിനെതിരെ നേതൃത്വം.  കണ്ണൂരിൽ  സിപിഐഎം ഭീകരതയാണെന്നാണ്  ദേശീയതലത്തിൽ ബിജെപി-ആർഎസ്എസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. അതിനാൽ തന്നെ ഒ രാജഗോപാൽ പ്രതികരിക്കാതിരിക്കുന്നത് ആർഎസ്എസ്,ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേ സമയം  ആർഎസ്എസിന് മേൽക്കോയ്മയുള്ള ബിജെപി സംസ്ഥാന നേതൃത്വവും രാജഗോപാലിനെ മാറ്റി നിർത്തുന്നതാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ എത്തിയ ബിജെപി അംഗമാണ് രാജഗോപാൽ. നിയമസഭയിൽ ബിജെപിയുടെ ശബ്ദം മുഴങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജഗോപാലിന്റെ വിജയത്തെ സംസ്ഥാനവ്യാപകമായി നേതൃത്വം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമസഭയിൽ കണ്ണൂരിലെ അക്രമണങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു എന്നതൊഴിച്ചാൽ നേതൃപരമായ രീതിയിൽ കണ്ണൂർ വിഷയത്തിൽ ഇടപെട്ടിരുന്നില്ല.


രാജഗോപാൽ എന്തുകൊണ്ട്  കണ്ണൂരിൽ സന്ദർശനം നടത്തുന്നില്ലെന്ന് ജില്ലയിലെ അണികൾക്കിടയിൽ ചോദ്യമുയർന്നിരുന്നു.ആവശ്യം ശക്തമായതിനെ തുടർന്ന്  ഈ മാസം 12 നാണ് രാജഗോപാൽ കണ്ണൂരിലെത്തിയത്.  അന്നേദിവസം ബിജെപി പ്രവർത്തകൻ രമിത്ത് കൊല്ലപ്പെട്ടതിനാൽ അവിടെയും സന്ദർശനം നടത്തുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ കണ്ണൂരിലെ കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം പിണറായി വിജയനാണ് എന്ന പ്രസ്താവന മാത്രമാണ് ഒ രാജഗോപാൽ നടത്തിയത്.
ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ദേശീയ നേതാക്കൾ ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു. അമിത്ഷായുടെ നിർദേശപ്രകാരം എംപിമാരായ ഭൂപേന്ദ്ര യാദവ്, നളിൻകുമാർ കട്ടീൽ, ആനന്ദ് ഹെഗ്ഡെ, ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. എന്നാൽ ഒ രാജഗോപാലിനെ ആ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ജില്ലാ നേതാക്കൾക്കൊപ്പം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേന്ദ്രസംഘത്തെ അനുഗമിച്ചിരുന്നു. ഒ രാജഗോപാലിനെ മനപ്പൂർവം അവഗണിക്കുകയായിരുന്നുവെന്ന് ബിജെപിക്കകത്തെ പലർക്കും അഭിപ്രായമുണ്ട്.

ബിജെപി സംസ്ഥാനഘടകത്തിൽ ആർഎസ്എസും ആർഎസ്എസിന്റെ മേൽക്കോയ്മ ഇഷ്ടപ്പെടാത്തവരും നടത്തിവരുന്ന നിശബ്ദസംഘർഷങ്ങളുടെ ഭാഗമാണ് ഒ രാജഗോപാലിന്റെ നിഷ്ക്രിയത്വവും ആർഎസ്എസ് നേതൃത്വം രാജഗോപാലിനോട് കാണിക്കുന്ന അവഗണനയും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.Read More >>