പ്രക്ഷോഭംമൂലം മദ്യവില്‍പ്പനശാലയടച്ചാല്‍ ഉദ്യോഗസ്ഥര്‍ നഷ്ടം നികത്തണമെന്നു ബെവ്‌കോ

കോഴിക്കോട് സിവില്‍സ്റ്റേഷന് സമീപം ആരംഭിച്ച മദ്യവില്പനശാല ജനകീയസമരം കാരണം മൂന്നാഴ്ചയായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പുതിയ നടപടിക്ക് ഒരുങ്ങുന്നത്.

പ്രക്ഷോഭംമൂലം മദ്യവില്‍പ്പനശാലയടച്ചാല്‍ ഉദ്യോഗസ്ഥര്‍ നഷ്ടം നികത്തണമെന്നു ബെവ്‌കോ

തിരുവനന്തപുരം: പൊതുജന പ്രതിഷേധംമൂലം അടച്ചിടുന്ന മദ്യവില്‍പ്പനശാല അടിയന്തരമായി തുറന്നുപ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അതുകൊണ്ടുണ്ടാവുന്ന നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ). കോഴിക്കോട് സിവില്‍സ്റ്റേഷന് സമീപം ആരംഭിച്ച മദ്യവില്പനശാല ജനകീയസമരം കാരണം മൂന്നാഴ്ചയായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പുതിയ നടപടിക്ക് ഒരുങ്ങുന്നത്.

ദിനംപ്രതി വന്‍നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോ കോഴിക്കോട് റീജിയണല്‍ മാനേജരോടും വെയര്‍ഹൗസ് മാനേജരോടും വിശദീകരണം തേടി. അടച്ചിട്ട വില്പനശാലകള്‍ അടിയന്തരമായി തുറക്കാന്‍ നടപടിയെടുക്കണമെന്നാണ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമോ പൊതുജനസമരം കാരണമോ അടച്ചിട്ടുണ്ടെങ്കില്‍ പരമാവധി 15 ദിവസത്തിനകം തുറന്നുപ്രവര്‍ത്തിപ്പിക്കാനാവണം. കെട്ടിടത്തിന് വന്‍തുക വാടകനല്‍കുന്നുണ്ട്. ഇതു തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെങ്കില്‍ അച്ചടക്കനടപടിക്കു പുറമേ നഷ്ടം ഈടാക്കുമെന്നും ഉത്തരവിലുണ്ട്.


നഷ്ടം ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ജീവനക്കാര്‍ പറയുന്നു. സിവില്‍സ്റ്റേഷന് സമീപം ജനവാസമേഖലയില്‍ മദ്യവില്പനശാല ആരംഭിച്ചതാണ് നാട്ടുകാര്‍ എതിര്‍ത്തത്. ജനങ്ങളുടെ എതിര്‍പ്പിന് സാധ്യതയില്ലാത്ത, വാണിജ്യമേഖലയിലും കെട്ടിടങ്ങളിലും മാത്രമേ ഇനി വില്പനശാലകള്‍ തുടങ്ങാവൂവെന്ന് ജീവനക്കാര്‍ പറയുന്നു.

സംസ്ഥാനത്താകെ 270 വിദേശമദ്യവില്പനശാലകളാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്നത്. ഇതില്‍ ഒന്നില്‍ പ്രതിദിനം 11.28 ലക്ഷം രൂപയുടെ വില്പനനടക്കുന്നുണ്ട്. ഇതില്‍ 9.48 ലക്ഷം രൂപ സര്‍ക്കാറിന് ലഭിക്കും. ആഴ്ചകളോളം ഒരു വില്പനശാല അടച്ചിട്ടാല്‍ സര്‍ക്കാറിന് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്.Read More >>