ആലപ്പുഴയിലെ താജ് മഹല്‍!!

ഈ ലോകത്ത് സമ്പന്നരായ സ്ത്രീകള്‍ ധാരാളമുണ്ടാകും; എന്നാല്‍ ഭര്‍ത്താവിനായി ഇങ്ങനെയൊരു മ്യൂസിയം പണിത ബെറ്റി ഒന്നേ ഉണ്ടാകൂ. ലോകത്തേയ്ക്ക് കയറിനെ നീട്ടിയ വ്യവസായ പ്രമുഖന്‍ രവികരുണകരന്‍ ഭാര്യയെന്ന ചെറുലോകത്ത് തന്നെ ഒതുക്കാതിരുന്നതിന് ബെറ്റി സമര്‍പ്പിക്കുന്ന കോടികളിലും വിലമതിക്കുന്ന അമൂല്യമായ സമ്മാനം!!

ആലപ്പുഴയിലെ താജ് മഹല്‍!!

'Treasured Moments of joy Embalmed in tears are Preserved here'

ആലപ്പുഴ രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയത്തിന്റെ സ്വാഗതലിഖിതത്തിലെ വാചകങ്ങളാണിവ.

ശാന്തി ഭവനിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ചില സംശയങ്ങളെ ജനിപ്പിച്ചതും ഈ വരികള്‍ ആയിരുന്നു. രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയമോ അതോ ബെറ്റി കരുണാകരന്‍ എന്ന വ്യക്തിയോ... ഏതിലായിരിക്കും മനസ്സുടക്കുക? ഉത്തരം പ്രയാസമാണ്, രണ്ടും ഒരു പോലെ മനോഹരമാണ് എന്ന് നിമിഷങ്ങള്‍ക്കപ്പുറം വെളിവായി.


[caption id="attachment_52277" align="aligncenter" width="526"]betty 1 ബെറ്റി ആര്‍കെകെ മ്യൂസിയത്തിലെ രവികരുണാകരന്റെ ഛായാചിത്രത്തിനരികില്‍[/caption]

ഞാന്‍ അനുഭവിച്ച ജീവിതമാണ് ഈ മ്യുസിയം.
'അനശ്വരമായ സ്‌നേഹത്തെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. ഭാരതത്തില്‍ അതിനുള്ള മികച്ച ഉദാഹരണങ്ങളുമുണ്ട് - അതിലൊന്നാണ് താജ് മഹല്‍! സ്‌നേഹത്തിന്റെ ഓര്‍മ്മ എന്നും നിലനിര്‍ത്തുന്ന സ്മാരകങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് താജ്. തന്റെ പ്രിയ പത്‌നി മുംതാസിന്റെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി 1653-ല്‍ പണിക്കഴിപ്പിച്ചതാണ് ഇത്. ബെറ്റി കരണ്‍ തന്റെ ഭര്‍ത്താവിന്റെ പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ആലപ്പുഴയില്‍ രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയം പണിക്കഴിപ്പിച്ചു.'

ആര്‍.കെ.കെ.മ്യൂസിയം വെബ്സൈറ്റിലെ ഈ വരികള്‍ സന്ദര്‍ശകനെ കൊണ്ടുചെന്നെത്തിക്കുന്നത് മൂന്ന് തലമുറ നീണ്ടുനില്‍ക്കുന്ന കഥകള്‍ പറയുന്ന ഒരു മനോഹര ലോകത്തേക്കായിരിക്കും. ഇതില്‍ അനശ്വരമായ സ്‌നേഹത്തിന്റെ കഥയുമുണ്ടാകും.

യൂറോപ്യന്‍ കമ്പനികള്‍ കയ്യടക്കി വച്ചിരുന്ന കയര്‍ വ്യവസായത്തെ ആലപ്പുഴയുടെ സ്വന്തമാക്കി മാറ്റിയത് രവിയുടെ മുത്തശ്ശനായ കൃഷ്ണന്‍ മുതലാളി ആയിരുന്നു. ധാരാളം യാത്രകള്‍ ചെയ്തിരുന്ന അദ്ദേഹം കൗതുകം നിറഞ്ഞ മനോഹരവസ്തുക്കളെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ആര്‍.കെ.കെ മ്യുസിയത്തിലും ശാന്തിഭവനിലും കാണുന്ന തഞ്ചാവൂര്‍ പെയിന്റിഗ്‌സിന്റെയും ആനക്കൊമ്പില്‍ തീര്‍ത്ത കരകൌശല വസ്തുക്കളുടെയും ശേഖരം കൃഷ്ണന്‍മുതലാളിയുടെ വലിയ താല്പര്യങ്ങളായിരുന്നവയാണ്.

[caption id="attachment_52302" align="aligncenter" width="695"]betty 4 ആര്‍കെകെ മ്യൂസിയം ആലപ്പുഴ[/caption]

അടുത്ത തലമുറയിലേക്ക് കഥ നീളുമ്പോള്‍ അവിടെയൊരു പ്രണയവിപ്ലവം തന്നെയുണ്ട്. വിദേശത്ത് പഠനത്തിന് പോയ കൃഷ്ണന്‍ മുതലാളിയുടെ മകന്‍ കരുണാകരന്‍ ജര്‍മ്മന്‍ വനിതയായ മാര്‍ഗരറ്റുമായി പ്രണയത്തിലാവുകയും എതിര്‍പ്പുകളെ നേരിട്ട് അവര്‍ വിവാഹിതരാവുകയും ചെയ്തു.

മാര്‍ഗരറ്റിന്റെ സൗകര്യങ്ങളെ മുന്നില്‍ കണ്ടുക്കൊണ്ടായിരുന്നു കരുണാകരന്‍ ശാന്തി ഭവന്‍ എന്ന ഈ വീട് നിര്‍മ്മിക്കുന്നത്. വിശാലവും മനോഹരമായ ഒരു പൂന്തോട്ടത്തിനുള്ളിലെ ഈ വീടിന് ആ പേര് തന്നെയാണ് ചേരുക. വിശാലമായ വരാന്തകളും, കാറ്റിനും വെളിച്ചത്തിനും ഒട്ടും നിയന്ത്രണം ഇല്ലാത്തതുമായ ഒരു വീട്! ആര്‍.കെ.കെ മ്യുസിയത്തില്‍ എന്ന പോലെ തഞ്ചാവൂര്‍ ചിത്രങ്ങളും, ഐവറി കളക്ഷന്‍സും ഈ വീടിനെയും സുന്ദരിയാക്കുന്നു.

കരുണാകരന്‍- മാര്‍ഗരറ്റ് ദമ്പതികളുടെ മകനായ രവി കരുണാകരന്റെ ഭാര്യയാണ് ബെറ്റി. ലുലു ഇവരുടെ ഏക മകളും.

[caption id="attachment_52291" align="alignright" width="393"]betty 8 ബെറ്റി[/caption]

സുഭദ്രയും ബെറ്റിയും...

'കൊല്ലം പരവൂരാണ് എന്റെ വീട്. ഞങ്ങള്‍ രണ്ടു മക്കള്‍- സുഭദ്രയും, സുചിത്രയും. എന്റെ അമ്മ സരസ്വതി ഇംഗ്ലീഷ് ക്ലാസ്സിക്കുകള്‍ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാള്‍ ആയിരുന്നതിനാലാകണം ഞങ്ങള്‍ക്ക് ബെറ്റി എന്നും ബില്ലി എന്നും ഓമനപേരുകള്‍ കൂടി ലഭിച്ചതെന്നും തോന്നുന്നു. ഏതായാലും സുഭദ്ര എന്ന പേര് ഇപ്പോള്‍ ഔദ്യോഗിക രേഖകളില്‍ മാത്രമായി ഒതുങ്ങുന്നു.

അത് മാത്രമായിരുന്നില്ല, ഞങ്ങളെ അന്ന് പൊതുവായി അവിടെ അറിയപ്പെട്ടിരുന്നത് എങ്ങനെയെന്നോ? 'ചുരിദാര്‍ ധരിക്കുന്ന പെണ്‍ക്കുട്ടികള്‍' എന്നായിരുന്നു ആ പ്രയോഗം. ചുരിദാര്‍ എന്ന വേഷം അന്നത്തെ കാലത്ത് കേരളത്തില്‍ അപരിചിതമായിരുന്നല്ലോ. ഞങ്ങള്‍ക്ക് ചുരിദാര്‍ തുന്നാന്‍ മാത്രമായി അമ്മ വീട്ടില്‍ ഒരാളെ നിയമിച്ചിരുന്നു-
ഓര്‍മ്മകളില്‍ ബെറ്റിയുടെ കൗമാരം പുഞ്ചിരിക്കുന്നു.

മദ്രാസിലെ ക്വീന്‍സ് മേരിയില്‍ നിന്നും ബിരുദം കഴിഞ്ഞപ്പോഴായിരുന്നു രവിയുമായുള്ള ബെറ്റിയുടെ വിവാഹം നടക്കുന്നത്. ബെറ്റിയുടെ അകന്ന ബന്ധത്തിലുള്ള ഒരാളായിരുന്നു ഇദ്ദേഹം. ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തന്റെ പിതാവിന്റെ മരണശേഷം ഇരുപതു വയസു മുതല്‍ ബിസിനസ് ഏറ്റെടുത്തു നടത്തുകയുമായിരുന്നു രവി.

'വിവാഹം എനിക്ക് തുറന്നു തന്നത് എന്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു വാതില്‍ ആയിരുന്നു. ധാരാളം യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എനിക്ക് രവി ഒരു ഭര്‍ത്താവ് മാത്രമായിരുന്നില്ല, ഞാന്‍ എന്ന വ്യക്തിയെ ആത്മാഭിമാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതത്തിലേക്ക് സ്വയംപാര്യപ്തമാക്കിയ ചൈതന്യം ആയിരുന്നു അദ്ദേഹം'- രവിയെ കുറിച്ചു പറയുമ്പോള്‍ ബെറ്റിക്ക് വാക്കുകളില്‍ തടസ്സം നേരിടുന്നത് പോലെ. ഒരു വാക്കുകള്‍ക്കും ചില ബന്ധങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന് പറയുന്നത് എത്ര സത്യമാണ്!

[caption id="attachment_52292" align="aligncenter" width="510"]betty 5 ആര്‍കെകെ മ്യൂസിയം ആലപ്പുഴ[/caption]

'എന്റെ ആദ്യ വിദേശയാത്ര തന്നെ ഉദാഹരണം.. ഇതിനെ 'എന്റെ' യാത്രയെന്നാണോ അതോ 'ഞങ്ങളുടെ' യാത്ര എന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല. കാരണം യാത്ര പോയത് ഞങ്ങള്‍ ഒരുമിച്ചായിരുന്നില്ല, പക്ഷെ യാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ബ്രിട്ടണിലേക്കായിരുന്നു ആ യാത്ര. രവി അന്ന് ലണ്ടനില്‍ ഉണ്ട്, പക്ഷെ അവിടെയെത്തി 10 ദിവസങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്.

ഞാന്‍ എല്ലാറ്റിലും കാര്യപ്രാപ്തി നേടണം എന്ന് രവി ആഗ്രഹിച്ചിരുന്നു, അതിനായി അദ്ദേഹം കണിശമായി നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. ഞാനും രവിയും പങ്കുവച്ച ആത്മബന്ധത്തെ 'സ്‌നേഹം' എന്ന പദം മാത്രമായി ഉള്‍ക്കൊള്ളും എന്ന് ഞാന്‍ കരുതുന്നില്ല. അതാണ് രവിയുടെ ഓര്‍മ്മകള്‍ എനിക്ക് ശേഷവും ഇവിടെയുണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലെ തിളക്കത്തെയാണ് ആര്‍.കെ.കെ മ്യുസിയത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്.
ഇവിടെ ജീവനറ്റ ശവകുടീരങ്ങള്‍ അല്ല, ബെറ്റിയുടെ പ്രണയത്തെ അനുസ്മരിപ്പിക്കുന്നത്. വെള്ളാരംകല്ലുകളും, നിറമാര്‍ന്ന ശലഭങ്ങളുമാണ് ഇവിടെ സന്ദര്‍ശകരോട് സംവാദിക്കുന്നവര്‍.

'ഞങ്ങള്‍ കണ്ടതും കേട്ടതുമായ രാജ്യങ്ങള്‍, അവിടെയ്ക്കുള്ള പ്രയാണങ്ങള്‍, അവിടെ നിന്നെല്ലാം ശേഖരിച്ച വസ്തുക്കള്‍..ചെറുതും വലുതുമായ പലതും ഈ ശേഖരത്തില്‍ ഉണ്ട്. സ്വരോസ്‌കി ക്രിസ്റ്റലുകളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ശേഖരമാണിത്. ആനക്കൊമ്പുകളില്‍ തീര്‍ത്ത അപൂര്‍വ്വ ശില്പങ്ങളും അമൂല്യസൃഷ്ടികളായ തഞ്ചാവൂര്‍ ചിത്രങ്ങളും മുതല്‍ വിലമതിക്കാനാവാത്ത അനേകം പുരാവസ്തുക്കള്‍ രവിയുടെ മൂന്നു തലമുറയുടെ ശേഖരമാണ്.

betty 10

'ഞങ്ങളുടെ മകള്‍ ലുലു നോര്‍മല്‍ അല്ലാത്ത ഒരു കുട്ടിയാണ്. ഇപ്പോള്‍ അവള്‍ക്ക് 48 വയസ്സാണ് പ്രായം. നാലര വയസ്സുള്ളപ്പോള്‍ ലുലുവിനെ ഊട്ടിയിലെ സ്‌കൂളില്‍ അയച്ചു പഠിപ്പിച്ചിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടില്‍ നിന്നും അധികലാളന ലഭിക്കുന്നതിനാല്‍ മോള്‍ മറ്റുള്ളവരോട് ഇടപഴകാന്‍ മടികാണിക്കുന്നു എന്ന അഭിപ്രായം ഉയര്‍ന്നപ്പോഴായിരുന്നു ഇത്. പക്ഷെ ഇത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുകയാണ് ചെയ്തത്. അവള്‍ കൂടുതല്‍ ഉള്‍വലിഞ്ഞു.

2003 നവംബര്‍ 25 ന് രവി മരണപ്പെട്ടതിനു ശേഷമാണ് വിപുലമായ ഈ ശേഖരം എങ്ങനെ പരിപാലിക്കണം എന്ന ചോദ്യം എന്നില്‍ ഉയര്‍ന്നത്. ആര്‍.കെ.കെ.ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഒരു മ്യുസിയം എന്ന സങ്കല്‍പ്പത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്.'

നടന്നു വന്ന വഴികളില്‍ ബെറ്റിയ്ക്കു അടിപതറുന്നില്ല, കാരണം ബെറ്റി വിവേകമതിയായ ഒരു സ്ത്രീയാണ്..

റോമന്‍ ദേവാലയങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുള്ള വാസ്തുസൗന്ദര്യമാണ് ആര്‍.കെ.കെ മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. തൂവെള്ള നിറത്തിന്റെ നൈര്‍മല്യവും ശാന്തതയുമാണ് മറ്റൊന്ന്. സ്വരോസ്‌കി ക്രിസ്റ്റലുകളുടെയും, പോര്‌സലൈന്‍, ഐവറി, കരകൗശല വസ്തുക്കളുടെയും അതിവിപുലമായ ഒരു ശേഖരമാണ് മ്യുസിയത്തിനുള്ളില്‍.

വെറുതെ കണ്ടുകേട്ട് നടന്നു പോകാവുന്ന ഒരു പ്രദര്‍ശനം പ്രതീക്ഷിക്കുന്നവര്‍ക്കുള്ളതല്ല ഈ സ്മാരകം. നിശബ്ദമായി സൗന്ദര്യത്തെ ആസ്വദിക്കുന്നവര്‍ക്കാണ് ഈ ഇടം.
വഴികള്‍ അവസാനിക്കാത്ത ലോകത്തില്‍ ഒരു പ്രയാണവും ഒരിക്കലും അവസാനിക്കുന്നില്ല.

ഇനിയും നിലയ്‌ക്കൊഴിയാത്ത കൗതുകങ്ങള്‍ കൊണ്ട് വീണ്ടും വീണ്ടും ഈ മ്യുസിയം ജീവന്‍ പ്രാപിക്കുന്നു. ബിസിനസിന്റെ തിരക്കുകളുണ്ടെങ്കിലും ഇപ്പോഴും ബെറ്റി യാത്രകള്‍ തുടരുന്നു. തനിക്ക് ആകര്‍ഷകമെന്ന് തോന്നുന്നവ സ്വന്തമാക്കുകയും ചെയ്യുന്നു... ആലപ്പുഴയില്‍ എത്തുമ്പോള്‍ ഇവയും ആ കണ്ണാടി ചില്ലില്‍ ഇടം പിടിക്കും, ഒരിക്കല്‍ തന്നെ ലോകം മുഴുവന്‍ യാത്ര ചെയ്യാന്‍ കൈപിടിച്ച രവിയെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്!

[caption id="attachment_52294" align="aligncenter" width="502"]betty 7 ആര്‍കെകെ മ്യൂസിയം ആലപ്പുഴ[/caption]

ബെറ്റിയുടെ ജീവിതത്തില്‍ മതസൗഹാര്‍ദ്ദത്തിന് ഏറെ പ്രാധാന്യമുണ്ട്. നമ്മുക്ക് ജാതിയില്ല എന്ന പ്രഖ്യാപനം തലമുറകള്‍ മുന്നെ പ്രാവര്‍ത്തികമാക്കിയ ഒരു പാരമ്പര്യത്തിന്റെ പിന്മുറക്കാരിയാണേല്ലോ ബെറ്റി. ശാന്തി ഭവനത്തിലും മ്യൂസിയത്തിലും കയര്‍ ഫാക്ടറിയിലും ബെറ്റിക്ക് ധാരാളം സ്റ്റാഫുകള്‍ ഉണ്ട്. അവരുടെ ജാതിയോ മതമോ താന്‍ നോക്കാറില്ല എന്നും ഇവര്‍ പറയുന്നു. അര്‍ഹരായവര്‍ക്ക് നല്‍ക്കുന്ന ചാരിറ്റി പ്രവര്‍ത്തികളിലും മതം ഒരു മാനദണ്ഡമല്ല. സ്വകാര്യ ട്രസ്റ്റ് ആയതിനാല്‍ തന്നെ അതിന്നുള്ള സ്വാതന്ത്ര്യവുമുണ്ട്.

തന്റെ സ്ഥാപനം ഒരു 'ഐക്യമുന്നണി'യാണ് എന്ന് സഹപ്രവര്‍ത്തകര്‍ തമാശയായി പറയുമ്പോള്‍ ബെറ്റിക്ക് അത് ഒരു അംഗീകാരമാണ്. സര്‍വ്വമതസ്ഥരും ഐക്യത്തോടെ പെരുമാറുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തെ ഐക്യമുന്നണി എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക. രവിയും അങ്ങനെത്തന്നെയായിരുന്നു എന്ന് ബെറ്റി ഓര്‍മ്മിക്കുന്നു. മുതലാളിയെന്നോ തൊഴിലാളിയെന്നോ അന്തരമില്ലാത്ത പ്രവര്‍ത്തികളായിരുന്നു ആ ജീവിതത്തിന്റെ മഹത്വം.

ആര്‍.കെ.കെ മ്യുസിയത്തിലും ഈ സമഭാവന നിലനിര്‍ത്താന്‍ ബെറ്റി മനപ്പൂര്‍വ്വം ശ്രദ്ധിച്ചിട്ടുണ്ട്. ഒരു മതത്തിനോടും പ്രത്യേക താല്പര്യമോ അകല്‍ച്ചയോ ഇവിടെയുള്ളവയില്‍ കാണാന്‍ കഴിയില്ല.

മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നവയില്‍ പ്രിയപ്പെട്ട പീസ് ഏതാണ്?


എല്ലാം ഒരു പോലെ പ്രിയപ്പെട്ടവ തന്നെ! എങ്കിലും ആത്മബന്ധം അനുഭവപ്പെടുന്ന ഒരു റിംഗ് ഉണ്ട് അക്കൂട്ടത്തില്‍. മാര്‍ഗരറ്റിന്റെ മരണ ശേഷം രവിയുടെ പിതാവ് കരുണാകരന്‍ രണ്ടാം വിവാഹം ചെയ്തതും ഒരു വിദേശ വനിതയെ ആയിരുന്നു- കരീന. ആ അമ്മ വെനീസില്‍ നിന്നും ബെറ്റിക്ക് സമ്മാനിച്ചതാണ് ഈ റിംഗ്. മൊസൈക്ക് കൊണ്ടുണ്ടാക്കിയ ഇത് വെനീസിലെ നാടുവാഴികളുടെ കോട്ടില്‍ തുന്നിപിടിപ്പിക്കുന്ന ഒന്നായിരുന്നു.

43,164 ക്രിസ്റ്റല്‍ പീസുകള്‍ ചേര്‍ത്തു നിര്‍മ്മിച്ച ഒരു 'ഫാല്‍ക്കന്‍' ബഹുമാനാര്‍ത്ഥം ബെറ്റിക്ക് സമ്മാനിച്ചത് സ്വരോസ്‌കി കമ്പനി തന്നെയാണ്. കൂടാതെ വെള്ളാരംകല്ലുകള്‍ (ക്രിസ്റ്റല്‍) തുന്നിപിടിപ്പിച്ച മനോഹരമായ ഒരു കറുത്ത സാരിയും അവര്‍ സമ്മാനിച്ചു. സാരിയുടുക്കുന്ന പതിവില്ലാത്തതിനാല്‍, നിശയിലെ വാനം പോലെ മിന്നിത്തിളങ്ങുന്ന ഈ സാരിയും മ്യൂസിയത്തിലെ പുതിയ ബ്ലോക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജീവിതത്തില്‍ നിരാശ അനുഭവപ്പെടാറില്ലേ?

അങ്ങനെയൊരു ശൂന്യത അനുഭവപ്പെടാത്തതാണ് എന്റെ ശക്തി എന്ന് എനിക്ക് തോന്നുന്നു. ചിലപ്പോഴെല്ലാം സങ്കടം തോന്നാറുണ്ട്. പക്ഷെ അത് ഒരു പുസ്തകം വായിക്കുവാന്‍ എടുക്കുന്ന സമയത്തില്‍ അധികം നീണ്ടുപോകാറില്ല. ജീവിതത്തില്‍ എപ്പോഴും സന്തോഷം നിറയ്ക്കാനാണ് ഞാന്‍ ശ്രമിക്കുക. എനിക്ക് ശേഷം എന്ത് എന്ന ചോദ്യമാണ് പലരിലും നൈരാശ്യം ഉണ്ടാക്കുന്നത്. അതിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ അവയെ അതിജീവിക്കാന്‍ എളുപ്പമാണ്.

നിരാശപ്പെടാന്‍ ഞാന്‍ എന്നെ അനുവദിക്കാറില്ല എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ തിരക്കുകള്‍ നിറഞ്ഞാല്‍ പിന്നെ എവിടെയാണ് അതിന് സമയം. പല രാജ്യങ്ങളിലും എനിക്ക് സുഹൃത്തുക്കള്‍ ഉണ്ട്. എനിക്ക് നേരിട്ട് പരിചയം ഉള്ളവരും ഇല്ലാത്തവരും! അവര്‍ വിളിക്കുകയും കത്തുകള്‍ അയക്കുകയും ചെയ്യാറുണ്ട്.

[caption id="attachment_52295" align="alignleft" width="405"]betty 6 ആര്‍കെകെ മ്യൂസിയം ആലപ്പുഴ[/caption]

ഞാന്‍ ഒരു കാര്യം ഇഷ്ടപ്പെട്ടാല്‍ വേഗത്തില്‍ അതിന് അടിമപ്പെട്ടു പോകുന്ന ഒരു സ്വഭാവക്കാരിയാണ്. വേഗത്തില്‍ മാത്രമല്ല, ആഴത്തിലും ഞാന്‍ അതിന് കീഴ്‌പ്പെട്ടു പോകും. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങള്‍ ഒഴിവാക്കി ജീവിക്കുന്നതാണ് യുക്തി- ബെറ്റി സ്വയം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൊന്നും തിരഞ്ഞാല്‍ ബെറ്റിയെ കണ്ടെത്താനാവില്ല.പരിചാരിക നീട്ടിയ കാപ്പി ഞാന്‍ മെല്ലെ രുചിക്കുമ്പോള്‍, ബെറ്റി ഐസ് ഇട്ട തണുത്ത വെള്ളം പതുക്കെ ആസ്വദിച്ചു കുടിക്കുകയായിരുന്നു.

'ഇതെന്റെ മറ്റൊരു ദുശ്ശീലമാണ്..എത്ര പനിയുണ്ടെങ്കിലും ഐസ് ഇട്ട തണുത്ത വെള്ളമാണ് ഞാന്‍ കുടിക്കുക. പ്രതിരോധിക്കുവാനുള്ള ത്വരയുടെ ഒരു സ്വാഭാവിക രീതി കൂടിയാകാം അത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെ ബാധിച്ചിട്ടില്ല എന്നുള്ളതാണ് ആശ്വാസം'

പ്രതിസന്ധികളെ എങ്ങനെ വിവേകപ്പൂര്‍വ്വം അതിജീവിക്കണം എന്ന് ബെറ്റി കരുണാകരന് അറിയാം... അവര്‍ ജീവിതവുമായി പ്രണയത്തിലാണ്. അത് തന്നെയാണ് ഈ പുഞ്ചിരിക്ക് ബെറ്റി എന്ന പേര് സായത്തമാകാനും കാരണം!ആര്‍.കെ.കെ മ്യൂസിയം ആലപ്പുഴയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: http://rkkmuseum.com/