ചരിത്രമെഴുതി ബംഗളുരു എഫ്സി എഎഫ്സി കപ്പ് ഫൈനലിൽ

രണ്ടാം പാദ സെമി മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മലേഷ്യൻ ക്ലബ് ജോഹോർ ദാറുൽ താസിമിനെ ഒന്നിനെതിരെ മൂന്നു ഗോളുകകൾക്ക് തോൽപ്പിച്ചാണ് ബംഗളുരുവിന്റെ ചരിത്രനേട്ടം. മലേഷ്യയിൽ നടന്ന ആദ്യപാദ സെമി മത്സരം 1-1ന് സമനിലയിൽ കലാശിച്ചിരുന്നു.

ചരിത്രമെഴുതി ബംഗളുരു എഫ്സി എഎഫ്സി കപ്പ് ഫൈനലിൽ

ബംഗളൂരു: ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിൽ മലേഷ്യൻ ചാമ്പ്യൻമാരായ ജോഹോർ ദാറുൽ താസിമിനെതിരെ നടന്ന എ.എഫ്.സി കപ്പ് രണ്ടാം പാദ സെമിയിൽ ബംഗളുരു എഫ്.സിക്ക് ഒന്നിനെതിരെ മൂന്നുഗോളുകളുടെ ജയം. മത്സരത്തിലുടനീളം സമ്പൂർണ്ണ ആധിപത്യത്തോടെ കളിച്ച ബംഗളുരു എഫ്.സി ഇതോടെ ഭൂഖണ്ഡപ്പോരാട്ടത്തിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ഫുട്‌ബോൾ ടീമെന്ന ഖ്യാതിയും സ്വന്തമാക്കി.

മലേഷ്യയിലെ ജോഹോറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ സെമി മത്സരം 1-1 ന് സമനിലയിൽ കലാശിച്ചിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച ബംഗളുരുവിൽ നടന്ന മത്സരം വളരെ നിർണ്ണായകമായിരുന്നു. ജയിക്കുന്നവർക്ക് ഫൈനൽ പ്രവേശനമെന്ന സാഹചര്യം. ആവേശകരമായ മത്സരത്തിൽ നിലവിലെ എ.എഫ്.സി ചാമ്പ്യൻമാർ കൂടിയായ ജോഹോറാണ് ആദ്യം ഗോൾവല  കുലുക്കിയത്. മലേഷ്യൻ ക്യാപ്റ്റൻ സഫീഖ് റഹിം 11-ആം മിനുറ്റിൽ തന്നെ അതിഥികളെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതി  അവസാനിക്കും മുൻപേ 41-ആം മിനുറ്റിൽ ബംഗളുരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ മടക്കി. പിന്നീട് 67-ആം മിനുറ്റിൽ ഛേത്രിയുടെ വലതുകാലിൽ നിന്നും 75-ആം മിനുറ്റിൽ ജുവാൻ അന്റോണിയോയുടെ തലയിൽ നിന്നും പന്ത് മലേഷ്യൻ ക്ലബ്ബിന്റെ

വലയ്ക്കുള്ളിൽ പ്രവേശിച്ചതോടെ പിറന്നത് പുതുചരിത്രം.

നാലു ഇന്ത്യൻ ക്ലബ്ബുകൾ ഇതുവരെ എ.എഫ്.സി കപ്പിന്റെ സെമിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും ആരും ഇതേവരെ ഫൈനലിൽ പ്രവേശിച്ചിരുന്നില്ല. ഈ ചരിത്രമാണ് മലയാളി താരങ്ങളായ റിനോ ആന്റോ, സി.കെ. വിനീത് എന്നിവരുൾപ്പെട്ട ബംഗളുരു എഫ്.സി മാറ്റിയെഴുതിയത്. കളി തുടങ്ങും മുൻപ് കണക്കിൽ മുൻപിൽ ജോഹോർ ദാറുൽ താസിം ആയിരുന്നു. ഇതുവരെ ബംഗളുരു അവരെ തോൽപ്പിച്ചിട്ടില്ലെന്നതും ഈ സീസനിൽ മലേഷ്യൻ ക്ലബ് തോൽവി അറിഞ്ഞിട്ടില്ലെന്നതും ഒരു ഇന്ത്യൻ ക്ലബ്ബും ഫൈനൽ പ്രവേശനം നേടിയിട്ടില്ലെന്നതും കണക്കിൽ പിറകിലാക്കിയിരുന്നു. എന്നാൽ ഇതെല്ലാം തിരുത്തിയെഴുതിയാണ് ആൽബെർട്ട് റോക്കയുടെ ശിഷ്യൻമാർ വിജയിച്ചത്.

മലേഷ്യയിലെ ആദ്യപാദ മത്സരത്തിൽ 5-3-2 എന്ന കേളീശൈലിയിലാണ് ബംഗളുരു എഫ്.സി
ഇറങ്ങിയതെങ്കിലും എതിരാളികളെ കടന്നാക്രമിക്കുന്ന 4-3-3 എന്ന ആക്രമണ ഫുട്‌ബോൾ ശൈലിയിലാണ് തിങ്ങിനിറഞ്ഞ ആരാധകർക്ക് മുൻപിൽ റോക്ക ടീമിനെ ഹോം ഗ്രൗണ്ടിൽ  ഇറക്കിയത്.

ജോഹോർ താരം സഫീ അലി ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്ത പന്ത് ബംഗളുരു ഗോളി അമരീന്തർ സിങ് കൈപ്പിടിയിലൊതുക്കാതെ കുത്തിയകറ്റാൻ ശ്രമിച്ചു. ഇതിനിടെ ബലൂൺ കണക്കെ ഉയർന്നുപൊങ്ങിയ പന്തിനെ ക്ലോസ് റേഞ്ചിൽ നിന്നും തലകൊണ്ട് കുത്തി ക്യാപ്റ്റൻ സഫീഖ് റഹീം വലയ്ക്കുള്ളിലാക്കിയതോടെയാണ് 11-ആം മിനുറ്റിൽ അതിഥികൾ മുന്നിലെത്തിയത്. പിന്നീട് 41-ആം മിനുറ്റിൽ ലിങ്‌ദോ എടുത്ത കോർണർ 12 വാര അകലെ നിന്നും ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലെത്തിച്ച് ഛേത്രി ഗോൾ മടക്കി. ഇതോടെ ഇടവേളയ്ക്ക് കളി നിറുത്തുമ്പോൾ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ.

67-ആം മിനുറ്റിൽ ക്യാപ്റ്റൻ ഛേത്രി വീണ്ടും മലേഷ്യൻ ഗോളി ഇസ്ഹാമിനെ കബളിപ്പിച്ചതോടെ ബംഗളുരു എഫ്.സി 2-1ന് മുൻപിൽ. മലയാളി താരം വിനീതിന് ജോൺസൺ നൽകിയ പന്ത് ക്യാപ്റ്റന് കൈമാറി. ബോക്‌സിന് പുറത്തു നിന്നും വലതുകാലിൽ പായിച്ച പന്ത് ജോഹോർ ഗോളി ഇസ്ഹാമിന് മുകളിലൂടെ വലയ്ക്കുള്ളിലേക്ക് പറന്നിറങ്ങി. ഇതോടെ ഗാലറിയിൽ വിജയാരവം. ഒരിക്കലും പ്രതീക്ഷിക്കാത്ത ആംഗിളിൽ നിന്ന് ഡിഫൻഡർമാരെ മറികടന്ന് ഗോൾമുഖത്തേക്ക്
പന്ത് എത്തില്ലെന്ന് കരുതിനിന്ന ഗോളിയുടെ പ്രതീക്ഷകളെ കബളിപ്പിച്ചായിരുന്നു സുനിൽ ഛേത്രിയുടെ പ്രതിഭ വ്യക്തമാക്കുന്ന രണ്ടാം ഗോൾ.

75-ആം മിനുറ്റിൽ ബംഗളുരുവിന് കിട്ടിയ ഫ്രീകിക്കിൽ നിന്നായിരുന്നു ജുവാൻ അന്റോണിയോയുടെ ഗോൾ പിറന്നത്. ലിങ്‌ദോ എടുത്ത ഫ്രീകിക്കിന് തലകൊണ്ട് വഴിതിരിച്ചുവിടേണ്ട ആവശ്യം മാത്രമേ അന്റോണിയോക്ക് ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബംഗളുരു വിജയവഴിയിലേക്കെന്ന് തന്നെ എന്നുറപ്പിച്ചു. ഇതിനിടെ ഇരുടീമുകളും പരുക്കൻ കളി പുറത്തെടുത്തെങ്കിലും ബംഗളുരുവിന്റെ വിജയം തടയാൻ ജോഹോർ ദാറുൽ താസിമിന് കഴിഞ്ഞില്ല. ഐ ലീഗ് ചാമ്പ്യൻമാരായ ബംഗളുരു എഫ്.സി ചരിത്രമെഴുതി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ.

Story by
Read More >>