ഈവർഷമാദ്യം 'ഹണി ട്രാപ്പില്‍' കുടുങ്ങിയത് വ്യോമസേനാ ഉദ്യോഗസ്ഥൻ കെകെ രഞ്ജിത്

സുന്ദരിയായ സ്ത്രീയുടെ ചിരിയില്‍ വീണു 'രഹസ്യങ്ങള്‍' പുറത്തു വിട്ട എയർമാന്റെ കഥയില്‍ നിന്നുമാണ് നമ്മള്‍ ഈ വര്‍ഷം ആരംഭിച്ചത് തന്നെ.

ഈവർഷമാദ്യം

ബിജെപി നേതാവ് വരുണ്‍ ഗാന്ധി 'ഹണി ട്രാപ്പില്‍' കുടുങ്ങിയോ ഇല്ലയോയെന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. പുറത്ത് വന്ന ചിത്രങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നത് വരെ അദ്ദേഹം നിരപരാധിയുമാണ്‌. വിദേശ വനിതകളെ അഥവാ ചാര സ്ത്രീകളെ ഉപയോഗിച്ച് ബിജെപി എംപിയും കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയുടെ പക്കല്‍ നിന്നും രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ആയുധ ദല്ലാളായ അഭിഷേക് വെര്‍മ ചോര്‍ത്തി ആയുധ മാഫിയയ്ക്കു കൈമാറിയെന്നാണ് ആരോപണം.


വശീകരണ ശക്തിയുള്ള ആണുങ്ങളെ അല്ലെങ്കില്‍ പെണ്ണുങ്ങളെ ഉപയോഗിച്ച് മറ്റൊരാളില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയോ ചെയ്യാന്‍ പാടില്ലാത്തത് ചെയ്യിക്കുകയോ ചെയ്യുന്ന പ്രക്രിയയ്ക്കാണ് 'ഹണി ട്രാപ്' എന്ന് പറയുന്നത്. ചാരപ്രവർത്തനത്തിന്റെ ഉത്ഭവകാലം മുതൽ തന്നെ അതിസാധാരണമായ രീതിയാണിതും.

അതേസമയം ഈ വർഷം ഹണി ട്രാപ്പില്‍ ചെന്നു ചാടുന്ന ആദ്യത്തെ ഇന്ത്യക്കാരനല്ല വരുണ്‍. സുന്ദരിയായ സ്ത്രീയുടെ ചിരിയില്‍ വീണു 'രഹസ്യങ്ങള്‍' പുറത്തു വിട്ട മറ്റൊരു ഇന്ത്യക്കാരന്റെ കഥയില്‍ നിന്നുമാണ് നമ്മള്‍ ഈ വര്‍ഷം ആരംഭിച്ചത് തന്നെ.

ranjith-kk

മുകളിലത്തെ ചിത്രത്തിൽ കാണുന്ന വ്യക്തിയാണ് കഥയിലെ (പ്രതി)നായകൻ. പേര് രഞ്ജിത് കെകെ, വയസ് 30. ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍മാനായിരുന്ന രഞ്ജിത് ഹണിട്രാപ്പില്‍ കുടുങ്ങി ജോലി നഷ്ടപ്പെട്ട് അകത്തുപോയ വ്യക്തിയാണ്.

ഈ വര്‍ഷമാദ്യം ഇന്ത്യന്‍ സൈന്യം തങ്ങളുടെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിയ ഉപദേശ സന്ദേശങ്ങളില്‍ ഒന്ന് ഹണി ട്രാപ്പിനെ പറ്റിയായിരുന്നു. അതിനു കാരണക്കാരനായത് രഞ്ജിത്തും.

കഴിഞ്ഞ വര്‍ഷം അവസാനം, കൃത്യമായി പറഞ്ഞാല്‍ 2015 ഡിസംബര്‍ 28നു ബത്തീടയില്‍ നിന്നുമാണ് എയര്‍മാനായ രഞ്ജിത് കെകെയെ ഡല്‍ഹി പോലീസും മിലിട്ടറി ഇന്റലിജന്‍സും എയര്‍ ഫോഴ്സ് ലൈസണ്‍ യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടുന്നത്.

damini_story-and-fb_647_123015011323

രാജ്യത്തെ എയര്‍ ബേസുകളെ കുറിച്ചുള്ള തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുന്ദരിയായ ഡാമിനി മാഗ്നറ്റെന്ന സ്ത്രീയുമായി പങ്കുവച്ചതിനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പദ്ധതികള്‍, പരീക്ഷണങ്ങള്‍, വ്യോമസേനയുടെ വിന്യാസം തുടങ്ങിയ കാര്യങ്ങള്‍ രഞ്ജിത് യുവതിയുമായി പങ്കുവച്ചിരുന്നു.

ബ്രിട്ടനിലെ അറിയപ്പെടുന്ന മാഗസീനില്‍ ജോലി നോക്കുന്ന ജേണലിസ്റ്റ് എന്ന നിലയിലാണ് യുവതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. തന്റെ ഏറ്റവും പുതിയ ആര്‍ട്ടിക്കിളിനു വേണ്ടിയാണ് വിവരങ്ങളെന്നു രഞ്ജിത്തിനെ ധരിപ്പിച്ചാണ് ഡാമിനി രഹസ്യങ്ങള്‍ ചോര്‍ത്തിയത്. ഇതിനു പ്രതിഫലമായി വിദേശ ബാങ്കില്‍ നിന്നും രഞ്ജിത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 30,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വേളയിലാണ്  ഡാമിനി ആദ്യമായി രഞ്ജിത്തിനെ തേടിയെത്തുന്നത്. രഞ്ജിത്തുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇമെയിലുകള്‍ വഴിയും സോഷ്യല്‍ മീഡിയ മെസ്സേജുകള്‍ വഴിയും ഇവര്‍ വിവരങ്ങള്‍ കൈമാറി.

'ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തക' എന്നത് യുവതിയുടെ സാങ്കല്പിക പ്രൊഫൈൽ മാത്രമായിരുന്നു.  പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചാര സ്ത്രീയായിരുന്നു അവരെന്ന് പിന്നീട് തെളിയുകയുണ്ടായി. അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.

രഞ്ജിത്തിന്റെ അറസ്റ്റോടുകൂടി സൈന്യം വീണ്ടും ഹണി ട്രാപിനെ ഗൌരവമായി കാണാന്‍ തുടങ്ങി.

ഫേസ്ബുക്കിലോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയയിലോ യാതൊരു തരത്തിലുള്ള അശ്ലീല വീഡിയോയും കാണരുതെന്നും നേരിട്ട് പരിചയമില്ലാത്ത വ്യക്തികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്നുമുള്ള ശക്തമായ മുന്നറിയിപ്പ് സൈന്യം തങ്ങളുടെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കി. ആദ്യമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ ഒരുങ്ങുന്ന കുട്ടിക്ക് സാധാരണ നല്‍കുന്ന ഉപദേശം ഇന്ത്യന്‍ സൈന്യത്തിന് ഔദ്യോഗികമായി നല്‍കിയത് അവര്‍ നേരിടാന്‍ സാധ്യതയുള്ള ഹണി ട്രാപ് വെല്ലുവിളികളെ മുന്നില്‍ കണ്ടു തന്നെയാണ്. ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോ ഉപയോഗിക്കുന്നതു മുതല്‍ തങ്ങളുടെ റാങ്കും സ്ഥലവും പോലും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തരുതെന്നു വരെ സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങളിലുണ്ട്.

രഞ്ജിത്തിനെ ട്രാപ്പില്‍ പെടുത്തി ഡാമിനി അപ്രത്യക്ഷയായി. വരുണിന്റെ വിധിയറിയാന്‍ കാത്തിരിക്കാം...