ബീഫും മുട്ടയും മാംസവും പാപമാകുമ്പോള്‍; ചുട്ട പപ്പടവും കുറെ ആദിവാസി കുട്ടികളും

ചില സാമൂഹ്യശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ഇന്ത്യയിൽ ഒരു ആഭ്യന്തരകലാപം ഉണ്ടാവുകയാണങ്കിൽ അത് ജാതിയുടെയോ മതത്തിന്റേയോ ഭാഷയുടെയോ പ്രാദേശികതയുടെയോ പേരിലാവില്ല; മറിച്ച് ഭക്ഷണസ്വാതന്ത്ര്യത്തിനു വേണ്ടിയാവും. മതമോ ജാതിയോ പോലെ ഒരു കേവല വിഷയമല്ല ഭക്ഷണം. അത് അടിസ്ഥാന ആവശ്യമാണ്. അതിനാൽ അത്തരം ഒരു കലാപത്തിന്റെ ഫലം മാരകമായിരിക്കും എന്നതിൽ രണ്ടു പക്ഷമില്ല. അത്തരമൊരു സാഹചര്യത്തിലേയ്ക്കു ഒരു അതിന്യൂനപക്ഷ ഭക്ഷണസംസ്‌ക്കാര സ്ഥാപനത്തിനായി ഈ മഹാരാജ്യത്തെ തള്ളിവിടണോ?- ഡോ. എം. കുര്യന്‍ തോമസ് സസ്യേതര ഭക്ഷണങ്ങളുടെ സാമൂഹ്യശാസ്ത്രം പറയുന്നു

ബീഫും മുട്ടയും മാംസവും പാപമാകുമ്പോള്‍; ചുട്ട പപ്പടവും കുറെ ആദിവാസി കുട്ടികളും

ഡോ. എം. കുര്യൻ തോമസ്

തിളച്ചുമറിയുന്ന ബീഫ് വിവാദത്തിൽ അധികം ശ്രദ്ധയാകർഷിക്കപ്പെടാതെ പോയ ഒരു വാർത്തയാണ് ഈ കുറിപ്പിന് ആധാരം. ഒരു ഇന്ത്യൻ സംസ്ഥാനത്ത് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന ആദിവാസിക്കുട്ടികൾക്ക് മുട്ട കൊടുക്കാനുള്ള പദ്ധതി അവസാനനിമിഷം തടഞ്ഞത്രെ. കാരണം, മുഖ്യമന്ത്രി സമ്പൂർണ്ണ സസ്യാഹാരിയാണ്! ഈ കടുത്ത മനുഷ്യാവകാശലംഘനം ബീഫിൽ മുങ്ങി ലോക ശ്രദ്ധയിൽനിന്നും വിട്ടുപോയി.

ബീഫ് വിവാദത്തിന്റെ താത്വിക അവലോകനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ അതുമായി ബന്ധപ്പെട്ടുയർന്ന ഗുരുതരമായ ഒരു സാമ്പത്തിക അഴിമതി ആരോപണം പ്രസ്താവിക്കാതിരിക്കാൻ തരമില്ല. ഇന്ത്യയിൽനിന്നും മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന 'സ്വാധീനമുള്ള' എതാനും സ്ഥാപനങ്ങൾക്ക് തുച്ഛവിലയ്ക്ക് അസംസ്‌കൃതവസ്തു - മാടുകൾ - ലഭ്യമാക്കാനാക്കാണ് ഈ നിരോധനം എന്നു ചിലർ ആരോപിക്കുന്നു. ആഭ്യന്തര ഉപഭോഗം കുറ്റകരമാകുമ്പോൾ കിട്ടുന്ന വിലയ്ക്ക് അവയെ കൈയ്യൊഴിയാൻ കർഷകർ നിർബന്ധിതരാകും. ഈ അവസ്ഥ സംജാതമാക്കുകയത്രെ നിരോധനത്തിന്റെ യഥാർത്ഥ ലക്ഷ്യം!


ആരോപണം ഉയർന്നതോടെ കയറ്റുമതി ചെയ്യാവുന്ന മാട്ടിറച്ചിയുടെ നിർവചനത്തിൽ മാറ്റം വരുത്തിയെന്നും, പശു/കാള ഇറച്ചി അതിൽനിന്ന് ഒഴിവാക്കി എന്നും കയറ്റുമതി മന്ത്രാലയം പത്രക്കുറിപ്പിറക്കി. പക്ഷേ അത്തരം സ്ഥാപനങ്ങളുടെ പട്ടിക സോഷ്യൽ മീഡിയ പുറത്തുവിട്ടെങ്കിലും ആ സ്ഥാപനങ്ങൾ പുതിയ നിബന്ധന പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ നാമമാത്രമായെങ്കിലും ഒരു 'ഡി.എൻഎ.' പരിശോധന നടത്തിയതായി സൂചനകളില്ല.

Fried Egg isolated on white

പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ചുളുവിലയ്ക്ക് മാടുകളെ ലഭിക്കും എന്നു കരുതുന്നത് മൗഢ്യമാണ്. കാരണം ഇന്ത്യയിൽ ഭക്ഷണാവശ്യത്തിനായി മാടുകളെ വളർത്തുന്നില്ല എന്നതുതന്നെ. കൃഷിയുടെ - ഭൂരിപക്ഷവും ധാന്യ കൃഷിയുടെ - ഉപോല്പന്നമാണ് മാട്ടിറച്ചി. മൂരികൾ, ഉല്പാദനശേഷിയില്ലാത്തതും, പാലുല്പാദനകാലം അവസാനിച്ചതുമായ കറവമാടുകൾ, ഉപയോഗ ശൂന്യമായ ഉഴവുമാടുകൾ ഇവയാണ് മാംസമാക്കി മാറ്റപ്പെടുന്നത്. നെൽകർഷകനു വൈക്കോലിനും റബർ കർഷകനു സ്ലോട്ടർ ചെയ്ത റബർമരത്തിനും എന്നപോലെ ഉപോല്പന്നങ്ങൾക്ക് കിട്ടുന്ന വിലയും കാർഷികസാമ്പത്തിക വ്യവസ്ഥയിൽ സുപ്രധാനമാണ്. തങ്ങളുടെ ഉപോല്പന്നമായ മാടുകൾക്കു വില ലഭിക്കതെ വരുമ്പോൾ കർഷകർ സ്വാഭാവികമായും അവയെ വളർത്തുന്നത് ഒഴിവാക്കും. ക്ഷീരമേഖലയുടെ തകർച്ചയാവും ആത്യന്തിക ഫലം. അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായി പറയപ്പെടുന്നു.

ബീഫ് വിവാദം അവിടെ നിൽക്കട്ടെ. മുഖ്യ വിഷയത്തിലേയ്ക്കു വരാം. ഒരു സംസ്ഥാനത്തെ ആദിവാസിക്കുട്ടികൾക്ക് മുട്ട കൊടുത്തില്ല എന്നതിനെ ഒരു പ്രാദേശിക പ്രശ്‌നമായി നിസാരവല്ക്കരിക്കാനാവില്ല. കാരണം ഒരു ഗൂഢാലോചനയെപ്പറ്റി ഏതാനും വർഷങ്ങളായി ഉയരുന്ന കടുത്ത ആരോപണങ്ങളാണ്. ഇന്ത്യൻ ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെമാത്രം വരുന്ന ഒരു വിഭാഗത്തിന്റെ ഭക്ഷണസംസ്‌ക്കാരം 120 കോടി ഇന്ത്യാക്കരുടെമേൽ അടിച്ചേല്പിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ആരോപണം. മാംസരഹിത ഇന്ത്യ - സമ്പൂർണ്ണ സസ്യാഹാര ഇന്ത്യ - അതാണത്രെ അവരുടെ ലക്ഷ്യം. ഇതിനു ചുക്കാൻ പിടിക്കുന്നത് ആ വിഭാഗത്തിനു വ്യക്തമായ മേല്‌ക്കൈ ഉള്ള കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരാണെന്നും ആരോപിക്കപ്പെടുന്നു.

ഏതാനും വർഷം മുമ്പ് കേന്ദ്ര മന്ത്രാലയത്തിലെ ഒരു 'മൂത്ത ഗുമസ്തൻ' ഇറക്കിയ സർക്കുലർ പ്രകാരം മുയൽ, ഒട്ടകം, പട്ടി, കാടപ്പക്ഷി മുതലായവയെ ഭക്ഷണാവശ്യത്തിനു ഉപയോഗിക്കാൻ പാടില്ല! ഇവയൊന്നും 'ഭക്തി' പരിവേഷത്തിൽ വരുന്നവയല്ലെന്ന വസ്തുത വിസ്മരിച്ചാൽത്തന്നെ, അപ്രകാരം നിരോധിക്കാനാവുമോ എന്ന ചോദ്യവും, ടിയാന് അതിനുള്ള അധികാരമുണ്ടോ എന്ന ചോദ്യവും നിലനിൽക്കുന്നു. ഉത്തരവു സ്വീകരിച്ച സംസ്ഥാനത്തെ കേന്ദ്ര സർവീസുകാരൻ 'ഭക്ത്യാദരപൂർവം' അതു നടപ്പാക്കി എന്നു വേണം മനസിലാക്കാൻ. കാരണം മുയലിറച്ചിയും കാടമുട്ടയും ഇന്നു കേരളത്തിൽ കിട്ടാനില്ല. ഇതേകാലത്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ നബാർഡ് ഇറച്ചിമുയൽ വളർത്തലിന് ധനസഹായം നൽകിയിരുന്നു എന്നതാണ് വിരോധാഭാസം! അതായത് ടി. സർക്കുലർ കേന്ദ്രനയമല്ലായിരുന്നു എന്നു വ്യക്തം. ഒരു ഗൂഡാലോചന മണക്കുന്നില്ലേ? ഇതിനോടു ചേർത്തു വായിക്കാവുന്ന അനേകം സമാന സംഭവങ്ങളുണ്ട്. അവയിൽ ഏതാനും മാത്രം ചൂണ്ടിക്കാണിക്കാം.

beef-07

മാംസാഹാരത്തിനു യാതൊരു വിലക്കുമില്ലാത്ത കേരള സംസ്ഥാനത്തിലെ പോലീസ് അക്കാഡമിയിൽ ഒന്നര വർഷമായി ബീഫ് നിരോധിച്ചിരിക്കുകയാണന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി ആരോപണം ഉന്നയിച്ചത് ഏതാനും മാസം മുമ്പാണ്. അത് കേവലം ഒരു രാഷ്ട്രീയ ആരോപണം മാത്രമല്ലെന്ന് അതിനുത്തരവാദിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ പേരുസഹിതം കേരളത്തിലെ മുഖ്യധാരാ ദിനപ്പത്രങ്ങൾ റിപ്പോർട്ടു ചെയ്തതോടുകൂടി വ്യക്തമായി. ഇത്തരം ഒരു വിലക്കേർപ്പെടുത്താൻ ഇദ്ദേഹത്തെ ആരു ചുമതലപ്പടുത്തി? എന്തുകൊണ്ട് ഒരു ജനപ്രതിനിധി ആരോപണം ഉന്നയിച്ചിട്ടും മേലുദ്യോഗസ്ഥർ സമയത്തു നടപടി എടുത്തില്ല?

ഏതാനും വർഷം മുമ്പ് കേരളത്തിലെ ഒരു ജില്ലാ കലക്ടർ നടത്തിയ വിരുന്നിൽ സബ്‌കളക്ടർ (ട്രെയ്‌നി) വിളമ്പുകാരനെ പുലഭ്യം പറഞ്ഞ് ആക്രോശിച്ചു. കാരണം സസ്യാഹാരിയായ അദ്ദേഹം പങ്കെടുക്കുന്ന വിരുന്നിൽ മറ്റുള്ളവർക്ക് മത്സ്യം വിളമ്പി! മര്യാദകെട്ടതും ലജ്ജാവഹവുമായ ഈ നടപടിയിൽ പ്രതിഷേധിച്ച് അതിഥികൾ ഒന്നടങ്കം ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി. അവസാനം പാവം കലക്ടർക്ക് അവരോടു വ്യക്തിപരമായി ക്ഷമചോദിക്കേണ്ടിവന്നു.

വന്നുവന്ന് വർത്തമാനകാല സംഭവങ്ങളിൽ ഡൽഹി ജെ.എൻ.യു.വിലെ വിദ്യാർത്ഥികൾ നടത്തുന്ന 'ദേശദ്രോഹ' പട്ടികയിൽ 'അവർ മാംസം ഭക്ഷിക്കുന്നവരാണ്' എന്നുവരെ പോലീസ് എഴുതിച്ചേർക്കുന്ന നിലയിലെത്തി! 'ദിവസേനെയുള്ള ചിട്ട, ഭക്ഷണത്തോടൊപ്പം മുട്ട' എന്ന പരസ്യം കണ്ടുണർന്ന കാലം വിദൂരമല്ലാത്ത ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത് എന്ന് ചിന്തിക്കണം! മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളേയും മാംസാവശ്യത്തിനുള്ള ബ്രോയിലർ മുയലുകളേയും വികസിപ്പിച്ചെടുത്തതിൽ ഇന്ത്യൻ ഗവേഷണസ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ടെന്ന വസ്തുതയും കണക്കിലെടുക്കണം. അതേ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സസ്യഭക്ഷണം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഇന്നു നടക്കുന്നത്! എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിൽ അസസ്യ ഭക്ഷണം ഒഴിവാക്കിയത് സമീപകാലത്താണ്. ഇവയൊക്കയും വിരൽചൂണ്ടുന്നത് മുകളിൽ സൂചിപ്പിച്ച അതിന്യൂനപക്ഷത്തിന്റെ ഭക്ഷണസംസ്‌ക്കാരം ബഹുഭൂരിപക്ഷത്തിന്റെമേൽ അടിച്ചേല്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു എന്ന ആരോപണത്തിൽ കഴമ്പ് ഉണ്ടന്നാണ്. കാലങ്ങളായി തുടരുന്ന ഈ സംഭവപരമ്പര പരിശോധിച്ചാൽ ഇക്കാര്യത്തിന് കേന്ദ്ര ഉദ്യോഗസ്ഥതലത്തിൽ ഗൂഡാലോചന നടക്കുന്നുവെന്ന് ആരെങ്കിലും ആരോപിച്ചാൽ അത് നിഷേധിക്കുവാൻ ബുദ്ധിമുട്ടാകും. ആഭ്യന്തര വിപണിയിൽ ബീഫ് നിരോധിക്കുകയും അതേ സമയം ബീഫ് കയറ്റുമതി പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതും 'മാംസരഹിത ഇന്ത്യ'യിലേയ്ക്കുള്ള ചുവടുവെപ്പാണന്നു ആരോപിച്ചാലും നിഷേധിക്കാനാവില്ല. മുട്ടനിഷേധ വിവാദത്തെ ഈ സംഭവ പരമ്പരകളുമായി ബന്ധിപ്പിച്ചുവേണം പരിഗണിക്കുവാൻ.

Grilled trout

ഇവിടെയാണ് ഈ ലേഖനത്തിന്റെ തലക്കെട്ട് പ്രസക്തമാകുന്നത്. ഹാസ്യാനുകരണക്കാരുടെ ഭാഷയിൽ കേരളത്തിലെ ഒരു മുൻമുഖ്യമന്ത്രിയുടെ ഇഷ്ടഭക്ഷണം പൊടിയരിക്കഞ്ഞിയും ചുട്ടപപ്പടവും ആണത്രെ! അതുകൊണ്ട് അദ്ദേഹം ഭരിക്കുന്ന കാലത്ത് കേരളത്തിലെ സർക്കാർ ആശുപത്രികൾ, സാനിട്ടോറിയം, ജയിൽ, പോലീസ് ക്യാമ്പ് മുതലായ സ്ഥലങ്ങളിൽ പൊടിയരിക്കഞ്ഞിയും ചുട്ടപപ്പടവും മാത്രമേ വിളമ്പാവു എന്നു നിഷ്‌ക്കർഷിച്ചാൽ എങ്ങിനെ ഇരിക്കും? മറ്റൊരു മുഖ്യമന്ത്രി എല്ലാ മലയാളമാസം ഒന്നാം തീയതിയും തന്റെ ഇഷ്ടക്ഷേത്രദർശനം നടത്തുമായിരുന്നു. അതുകൊണ്ട് കേരള സർക്കാർ ഉദ്യോഗസ്ഥരെല്ലാം അന്ന് ആ ക്ഷേത്രം സന്ദർശിക്കണമെന്ന് ഉത്തരവിട്ടാലോ? അത്തരമൊരു വിചിത്രമായ ന്യായമാണ് പാവം ആദിവാസിക്കുട്ടികളുടെ പോഷകാഹാരപദ്ധതി തടഞ്ഞതിനു നിരത്തുന്നത്. മുഖ്യമന്ത്രി സസ്യാഹാരിയാണ്! അതിനു ആദിവാസികൾ എന്തുവേണം?

എന്തുതന്നെ വാദങ്ങൾ നിരത്തിയാലും കടുത്ത പോഷകാഹാര - പ്രത്യേകിച്ചും മാംസ്യം - കുറവു അനുഭവപ്പെടുന്ന ആദിവാസിക്കുട്ടികൾക്ക് മുട്ട നിഷേധിച്ചതിനെ നീതിനിഷേധം ആയി മാത്രമേ കാണാനാവു. അപരിചിത ഭക്ഷണം അവരുടെമേൽ അടിച്ചേല്പ്പിക്കുകയല്ല. കഴിക്കാൻ മാർഗ്ഗമില്ലെങ്കിലും മുട്ട അവരുടെ ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമാണ്. ആരുടെയെങ്കിലും സ്വകാര്യ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസൃതമായി തികച്ചും ഫലപ്രദവും ചെലവുകുറഞ്ഞതുമായ ഈ പോഷകാഹാര വിതരണം തടസപ്പെടുത്തിയതിനു കാലം മാപ്പു കൊടുക്കില്ല. പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ മുതലായവ ഉപയോഗിച്ച് ഇതേ ഫലം ഉണ്ടാക്കാമെന്നു വാദിച്ചേക്കാം. പക്ഷേ അതിന്റെ ചെലവും അപ്രായോഗിതയും വഴിയിൽ 'തൂകി പോകുന്നതും' കണക്കാക്കിയാൽ അസംഭവ്യം എന്നുതന്നെ പറയേണ്ടിവരും. മനുഷ്യൻ ഇഷ്ടമുള്ളതു കഴിക്കട്ടെ, ഞാൻ എന്റെ ആദർശം അനുസരിച്ച് ജീവിക്കും എന്നു ചിന്തിക്കാനുള്ള മനഃസ്ഥിതി അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്ക് ഉണ്ടായേ തീരു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ഭരണാധികാരിയുടേയോ ഉന്നതോദ്യോഗസ്തന്റെയോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കോ വിശ്വാസങ്ങൾക്കോ അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ പ്രസക്തിയില്ല. മറിച്ചുള്ള പ്രവർത്തനം ഭരണഘടനാ ലംഘനമാണ്.

ഈ ലേഖകന്റെ കാഴ്ചപ്പാടിൽ വന്യമൃഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവ ഒഴികെയുള്ള ജീവികളെ വളർത്താനും, വിൽക്കാനും, വാങ്ങാനും, കൊല്ലാനും, ഭക്ഷിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് എന്തു കാരണത്താലും തടസപ്പെടുത്തുന്നത് മൗലികാവകാശ ലംഘനമല്ലേ എന്നു നിയമജ്ഞാനം ഉള്ളവർ ചിന്തിക്കുക. സ്വന്തം മതതത്വങ്ങൾ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കാം. പക്ഷേ അത് അടിച്ചേൽപ്പിക്കാൻ കയ്യൂക്കിനേയോ നിയമത്തേയോ ഭരണകൂടത്തേയോ കൂട്ടുപിടിക്കരുത്. അത് മനുഷ്യാവകാശ ലംഘനമാണ്.

കൂട്ടത്തിൽ പറയട്ടെ, കേരളത്തിൽ സമ്പൂർണ്ണ മദ്യനിരോധനം എർപ്പെടുത്തണമെന്ന് സമീപകാലത്ത് ഇരുമുന്നണികളോടും 'അമർച്ചയായി കല്പിച്ച' മതാദ്ധ്യക്ഷനും പിന്തുടരുന്നത് ഇതേ അടിച്ചേല്പിക്കൽ നയംതന്നെയാണ്. സ്വന്തം മതാനുയായികളെ ഉപദേശിക്കാനല്ലാതെ തന്റെ മതത്തിന്റെ നയം നടപ്പാക്കാൻ സർക്കാരിന്റെയോ രാഷ്ട്രീയപാർട്ടികളുടെയോ മേൽ സമ്മർദ്ദം ചെലുത്താൻ ആർക്കും അവകാശമില്ല. ആരോഗ്യപ്രശ്‌നം എന്നൊന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാവില്ല. സമൂഹത്തെ പൊതുവായി ബാധിക്കുന്ന അതിലും വലിയ ആരോഗ്യ പ്രശ്‌നങ്ങൾ കേരളത്തിലുണ്ട്. വിഷപ്പച്ചക്കറി, മാലിന്യം, കുടിവെള്ളം അവയിലൊന്നും കാണാത്ത 'തീക്ഷ്ണത' ഈ വിഷയത്തിൽ കാണിക്കുന്നത് ഒരുതരം മതാധിപത്യം തന്നെയാണ്.

ചില സാമൂഹ്യശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ഇന്ത്യയിൽ ഒരു ആഭ്യന്തരകലാപം ഉണ്ടാവുകയാണെങ്കിൽ അത് ജാതിയുടെയോ മതത്തിന്റേയോ ഭാഷയുടെയോ പ്രാദേശികതയുടെയോ പേരിലാവില്ല; മറിച്ച് ഭക്ഷണസ്വാതന്ത്ര്യത്തിനു വേണ്ടിയാവും. മതമോ ജാതിയോ പോലെ ഒരു കേവല വിഷയമല്ല ഭക്ഷണം. അത് അടിസ്ഥാന ആവശ്യമാണ്. അതിനാൽ അത്തരം ഒരു കലാപത്തിന്റെ ഫലം മാരകമായിരിക്കും എന്നതിൽ രണ്ടു പക്ഷമില്ല. അത്തരമൊരു സാഹചര്യത്തിലേയ്ക്ക് ഒരു അതിന്യൂനപക്ഷ ഭക്ഷണസംസ്‌ക്കാര സ്ഥാപനത്തിനായി ഈ മഹാരാജ്യത്തെ തള്ളിവിടണോ?

വാൽക്കഷണം: വൃതാസുരനെ വധിക്കാൻ ദധീചമഹർഷിയുടെ അസ്ഥികൊണ്ടുണ്ടാക്കിയ ആയുധംവേണമെന്ന ബ്രഹ്മാവിന്റെ ഉപദേശമനുസരിച്ച് ഇന്ദ്രാദി ദേവന്മാർ ശോണാനദിയുടെ തീരത്തു തപസുചെയ്യുന്ന ദധീചനെ സമീപിച്ചു. തന്റെ അസ്ഥികൾകൊണ്ട് ദേവന്മാർക്ക് എന്തെങ്കിലും ഉപകാരം ഇണ്ടെങ്കിൽ എടുത്തുകൊള്ളുവാൻ പറഞ്ഞ് അദ്ദേഹം ജീവൻ വെടിഞ്ഞു. ദേവന്മാർ ശേഖരിച്ച അദ്ദേഹത്തിന്റെ അസ്ഥികൊണ്ട് വിശ്വകർമ്മാവ് പ്രസിദ്ധമായ വജ്രായുധം നിർമ്മിച്ചു. (മഹാഭാരതം - വനപർവം)

തപോധനനായ ഒരു മഹർഷിയുടെ ജീവനേക്കാൾ വിലയുണ്ടോ വിശപ്പെന്ന അസുരനെ നശിപ്പിക്കാൻ വധിക്കപ്പെടുന്ന ഒരു നാൽക്കാലിക്ക്? സമൂഹത്തിനുവേണ്ടി സ്വന്ത ശരീരം ദാനം ചെയ്ത ആ മഹർഷിയുടേതല്ലേ യഥാർത്ഥ ആർഷസംസ്‌ക്കാരം?