ചരിത്രം കുറിക്കാൻ ബംഗളൂരു എഫ്‌.സി.

വർഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യൻ ക്ലബുകൾക്കൊന്നും സാധിക്കാതെ പോയ എ.എഫ്‌.സി കപ്പ്‌ ഫൈനൽ നേട്ടത്തിന്‌ തൊട്ടടുത്തെത്തി നിൽക്കുന്ന‌ മൂന്ന് വയസ്സ്‌ മാത്രം പ്രായമുള്ള ബംഗളൂരു ക്ലബിന്‌‌ എവേ ഗോളിന്റെ മുൻതൂക്കമുള്ളതിനാൽ നാളത്തെ കളിയിൽ ഗോൾ വഴങ്ങാതിരുന്നാൽ പോലും‌‌ ഫൈനലിലേക്ക്‌ മുന്നേറാം.

ചരിത്രം കുറിക്കാൻ ബംഗളൂരു എഫ്‌.സി.

പി വി ജുനൈസ്

AFC കപ്പ് സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ബംഗളൂരു എഫ്.സി നാളെ മലേഷ്യന്‍ ചാമ്പ്യന്മാരായ ജോഹര്‍ ദാറുല്‍ ത'സിമിനെ നേരിടും.

മലേഷ്യയില്‍ വച്ചു നടന്ന ആദ്യ പാദമത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.

ടൂര്‍ണ്ണമെന്റ് ചരിത്രത്തില്‍ സെമിഫൈനലിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്ലബായ ബംഗളൂരു എഫ്.സി നാളെ കണ്ഡീരവ സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഇറങ്ങുമ്പോള്‍ ചരിത്ര നേട്ടം തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ ക്ലബുകള്‍ക്കൊന്നും സാധിക്കാതെ പോയ എ.എഫ്.സി കപ്പ് ഫൈനല്‍ നേട്ടത്തിന് തൊട്ടടുത്തെത്തി നില്‍ക്കുന്ന മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ബംഗളൂരു ക്ലബിന് എവേ ഗോളിന്റെ മുന്‍തൂക്കമുള്ളതിനാല്‍ നാളത്തെ കളിയില്‍ ഗോള്‍ വഴങ്ങാതിരുന്നാല്‍ പോലും ഫൈനലിലേക്ക് മുന്നേറാം.


മുന്‍ ബാര്‍സലോണ അസിസ്റ്റന്റ് കോച്ചും ഫ്രാങ്ക് റെയ്ക്കാര്‍ഡിന്റെ വലംകയ്യുമായിരുന്ന ആല്‍ബര്‍ട്ട് റോക്ക എന്ന കോച്ചിന് കീഴിലിറങ്ങുന്ന ഐ-ലീഗ് ചാമ്പ്യന്മാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്ന് കോച്ചും താരങ്ങളും തറപ്പിച്ച് പറയുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

പക്ഷേ എതിരാളികളായ നിലവിലെ ചാമ്പ്യന്‍ കരുത്തരാണ്. മലേഷ്യന്‍ സൂപ്പര്‍ ലീഗടക്കം സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുള്ള ജോഹറിന് ടൂര്‍ണ്ണമെന്റില്‍ പിഴച്ച ഏക മത്സരം സെമിഫൈനലിന്റെ ആദ്യ പാദമായിരുന്നു. 53-ആം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം ഡയസിന്റെ ഗോളിലൂടെ മുന്നിലെത്തിയ ആതിഥേയര്‍ക്കെതിരെ ലിങ്ദോ ആയിരുന്നു സന്ദര്‍ശകര്‍ക്ക് വേണ്ടി സമനില ഗോള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ പത്ത് കളികളില്‍ നിന്ന് 32 ഗോളുകളടിച്ച് കൂട്ടിയ മലേഷ്യന്‍ ചാമ്പ്യന്‍ ടീം വഴങ്ങിയത് എട്ടെണ്ണം മാത്രം. അത്രയും കളികളില്‍ നിന്ന് 14 ഗോളുകള്‍ മാത്രമാണ് ബംഗളൂരു ഇത് വരെ സ്‌കോര്‍ ചെയ്തത്. അതേ സമയം സസ്പെന്‍ഷനും പരിക്കും കാരണം മൂന്ന് പ്രധാന താരങ്ങള്‍ക്ക് നാളത്തെ മത്സരത്തില്‍ ഇറങ്ങാനാകാത്തത് ജോഹര്‍ കോച്ച് മരിയോ ഗോമസിനെ കുഴയ്ക്കുന്നുണ്ട്.

ടൂര്‍ണ്ണമെന്റില്‍ ഇത് വരെ ആറു ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്ത രണ്ട് അര്‍ജന്റീനിയന്‍ മുന്നേറ്റനിരക്കാരും നാളെ പുറത്തിരിക്കുന്നവരില്‍ പെടും.

ആദ്യ പാദത്തില്‍ ജോഹര്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടിയ ജോണ്‍ ജോണ്‍സനും റിനോ ആന്റോയും ഉള്‍പ്പെടുന്ന പ്രതിരോധ നിരയില്‍ തന്നെയാണ് ബംഗളൂരുവിന്റെ പ്രതീക്ഷ, മുന്നേറ്റ നിരയില്‍ സുനില്‍ ചേത്രി, സി.കെ വിനീത് എന്നിവര്‍ ഫോമിലാണ്. മുന്‍ റയല്‍ വല്ലാഡോളിഡ് താരം ആല്‍വാരോ റൂബിയോയുടെ നേത്ൃത്വത്തിലുള്ള മധ്യനിരയും മികച്ച ഒത്തിണക്കം കാണിക്കുന്നുണ്ട്. കഴിഞ്ഞ കളിയിലെ അതേ കരുത്തോട് കൂടി ടീം കളിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ പുതു ചരിത്രം പിറക്കുമെന്നത് ഉറപ്പ്.

രാജ്യത്തിന്റെ ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായക മത്സരത്തിന് നാളെ ചേത്രിയും കൂട്ടരും ഇറങ്ങുമ്പോള്‍ ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികളുടെ മൊത്തം പിന്തുണ അവര്‍ക്കുണ്ട്.  കേരള ബ്ലാസ്റ്റേഴ്‌സടക്കമുള്ള ക്ലബുകളുടെ ആരാധകരും ബംഗളൂരുവിനെ പിന്തുണച്ച് കൊണ്ട് നാളെ കണ്ഡീരവ സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്ന് അറിയിച്ച് കഴിഞ്ഞു.

രാജ്യത്തിന്റെ മൊത്തം പ്രതീക്ഷകളുമായി ഇറങ്ങുന്ന ബംഗളൂരു എഫ്.സിക്ക് നാളെ ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാനായാല്‍ ഇന്ത്യന്‍ ഫുട്ബോളിന് പുതിയൊരു ഊര്‍ജ്ജമായിരിക്കും അത് നല്‍കിയേക്കുക.

മത്സരം വൈകീട്ട് ഏഴിന് സ്റ്റാര്‍ സ്‌പോര്‍ട്സില്‍ തത്സമയം.

Story by
Read More >>