സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എക്സ് പാർട്ടി വിധി; 1.61 കോടി നഷ്ടപരിഹാരം നൽകണം

ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എക്സ് പാർട്ടി വിധി; 1.61 കോടി നഷ്ടപരിഹാരം നൽകണം

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ ആദ്യ ശിക്ഷാ വിധി. വ്യവസായി എംകെ കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി അടക്കം കേസില്‍ പ്രതികളായ നാലുപേരും 1.61 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബംഗളുരു കോടതി വിധിച്ചിരിക്കുന്നത്. ബംഗളുരു ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിഭാഗം ഹാജരാകാഞ്ഞതിനാൽ എക്സ്-പാർട്ടിയായാണ് വിധി.


ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍.

ചില പ്രൈവറ്റ് കമ്പനികള്‍ക്ക് വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടും ഫോണിലൂടേയും ഉറപ്പു നല്‍കിയെന്നാണ് കുരുവിളയുടെ പരാതി. എറണാകുളം ആസ്ഥാനമായുളള സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്കു വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതെന്നും കുരുവിള പരാതിയില്‍ ആരോപിക്കുന്നു. പ്രസ്തുത കമ്പനികള്‍ വഴി സോളാര്‍ സംസ്ഥാനത്ത് ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി.

4000 കോടി രൂപയുടെ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നാല്‍പ്പത് ശതമാനം ഇളവുചെയ്യിച്ചു നല്‍കാമെന്നും പ്രത്യുപകാരമായി അതിന്റെ 25%, അതായത് 1000 കോടി രൂപ, നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടുവെന്നുമാണ് കുരുവിള പറയുന്നത്. പദ്ധതി നടപ്പിലായില്ലെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി 2015 മാര്‍ച്ച് 23ന് കുരുവിള പരാതി നല്‍കുകയായിരുന്നു. ഒരു കോടി മുപ്പത്തി ആയ്യായിരം രൂപയും അതിന്റെ പതിനെട്ട് ശതമാനം പലിശയും തിരിച്ചു കിട്ടണമെന്ന് കാട്ടിയാണ് കുരുവിള പരാതി നല്‍കിയത്.

കുരുവിളയുടെ വാക്കുകൾ
2012 ഒക്ടോബര്‍ 11 ന് ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. ഒരു കോടി 35 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇവര്‍ പറ്റിക്കുകയാണെന്ന് കണ്ടപ്പോഴാണ് ഉമ്മന്‍ചാണ്ടിയെ കാണാന്‍ ക്ലിഫ് ഹൗസില്‍ പോയത്. രഹസ്യ ചര്‍ച്ചയായിരുന്നു.

വീടിന്റെ മുകളില്‍ വെക്കുന്ന ചെറിയ സോളാര്‍ പദ്ധതിയാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി കരുതിയത്. പിന്നീടാണ് വലിയ പ്രൊജക്ട് ആണെന്ന് മനസ്സിലായത്. അപ്പോഴാണ് ഡിറ്റെയ്ല്‍സ് ചോദിക്കുന്നത്.

നാലഞ്ച് കോടി വരുമോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. നാലായിരം കോടി യുകെ കണ്‍സോര്‍ഷ്യമാണ് ഇന്‍വെസ്റ്റ് ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇരുപത്തിയഞ്ച് ശതമാനം തുക തരുകയാണെങ്കില്‍ എല്ലാ ക്ലിയറന്‍സും തരാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആയിരം കോടി രൂപ വരുമെന്നാണ് പറഞ്ഞത്. എനിക്കത് തരാന്‍ കഴിയില്ലെന്ന് പറഞ്ഞു. യു കെ കണ്‍സോര്‍ഷ്യമാണല്ലോ ഇന്‍വെസ്റ്റ് ചെയ്യുന്നത്. മൂന്ന് നാല് അക്കൗണ്ടുകള്‍ തരാം അതിലേക്ക് തുക ട്രാന്‍സ്ഫര്‍ തരാമെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

നാലായിരം കോടി മുടക്കുന്ന കമ്പനിയോട് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആയിരം കോടി രൂപ നല്‍കാന്‍ പറഞ്ഞാല്‍ അവര്‍ എന്റെ മുഖത്തടിക്കുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. വേണമെങ്കില്‍ പ്രൊഫിറ്റിന്റെ പതിനഞ്ച് ശതമാനം നല്‍കാന്‍ ശ്രമിക്കാം എന്നും പറഞ്ഞു.

വായിക്കുക: 


സോളാര്‍ ശിക്ഷ: ഉമ്മന്‍ചാണ്ടി എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടി വരുംRead More >>