ഐഎസ്ആര്‍ഒയില്‍ നിന്നുള്ള രാസമാലിന്യം കടലില്‍ ഒഴുക്കാനുള്ള ശ്രമം തടഞ്ഞു; മാലിന്യം കയറ്റിയ ബാര്‍ജ് പെരിയാര്‍ തീരത്ത് കുടുങ്ങിക്കിടക്കുന്നു

14 ലോറികളിലായി കൊണ്ടുവന്ന ഒരു ലക്ഷം ലിറ്ററോളം രാസമാലിന്യം ബാര്‍ജിനുള്ളില്‍ ഉണ്ടെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. രാസമാലിന്യം കടലില്‍ തള്ളുന്നത് മത്സ്യസമ്പത്തിന് ദോഷമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ബാര്‍ജ് തടഞ്ഞത്.

ഐഎസ്ആര്‍ഒയില്‍ നിന്നുള്ള രാസമാലിന്യം കടലില്‍ ഒഴുക്കാനുള്ള ശ്രമം തടഞ്ഞു; മാലിന്യം കയറ്റിയ ബാര്‍ജ് പെരിയാര്‍ തീരത്ത് കുടുങ്ങിക്കിടക്കുന്നു

കൊച്ചി: ഐഎസ്ആര്‍ഒയുടെ ആലുവയിലെ ഫാക്ടറിയില്‍ നിന്നുള്ള രാസമാലിന്യം കടലില്‍ ഒഴുക്കാനുള്ള ശ്രമം വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ എത്തിച്ച മാലിന്യം എടയാറിലെ ജെട്ടിയില്‍ അടുപ്പിച്ചിരുന്ന ബാര്‍ജില്‍ കയറ്റിയത്. നാലു ദിവസമായി ബാര്‍ജ് എടയാര്‍ തീരത്ത് കുടുങ്ങിക്കിടക്കുകയാണ്.

14 ലോറികളിലായി കൊണ്ടുവന്ന ഒരു ലക്ഷം ലിറ്ററോളം രാസമാലിന്യം ബാര്‍ജിനുള്ളില്‍ ഉണ്ടെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. രാസമാലിന്യം കടലില്‍ തള്ളുന്നത് മത്സ്യസമ്പത്തിന് ദോഷമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ബാര്‍ജ് തടഞ്ഞത്.

റോക്കറ്റ് വിക്ഷേപിക്കുന്നതിനുള്ള ഇന്ധനം നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന മലിനജലമാണ് തീരത്തു നിന്നും 15 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി ഒഴുക്കി കളയുന്നത്. ടിഷ നാവിഗേഷന്‍ ഇന്‍ക് എന്ന സ്ഥാപനമാണ് പുറം കടലില്‍ കൊണ്ടുപോയി മാലിന്യം തള്ളുന്നതിന് കരാറെടുത്തിരിക്കുന്നത്. വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ നിന്നുള്ള മാലിന്യം കടലില്‍ കൊണ്ടുപോയി ഒഴുക്കി കളയുകയാണ് ചെയ്യുന്നതെന്ന് ടിഷ നാവിഗേഷന്‍ അധികൃതര്‍ പറയുന്നു. മാലിന്യം ഫാക്ടറിയില്‍ നിന്നു കൊണ്ടുപോയതിനാല്‍ തിരികെ എടുക്കില്ലെന്ന നിലപാടിലാണ് ഐഎസ്ആര്‍ഒ.

തടഞ്ഞിട്ട ബാര്‍ജില്‍ നിന്ന് മലിനജലത്തിന്റെ സാംപിള്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ശേഖരിച്ചിട്ടുണ്ട്. അമോണിയം പെര്‍ക്ലോറൈറ്റ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള മലിനജലമാണ് ഇതെന്നാണ് മലിനീകരണനിയന്ത്രണബോര്‍ഡിന്റെ നിഗമനം. ലാബിലേക്കയച്ചിരിക്കുന്ന സാംപിള്‍ പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

മാലിന്യം കൊണ്ടുപോകുന്നതിന് ഐഎസ്ആര്‍ഒ നല്‍കിയ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ടിഷ നാവിഗേഷന്റെ വാദം. എന്നാല്‍ ഐഎസ്ആര്‍ഒയില്‍ നിന്നുള്ള മാലിന്യം കടലില്‍ തള്ളരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഗ്രീന്‍ ആക്ഷന്‍ ഫോഴ്‌സ്, സെന്റര്‍ ഫോര്‍ ഏലൂര്‍ ട്രേഡ് യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ബാര്‍ജ് തടഞ്ഞിട്ടത്.

Read More >>