ഇയാൻ ഹ്യൂമിന്റെ പെനാൽറ്റി ഗോളിൽ ഡൽഹിക്കെതിരെ കൊൽക്കത്തയ്ക്ക് ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന പദവിയും ഇയാൻ ഹ്യൂം സ്വന്തമാക്കി

ഇയാൻ ഹ്യൂമിന്റെ പെനാൽറ്റി ഗോളിൽ ഡൽഹിക്കെതിരെ കൊൽക്കത്തയ്ക്ക് ജയം

കൊൽക്കത്ത: ഇയാൻ ഹ്യൂമിന്റെ പെനാൽറ്റി ഗോളിന്റെ മികവിൽ ഡൽഹി ഡയനാമോസിനെതിരെ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്ക് വിജയം. 78-ആം മിനുറ്റിൽ ഇയാൻ ഹ്യൂം പെനാൽറ്റി ഗോൾ നേടുന്നതിന് മൂന്നു മിനുറ്റ് മുൻപ് ഡൽഹിക്കും ഒരു സ്‌പോട്ട് കിക്ക് കിട്ടിയെങ്കിലും പെനാൽറ്റിയെടുത്ത മാഴ്‌സലീഞ്ഞോയ്ക്ക് പിഴച്ചു. 75-ആം മിനുറ്റിൽ കിട്ടിയ സ്‌പോട്ട് കിക്ക് ബ്രസീലിയൻ താരം ബാറിന് മുകളിലൂടെ പറത്തുകയായിരുന്നു.
35-ആം മിനുറ്റിൽ ആദ്യ മഞ്ഞക്കാർഡ് കിട്ടിയ കൊൽക്കത്തയുടെ ഹെന്റിക്ക് സെറീനോയ്ക്ക് 74-ആം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കൂടി കിട്ടിയതോടെ പുറത്തേക്ക് വഴിയൊരുങ്ങിയെങ്കിലും ഇത് മുതലെടുത്ത് ആതിഥേയരെ കീഴ്‌പ്പെടുത്താൻ ഡൽഹിക്കായില്ല. മത്സരം ആരംഭിച്ച ശേഷം വളരെ വേഗം കുറഞ്ഞ കളിയാണ് ഇരുടീമുകളും കാഴ്ചവച്ചത്. അത്‌ലറ്റികോയുടെ ഇയാൻ ഹ്യൂമും ബെലൻകോസോയും പരസ്പരധാരണയില്ലാതെയായിരുന്നു കളത്തിൽ നിറഞ്ഞത്.

എന്നാൽ ഡൽഹി പതിയെ കളിയിലേക്ക് തിരികെ വരുന്നതായിരുന്നു കണ്ടത്. ഇതിന്റെ ഭാഗമായി 20-ആം മിനുറ്റിൽ രണ്ട് അവസരങ്ങളാണ് ഡൽഹിക്ക് ലഭിച്ചത്. ഇരുഭാഗത്തും ചെറിയ ആക്രമണങ്ങൾ നടന്നെങ്കിലും വലിയ മുന്നേറ്റങ്ങൾ പ്രകടമാകാതിരുന്ന ഒന്നാം പകുതി ഗോൾ രഹിതമായി സമാപിച്ചു.
ഗാഡ്‌സെയുടെയും മാഴ്‌സലീഞ്ഞോയുടെയും മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിയിൽ കളി ആരംഭിച്ചത്. എന്നാൽ ടിരിയുടെയും ദേബ്ജിത്തിന്റെയും പ്രതിരോധത്തിൽ ഈ മുന്നേറ്റം തടയപ്പെട്ടു. പോസ്റ്റിഗയുടെ അഭാവത്തിൽ ഇയാൻ ഹ്യൂമിനായിരുന്നു കൊൽക്കത്തയുടെ ആക്രമണച്ചുമതല. 75-ആം മിനുറ്റിൽ കൊൽക്കത്തയുടെ പോർച്ചുഗീസ് താരത്തിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടിയതിന് ശേഷം ലഭിച്ച പെനാൽറ്റിയാണ് മാഴ്‌സലീഞ്ഞോ പാഴാക്കിയത്. എന്നാൽ പിന്നീട് പത്തുപേരുമായി കളിച്ച കൊൽക്കത്തയെ കീഴ്‌പ്പെടുത്താൻ അതിഥികൾക്ക് കഴിഞ്ഞുമില്ല. ഇതിനിടെ കിട്ടിയ സ്‌പോട്ട് കിക്ക് വലയിലാക്കി ഇയാൻ ഹ്യൂം കൊൽക്കത്തയെ മുന്നിലെത്തിച്ചതോടെ വിജയത്തോടെ സൗരവ് ഗാംഗുലിയുടെ ടീം പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്ത് തന്നെ. ഡൽഹിക്കെതിരെ നേടിയ പെനാൽറ്റി ഗോളോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന പദവിയും മലയാളികളുടെ പഴയ ഹ്യൂമേട്ടൻ സ്വന്തമാക്കി.

Read More >>