ഐഎസ്എൽ: കൊൽക്കത്ത - ചെന്നൈയിൻ മത്സരം സമനിലയിൽ പിരിഞ്ഞു

ചാമ്പ്യൻമാർക്ക് മുൻചാമ്പ്യൻമാരുടെ സമനിലപ്പൂട്ട്.

ഐഎസ്എൽ: കൊൽക്കത്ത - ചെന്നൈയിൻ മത്സരം സമനിലയിൽ പിരിഞ്ഞു

നിരഞ്ജൻ

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഡിൽ ചെന്നൈയിൻ എഫ്.സി അത്ലറ്റികോ കൊൽക്കത്ത മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ കാൽ മണിക്കൂറിനിടെ പിറന്നത് നാലു ഗോളുകൾ. ഇതിൽആദ്യ ഗോളും അവസാന ഗോളും നേടിയ അത്‌ലറ്റികോ സമനിലയിലൂടെ ആശ്വാസവും കണ്ടു. ആദ്യസീസനിലെ കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ സൂപ്പർ ഹീറോയായിരുന്ന ഇയാൻ ഹ്യൂമാണ് ഇന്നലെ 86-ആം മിനുറ്റിലെ പെനാൽറ്റി ഗോളിലൂടെ കൊൽക്കത്തയ്ക്ക് സമനില നേടിക്കൊടുത്തത്. 59-ാം മിനുറ്റിൽ സമീഹ് ദൗത്തിയിലൂടെ ആദ്യ ഗോൾ നേടിയതും കൊൽക്കത്തക്കാരാണ്. 66-ആം മിനുറ്റിൽ ജയേഷ് റാണെയും 70-ആം മിനുറ്റിൽ ഹാൻസ് മുൾഡറുമാണ് ചെന്നൈയിന് വേണ്ടി ഗോളുകൾ നേടിയത്.

ആതിഥേയരായ കൊൽക്കത്തയുടെ പുതിയ ഹോം ഗ്രൗണ്ടായ രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ശോഭിച്ചത് അത്‌ലറ്റികോ ഡി കൊൽക്കത്ത തന്നെയായിരുന്നു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ആദ്യപകുതിക്കു മുമ്പ് സ്‌കോർ ബോർഡ് തുറക്കാനായില്ല. 20-ആം മിനുറ്റിൽ സമീഹും പോസ്റ്റിഗയും ചേർന്നാണ് ചെന്നൈയിൻ പോസ്റ്റിൽ ആദ്യത്തെ ആക്രമണ മുഹൂർത്തം സൃഷ്ടിച്ചത്. എന്നാൽ, പൊസ്റ്റീവയുടെ ഷോട്ട് പ്രതിരോധം തടുത്തു. 22-ആം മിനുറ്റിൽ ചെന്നൈയിൽ പ്രത്യാക്രമണമുണ്ടായെങ്കിലും ജെജെലിൽ പെഖുലയുടെ ഷോട്ട് കോർണർ വഴങ്ങി ഒഴിവാക്കി. 35-ആം മിനുറ്റിൽ പോസ്റ്റിഗയും തൊട്ടടുത്ത മിനിട്ടിൽ ഹ്യൂമും
ആക്രമണം അഴിച്ചുവിട്ടു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചെന്നൈയ്ക്ക് ലഭിച്ച അവസരവും അതിഥികൾ പാഴാക്കി. രണ്ടാം പകുതിയിലാണ് ഗോൾമഴ പെയ്തത്. 59-ആം മിനുറ്റിൽ സമീഹിലൂടെയാണ് സ്‌കോർ
ബോർഡ് ആദ്യം തുറന്നത്. തൊട്ടുമുമ്പ് ഒരു ഷോട്ട് ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്ന പോസ്റ്റിഗ നൽകിയ കിടിലൻ പാസ് ഡിഫൻഡർ മോഹൻരാജിന് പിന്നിൽ നിന്ന് പിടിച്ചെടുത്ത സമീഹിന്റെ വലംകാലൻ ഷോട്ടാണ് അത്‌ലറ്റികോ ഡി
കൊൽക്കത്തയുടെ ആദ്യ ഗോളായി മാറിയത്.
66-ആം മിനുറ്റിൽ ജെജെയാണ് ചെന്നൈയിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. അത്‌ലറ്റികോ പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി മുന്നേറിയ ജെജെ നൽകിയ പാസ് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ജയേഷിന് ഉണ്ടായിരുന്നുള്ളൂ. നാലു മിനുറ്റിനകം ഹാൻസ് മുൾഡറും സ്‌കോർ ചെയ്തതോടെ സന്ദർശകർ 2 - 1 ന്
മുന്നിലായി. മുൾഡർ തൊടുത്ത ഷോട്ട് ടിരിയുടെ തലയിൽ തട്ടിയാണ് വലയിൽ കയറിയത്. സ്വന്തം ഗ്രൗണ്ടിൽ തോൽവി പിണയുമോയെന്ന് കൊൽക്കത്തയുടെ ആരാധകർ ഭയപ്പെടുന്നതിനിടെയാണ് കളിയുടെ വിധി കുറിച്ച പെനാൽറ്റി പിറന്നത്. 80-ആം മിനിറ്റിലായിരുന്നു കൊൽക്കത്തയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. സമീഹിനെ ബോക്‌സിനുള്ളിൽ വച്ച് ജെറി ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു പെനാൽറ്റി. കിക്കെടുത്ത ഇയാൻ ഹ്യൂം കൃത്യമായി വലയ്ക്കുള്ളിൽ എത്തിച്ചതോടെ സ്‌കോർ 2 - 1 എന്ന നിലയിൽ കളി സമനിലയിൽ.
പൂനെ സിറ്റിയും മുംബെയും തമ്മിലാണ് ഇന്ന് ഐ.എസ്.എല്ലിലെ മൂന്നാം മത്സരം. വൈകീട്ട് ഏഴിന് പൂനെ ശ്രീ ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ് സംപ്രേഷണം ചെയ്യും.

Read More >>