ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിപരീക്ഷ; എതിരാളി ദക്ഷിണകൊറിയ

ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങുമ്പോൾ ക്യാപ്റ്റനെ കൂടാതെ പ്രതിരോധ താരം സുരേന്ദർ കുമാറിന്റെ അഭാവം കൂടി ടീം ഇന്ത്യയ്ക്ക് പ്രതികൂലമാകും. റൗണ്ട് റോബിൻ ലീഗിൽ ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് ജയിക്കാൻ കഴിയാതെ വന്നത്.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിപരീക്ഷ; എതിരാളി ദക്ഷിണകൊറിയ

കുന്തൻ (മലേഷ്യ): നായകനില്ലാതെ ഇന്ത്യൻ ഹോക്കി ടീമിന് ഇന്ന് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സെമി പരീക്ഷ. നായകൻ ശ്രീജേഷിന്റെ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് ഇന്ന് കളിക്കാനായേക്കില്ല. റൗണ്ട് റോബിൻ ലീഗിലെ അഞ്ചിൽ നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ പ്രവേശിച്ചത്.

ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങുമ്പോൾ ക്യാപ്റ്റനെ കൂടാതെ പ്രതിരോധ താരം സുരേന്ദർ കുമാറിന്റെ അഭാവം കൂടി ടീം ഇന്ത്യയ്ക്ക് പ്രതികൂലമാകും. റൗണ്ട് റോബിൻ ലീഗിൽ ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് ജയിക്കാൻ കഴിയാതെ വന്നത്. ദക്ഷിണ കൊറിയയോടായിരുന്നു അത്. ഇന്ത്യ - കൊറിയ പോരാട്ടം 1-1ന് സമനിലയിലാവുകയായിരുന്നു. മറ്റു മത്സരങ്ങളിൽ ജപ്പാനെ 10-2നും പാക്കിസ്ഥാനെ 3-2നും ചൈനയെ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കും മലേഷ്യയെ 2-1നും ഇന്ത്യ തോൽപ്പിച്ചിരുന്നു.


കാൽക്കുഴയ്‌ക്കേറ്റ പരിക്കാണ് ശ്രീജേഷിന് തിരിച്ചടിയായത്. ചൈനയ്ക്കും മലേഷ്യയ്ക്കുമെതിരായ മത്സരങ്ങളിൽ ശ്രീജേഷ് കളിച്ചിരുന്നില്ല. ശ്രീയുടെ പരിക്ക് ഏറക്കുറെ ഭേദമായെന്ന് പരിശീലകൻ ഔൾട്ട് മാൻസ് അറിയിച്ചിട്ടുണ്ട്. ക്യാപ്റ്റന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആകാശ് ചിക്തെയാകും ഗോൾവലയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക. മലേഷ്യയ്‌ക്കെതിരെയുള്ള മത്സരത്തിൽ രണ്ട് കിടിലൻ സേവുകളുമായി ചിക്തെ തിളങ്ങിയത് പ്രതീക്ഷ നൽകുന്നുണ്ട്.

മലേഷ്യൻ പ്രതിരോധ താരത്തെ മനഃപൂർവം താടിയെല്ലിന് അടിച്ചതിനാണ് സുരേന്ദർ കുമാറിന് വിലക്ക് വീണത്. സെമിയിലും ഇന്ന് ജയിച്ച് ഫൈനലിൽ എത്തിയാലും സുരേന്ദറിന്  രണ്ട് മത്സരങ്ങളിലേക്കാണ് സുരേന്ദറിന്റെ വിലക്ക്. ഇന്ത്യ ഇന്ന് ജയിച്ച് ഫൈനലിൽ എത്തിയാലും ഈ പ്രതിരോധ താരത്തിന് കളിക്കാനാവില്ല. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ് രണ്ടിലും ദൂരദർശനിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

Read More >>