വിമാനത്താവളത്തിലെ 'ഫൈവ് സ്റ്റാര്‍' പഫ്സ്; അന്വേഷണത്തിന് ഉത്തരവിട്ടു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

എയർപോർട്ട് ഡയറക്‌ടർ, കിച്ചൻ റസ്റ്ററന്റ് മാനേജർ, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, ലീഗൽ മെട്രോളജി കമ്മിഷണർ എന്നിവർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

വിമാനത്താവളത്തിലെ

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കിച്ചൺ റസ്റ്ററന്റിനെതിരെ  അന്വേഷണത്തിന് ഉത്തരവിട്ടു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.  വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കിച്ചൺ റസ്റ്ററന്റില്‍ ഉപഭോക്താക്കളെ പറ്റിച്ചു കൊണ്ട് തീവെട്ടി കൊള്ളയാണ് നടക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ ആക്‌ടിങ് ചെയർമാൻ പി മോഹനദാസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് നവംബർ ഒന്നിനു പരിഗണിക്കും.


എയർപോർട്ട് ഡയറക്‌ടർ, കിച്ചൻ റസ്റ്ററന്റ് മാനേജർ, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, ലീഗൽ മെട്രോളജി കമ്മിഷണർ എന്നിവർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

നേരത്തെ, സിനിമാതാരം അനുശ്രീയിൽ നിന്ന് ഒരു കട്ടൻ ചായയ്ക്കും രണ്ടു പഫ്‌സിനും 680 രൂപ ഈടാക്കിയ സംഭവം സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായിരുന്നു. സെപ്റ്റംബർ 23നാണ് അനുശ്രീ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയചർച്ചയായിരുന്നു.

പഫ്സ് ഒന്നിന് 250, കട്ടൻ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ...! ഇങ്ങനെ അന്തം വിടീക്കല്ലേ എന്നായിരുന്നു ബില്ലിന്റെ ഫോട്ടോസഹിതമുള്ള അനുശ്രീയുടെ കുറിപ്പ്.

ഭക്ഷണശാല സ്റ്റാർ ഗണത്തിൽപ്പെട്ടവയല്ലെന്നും റോയൽ കവടിയാൽ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. കിച്ചൻ റസ്റ്ററന്റിൽ വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നു പരാതിയിൽ പറയുന്നു. ഭക്ഷണം കഴിക്കാനെത്തുന്നവർക്കു വിലവിവരം അടങ്ങിയ മെനു നൽകാറില്ല. റസ്റ്ററന്റിൽ കട്ടൻചായയ്ക്ക് 80 രൂപയും പഫ്‌സിനും ദോശയ്ക്കും 250 രൂപ വീതവുമാണെന്നും പരാതിയിൽ പറയുന്നു

Read More >>