"സിനിമ വിലക്കാമെങ്കില്‍ ഷെറീഫിനെ കണ്ട മോദി മാപ്പും പറയണം": അനുരാഗ് കശ്യപ്

കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്കില്‍ വിലക്കിയ തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചു സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്.

"സിനിമ വിലക്കാമെങ്കില്‍ ഷെറീഫിനെ കണ്ട മോദി മാപ്പും പറയണം": അനുരാഗ് കശ്യപ്

മുംബൈ: കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്കില്‍ വിലക്കിയ തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചു സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്.

ചിത്രം വിലക്കിയ  തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ വിമര്‍ശിച്ച കശ്യപ് പ്രധാനമന്ത്രിക്കെതിരെയും ഒളിയമ്പെയ്തു. ചിത്രത്തില്‍ പാകിസ്ഥാന്‍ താരം അഭിനയിച്ചിരിക്കുന്നത് കൊണ്ടാണ് വിലക്കെങ്കില്‍, ചിത്രം ഷൂട്ട്‌ ചെയ്ത അതേസമയത്ത് പാകിസ്ഥാനിലെത്തി പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ കണ്ട മോദി ഇപ്പോള്‍ ക്ഷമാപണം നടത്തേണ്ടതല്ലേ എന്നാണ് അനുരാഗ് കശ്യപ് ചോദിക്കുന്നത്. നമ്മള്‍ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സിനിമയെ കുറ്റപ്പെടുത്തിയും സിനിമ വിലക്കിയും ആണെന്നും അനുരാഗ് പരിഹസിച്ചു.
ചിത്രം വിലക്കിയ തീരുമാനത്തിനെതിരെ നടന്‍ ഒംപുരി, നടി പ്രിയങ്ക ചോപ്ര, സംവിധായകന്‍ ശ്യാം ബെനഗല്‍, സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പെഹ്ലാജ് നിഹ്ലാനി എന്നിവരും രംഗത്തുവന്നിട്ടുണ്ട്.

പാകിസ്ഥാന്‍ താരമായ ഫവാദ് ഖാന്‍ ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുവെന്നത് കൊണ്ട് മാത്രം ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലയെന്ന നിലപാടാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന എടുത്തിരിക്കുന്നത്. ചിത്രം മഹാരാഷ്ട്രയില്‍  പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലയെന്ന നിലപാടുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെ ദീപാവലിക്ക് റിലീസ് നിശ്ചയിച്ച കരണ്‍ജോഹര്‍ ചിത്രം പ്രതിസന്ധിയിലായിയിരിക്കുകയാണ്.

അതേസമയം, സിനിമ നേരത്തെ നിശ്ചയിച്ചപോലെ ഇരുപത്തിയെട്ടിന് തിയേറ്ററുകളില്‍ എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ കരണ്‍ ജോഹര്‍.