ഭരണം കിട്ടിയപ്പോൾ പാർടി വേണ്ട; പിണറായിയ്ക്കെതിരെ കണ്ണൂർ സിപിഎമ്മിൽ അമർഷം പുകയുന്നു

പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകനായ ധൻരാജ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കൃത്യവിലോപം കാണിക്കുകയാണെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കേണ്ട അവസ്ഥ വരെ കണ്ണൂരിലെ സിപിഐഎമ്മിന് ഉണ്ടായി. ആഭ്യന്തര വകുപ്പു ഭരിക്കുന്നതു പിണറായി വിജയനാണെങ്കിലും കണ്ണൂർ പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.

ഭരണം കിട്ടിയപ്പോൾ പാർടി വേണ്ട; പിണറായിയ്ക്കെതിരെ കണ്ണൂർ സിപിഎമ്മിൽ അമർഷം പുകയുന്നുകണ്ണൂർ: യു ഡി ഫ് സർക്കാരിൽ നിന്ന് കിട്ടിയ നീതി പോലും പിണറായി ഭരണത്തിൽ തങ്ങൾക്കു ലഭിക്കുന്നില്ലെന്നാക്ഷേപിച്ച് കണ്ണൂരിലെ സിപിഐഎം പ്രവർത്തകർ പരസ്യമായി രംഗത്ത്. പിണറായി ആഭ്യന്തര മന്ത്രിയായപ്പോഴെങ്കിലും സമാധാനമായി ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷ വെറുതയാണെന്ന് അദ്ദേഹം തന്നെ മനസിലാക്കി തന്നുവെന്നും പരസ്യമായ പ്രതികരണങ്ങൾ ഉയരുകയാണ്. സിപിഐഎമ്മുകാർ കൊല്ലപ്പെട്ട കേസുകളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതും അന്വേഷണത്തിലെ പാളിച്ചകൾ തിരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടാത്തതുമാണ് പ്രവർത്തകരെ നിരാശരാക്കുന്നത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽത്തന്നെ ഇതിനകം നാലു സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ജനസമ്മതിയുള്ള പ്രവർത്തകരെ തെരഞ്ഞുപിടിച്ച് വ്യക്തമായ ആസൂത്രണത്തിനു ശേഷമാണ് കൊലപ്പെടുത്തുന്നത്. അറസ്റ്റിലായവരുടെ മൊഴികൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ കേസുകളിലെയൊന്നും ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് തയ്യാറാകുന്നില്ല. ആഭ്യന്തര വകുപ്പു ഭരിക്കുന്നതു പിണറായി വിജയനാണെങ്കിലും കണ്ണൂർ പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.

പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകനായ ധൻരാജ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കൃത്യവിലോപം കാണിക്കുകയാണെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കേണ്ട അവസ്ഥ വരെ കണ്ണൂരിലെ സിപിഐഎമ്മിന് ഉണ്ടായി. ധൻരാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് തിരുവനന്തപുരം സ്വദേശിയായ കണ്ണൻ എന്ന പ്രചാരകാണെന്ന് കുറ്റപത്രത്തിൽ പോലീസ് വെളിപ്പെടുത്തുന്നുവെങ്കിലും കണ്ണനെ കണ്ടുപിടിക്കാനോ രേഖാചിത്രം തയ്യാറാക്കാനോ ഒന്നും പോലീസ് ഊർജിതമായ ഒരു ശ്രമവും നടത്തുന്നില്ലെന്ന് നാരദാ ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തയാളെ കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം പോലീസ് സ്റ്റേഷൻ മാർച്ചു നടത്തിയ കുറ്റത്തിന് പി ജയരാജനെ പാർടി സംസ്ഥാന കമ്മിറ്റിയിൽ പരസ്യമായി ശാസിക്കാനാണ് പിണറായി തയ്യാറായത്. ഇത് പ്രവർത്തകരിൽ വ്യാപകമായ അമർഷത്തിനു കാരണമായിട്ടുണ്ട്.

'അറിയുമോ മുഖ്യമന്തി ഈ സഖാവിനെ '' താങ്കൾ അധികാരത്തിൽ എത്തിയപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ട താങ്കളുടെ മണ്ഡലത്തിലെ...

Posted by കോച്ചങ്കണ്ടി കോച്ചങ്കണ്ടി on 29 October 2016


ഫേസ് ബുക്കിലെ പരസ്യവിമർശനങ്ങൾ

'അറിയുമോ മുഖ്യമന്ത്രീ, ഈ സഖാവിനെ?' എന്ന ചോദ്യമുയർത്തിയാണ് കൊല്ലപ്പെട്ട സിപിഐഎം നേതാവ് മോഹനന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള മമ്പറം സ്വദേശിയായ സിപിഐഎം പ്രവർത്തകന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിന്‌ നേരെ ആർഎസ്എസ് നടത്തിയ അക്രമത്തിലാണ് രവീന്ദ്രൻ കൊല്ലപ്പെട്ടത്. രവീന്ദ്രൻ മുതൽ പിന്നീട് കൊല്ലപ്പെട്ടവർക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടുവെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.

രവീന്ദ്രൻ വധക്കേസിൽ കുറ്റവാളികൾ 32 ദിവസം മാത്രമാണ് ജയിലിൽ കഴിഞ്ഞതെന്നും പിണറായി കേസന്വേഷിക്കാൻ നിയമിച്ച പോലീസ് ഉദ്യോഗസ്ഥൻ കേസിൽ ഗൂഡാലോചനയില്ല എന്നാണ് പറയുന്നതെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. ഈ കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തതാണ് മറ്റു കൊലപാതകങ്ങൾക്ക് കാരണമെന്നും പോസ്റ്റിൽ പരാമർശമുണ്ട്.

പിണറായി ആഭ്യന്തരമന്ത്രിയായപ്പോൾ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നു. യു ഡി ഫ് സർക്കാരിൽ നിന്ന് കിട്ടുന്ന നീതി പോലും പിണറായി ഭരണത്തിൽ സിപിഐഎമ്മുകാർക്ക് കിട്ടുന്നില്ല കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ പ്രതിയാക്കപ്പെട്ട കേസുകളിൽ കമ്യൂണിസ്റ്റ് വേട്ടയാണ് പോലീസുകാർ നടപ്പാക്കുന്നത് എന്നൊക്കെ വിമർശിക്കുന്ന പോസ്റ്റ് "മോഹനനും, രവീന്ദ്രനുമടക്കം അനേകംപേർ ജോലിയും ജിവിതവും ത്യജിച്ചതിന്റെ ആത്മാവിഷ്ക്കാരമാണ് താങ്കളുടെ ഈ അധികാരങ്ങൾ എല്ലാം" എന്ന് പിണറായിയെ ഓർമപ്പെടുത്തിയാണ് അവസാനിക്കുന്നത്.

കാസർഗോഡ് ജില്ലയിലെ രാജപുരം സെന്റ് പയസ് കോളേജിൽ സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ മൃഗീയമായി മർദിച്ച പോലീസ് നടപടിയിലും മുഖ്യമന്ത്രിയുടെ പോലീസ് നയത്തിനെതിരെ സിപിഐഎമ്മിൽ നിന്നുതന്നെ പ്രതിഷേധം ഉയരുകയാണ്. ഭരണം മാറിയിട്ടും നയം മാറാത്ത ചില ഉദ്യോഗസ്ഥർ പോലീസ് വകുപ്പിൽ ഉണ്ടെന്നാണ് വ്യാപക വിമർശനം. അന്യായമായി ഫീസ് വാങ്ങിയതിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തതിനെതിരെ സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അകാരണമായി മർദിക്കുകയായിരുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ മാരകമായ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പാർട്ടിക്കുള്ളിൽ രൂപപ്പെട്ട അഭിപ്രായങ്ങൾ ഇപ്പോൾ മറനീക്കി പുറത്തുവരികയാണ്.

രാജപുരം സെന്റ്പയസ് കോളേജില്‍ പോലീസ് അഴിഞ്ഞാട്ടം.....
SFI ജില്ലാ സെക്രട്ടറി ബി.വൈശാഖ് ഉൾപ്പെടെ നിരവധി സഖാക്കൾക്ക് ഭീകരമാ...

Posted by Shaju Kannan on 27 October 2016

Read More >>