ബിസിസിഐക്ക് തിരിച്ചടി; പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ലോധ കമ്മിഷന്‍ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

ബിസിസിഐക്ക് തിരിച്ചടി; പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ബിസിസിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോധ കമ്മിഷന്‍ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് മാറണമെന്ന ആവശ്യവും കോടതി തള്ളി.

എഴുപത്‌ വയസിന്‌ മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹിയാക്കരുത്‌, മൂന്നുവർഷത്തിൽ കൂടുതൽ തുടർച്ചയായി ബിസിസിഐ ഭാരവാഹിത്വം വഹിക്കരുത്‌ തുടങ്ങി ലോധ കമ്മിറ്റിയുടെ സുപ്രധാന നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ്‌ സംസ്ഥാന അസോസിയേഷനുകൾ വ്യക്തമാക്കിയിട്ടുള്ളത്‌. എന്നാൽ ത്രിപുര, വിധർഭ, രാജസ്ഥാൻ അസോസിയേഷനുകൾ ലോധ സമിതിയുടെ നിർദേശങ്ങൾ അംഗീകരിക്കാം എന്ന നിലപാടിലാണ്‌. ശുപാർശകൾ അംഗീകരിക്കുന്നത്‌ വരെ സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകൾക്ക്‌ ബിസിസിഐ ഫണ്ട്‌ നൽകരുതെന്നാണ്‌ കോടതി ഉത്തരവ്‌.

അതേസമയം, കഴിഞ്ഞ ദിവസം മതിയായ സമയം തന്നാല്‍ ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാമെന്ന് പ്രസി‍ഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഭരണഘടന ഭേദഗതി ചെയ്യാന്‍ അഞ്ചോ ആറോ മാസം വേണ്ടിവരുമെന്നും താക്കൂര്‍ അറിയിച്ചിരുന്നു.