ഷൂട്ടിങ് ഗുണ്ടായിസം; സെയ്ഫ് അലിഖാനെ പാട്ടു വച്ച് ഓടിച്ച് കൊച്ചിക്കാരി

നൈസ് പണിയാണ് ഒറിയ കിം സിനിമക്കാര്‍ക്ക് കൊടുത്തത്. വര്‍ഷം മുഴുവന്‍ സിനിമ ഷൂട്ടിങ്ങും അതിന് ഫീല്‍ഡ് ഒരുക്കാന്‍ ഗുണ്ടകളും മൈക്കും പാട്ടുമായി ആകെ ബഹളം. സ്വൈര്യ ജീവിതത്തിന്റെ നെഞ്ചത്ത് ക്യാമറ വച്ചുള്ള ഏര്‍പ്പാട് നിര്‍ത്താന്‍ മൈക്കു സെറ്റും ജനറേറ്ററും വാടകയ്‌ക്കെടുത്ത് ഒരു ഒറ്റയാള്‍ പോരാട്ടം നടത്തി; പാട്ടു കൊണ്ടുള്ള അടിപൊളി പണി. ഷൂട്ടു ചെയ്യാനാവാതെ കൊച്ചി വിട്ടതോ ബോളിവുഡിനെ വിറപ്പിക്കുന്ന സെയ്ഫ് അലിഖാന്‍.

ഷൂട്ടിങ് ഗുണ്ടായിസം; സെയ്ഫ് അലിഖാനെ പാട്ടു വച്ച് ഓടിച്ച് കൊച്ചിക്കാരി

ബോളിവുഡിലെ ഖാന്‍കൂട്ടത്തിലെ പ്രധാനിയാണ് സെയ്ഫ് അലിഖാന്‍. സിനിമയില്‍ നല്ല ഇടിക്കാരനാണ് കക്ഷി. പക്ഷെ, കൊച്ചിക്കാരിയായ ഒരു ഗൃഹനാഥ നൈസായൊരു പണി കൊടുത്തു. വര്‍ഷം മുഴുവന്‍ നീളുന്ന ഷൂട്ടിങ്ങ് ഗുണ്ടായിസത്തിനെതിരെ മൈക്ക് സെറ്റ് വാടകയ്‌ക്കെടുത്ത് അലറുന്ന മാതിരി പാട്ട് വെച്ചു. റോക്കും പോപ്പുമൊക്കെയായിരുന്നു പുറത്തേയ്ക്കു വന്നതെങ്കിലും പാട്ടില്‍ ഷൂട്ട് മുടങ്ങി. തലയ്ക്ക് കയ്യും കൊടുത്ത് സെയ്ഫ് അലിഖാന്‍ അങ്ങിനിരുന്നു. ഗുണ്ടകളുടെ ഭീഷണിയോ സിനിമക്കാരുടെ സോപ്പിടലോ പരിഗണിക്കാതെ മൂന്നു മണിക്കൂര്‍ നീണ്ട പാട്ട് സമരത്തിനു ശേഷം ഗൃഹനാഥ ജയിക്കുകയും സിനിമക്കാര്‍ തോല്‍ക്കുകയും ചെയ്തു. സെയ്ഫ് അലിഖാന്‍ ഷൂട്ട് ചെയ്യാതെ മടങ്ങി. ശല്യം സഹിച്ച് മിണ്ടാതിരിക്കുന്നവര്‍ക്കിടയില്‍ ഉറക്കെ പ്രതിഷേധിച്ച കൊച്ചിക്കാരിയുടെ പേര് ഒറിയ കിം. ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥയായിരുന്നു. ഭര്‍ത്താവ് ജര്‍മ്മന്‍സ്വദേശിയായ കിം.


saif ali khan

എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഒറിയ പറയട്ടെ: "ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. മുകളില്‍ വീടും താഴെ ആയുര്‍വേദ മസാജ് സെന്ററുമാണ് ഉള്ളത്. വീടിന് മുന്‍വശത്തായി ഒരു സെന്റ് വലിപ്പമുള്ള പുറമ്പോക്കിലാണ് സ്ഥിരം ഷൂട്ടിങ് നടക്കാറുള്ളത്. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാല്‍ ആ പ്രദേശം മുഴുവന്‍ ഗുണ്ടകളുടെ അധീനതയിലാണ്. സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥ. എന്റെ വീടിന് മുന്നില്‍ കിടക്കുന്ന വണ്ടിയെടുത്ത് എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ പോലും ഷൂട്ടിങ് നിയന്ത്രിക്കുന്നവരുടെ അനുവാദം വാങ്ങേണ്ടി വരുന്നു. ഇതുകൂടാതെ ഷൂട്ടിങ് കാണാനെത്തുന്ന ആളുകളുടെ തിരക്ക്. വീട്ടിലോ സ്ഥാപനത്തിലോ ഗസ്റ്റുകള്‍ വന്നാല്‍ പോലും സ്വസ്ഥമായി സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ഒരു വര്‍ഷം നൂറോളം സിനിമകള്‍ എന്റെ വീടിനു മുമ്പില്‍ ഷൂട്ട് ചെയ്യാറുണ്ട്. മലയാളം ഹിന്ദി, തമിഴ് തുടങ്ങിയ എല്ലാ ഭാഷക്കാരും കെട്ടിപ്പെറുക്കി ഫോര്‍ട്ടുകൊച്ചിക്ക് പോരും. വീടിന് താഴത്തെ നിലയിലുള്ള ആയുര്‍വേദ സ്പായില്‍ വര്‍ഷത്തില്‍ മൂന്നരമാസമാണ് ബിസിനസ് ലഭിക്കുന്ന സീസണ്‍. ഷൂട്ടിങ് സംഘം വരുന്നതോടെ ബിസിനസ് കുറയും. കടവും വെലയും വാങ്ങിയാണ് ഞാന്‍ സ്ഥാപനം തുടങ്ങിയത്. വളരെ സമാധാന അന്തരീക്ഷത്തിലാണ് ആയുര്‍വേദ ചികിത്സ നടത്തേണ്ടത്. സിനിമക്കാര്‍ വന്നാല്‍ അതു നടക്കില്ല. മൈക്കും കോളാമ്പിയും വച്ച് അവര്‍ ബഹളം തുടങ്ങും. എന്റെ സ്പായില്‍ വരുന്ന ക്ലയന്റ്‌സ് വിദേശികളാണ് കൂടുതലും. അവര്‍ കാശു തന്നിട്ട് ശബ്ദകോലാഹലം സഹിക്കേണ്ട ആവശ്യമില്ലല്ലോ. ഒന്നോ രണ്ടോ ദിവസമാണേല്‍ സഹിക്കാം. എന്നാല്‍ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും ഇവിടെ ഇതൊക്കെയാണ് അവസ്ഥ.

സംഗതി സഹിക്കാന്‍ വയ്യാത്ത അവസ്ഥ എത്തിയപ്പോള്‍ പരാതി കൊടുത്തു. കളക്ടര്‍, മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, സിഐ, എസ്‌ഐ എന്നിങ്ങനെ എല്ലാവര്‍ക്കും പരാതി കൊടുത്തതാണ്. ഒരു നടപടിയും ഇല്ല. സദ്യേം കഴിച്ച് ഉദ്ഘാടനവും നടത്തി പോകാനാണ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യം. സാധാരണക്കാരുടെ സ്വൈര്യ ജീവിതത്തെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. മേയറുടെയോ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെയൊ വീടിന് മുമ്പിലല്ലല്ലോ ഈ കലാപരിപാടി നടക്കുന്നത്.

oria homeനേരത്തെ മമ്മൂട്ടിയുടെ കമ്മത്ത് ആന്റ് കമ്മത്തിന്റെ ഷൂട്ടിങ് നടന്നപ്പോള്‍ അതിനെതിരെ പരാതിയുമായി സുപ്രീംകോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ചിരുന്നു. നാല്പതു ദിവസത്തോളമുണ്ടായിരുന്നു കമ്മത്തിന്റെ ഷൂട്ട്. പാലക്കാടുള്ള ഏതോ വില്ലേജാണ് അവര് എന്റെ വീടിനു മുന്നിൽ സെറ്റിട്ടത്. സിനിമക്കാരുടെ ഒച്ചയും ബഹളവും കാരണം എന്റെ കുറെ ക്ലയിന്റ്‌സിനെ നഷ്ടപ്പെട്ടു. ഒരു ചെറിയ പ്രദേശത്തേക്ക് പത്തുനൂറ് ആളുകള്‍ വന്ന് അലങ്കോലമാക്കി ചെകുത്താന്‍ ഛര്‍ദ്ദിച്ചിട്ടതു പോലെ അവരങ്ങു പോകും. വീണ്ടും എല്ലാം പഴയപടി ആക്കിയെടുക്കാന്‍ നമ്മള് പാടുപെടും. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിര്‍മാതാവിന് ലക്ഷക്കണക്കിന് രൂപ നഷ്ടം വന്നുവെന്ന് മാധ്യമങ്ങൾ വാര്‍ത്ത നല്‍കും. സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് അവര്‍ക്ക് ആധി ഇല്ലല്ലോ.

കഴിഞ്ഞ ദിവസമാണ് സെയ്ഫ് അലി ഖാനും സംഘവും ഷൂട്ടിന് എത്തിയത്. ഞാനന്ന് വീട്ടിലില്ലായിരുന്നു. ഉച്ച കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഇവര്‍ ഷൂട്ട് ചെയ്യുന്നുണ്ട്. വണ്ടി ഞാനെന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തു. ഉടനെ സെറ്റില്‍ നിന്ന് രണ്ട് ഗുണ്ടകള്‍ വന്നെന്നെ ഭീഷണിപ്പെടുത്തി. വണ്ടി ഇവിടെ ഇടാന്‍ പാടില്ലെന്നായിരുന്നു ആവശ്യം. ഞാനത് മൈന്‍ഡ് ചെയ്തില്ല. കുറച്ചകലെ ആയുര്‍വേദ സ്പായ്ക്ക് അടുത്ത് കിടന്ന ഒരു വണ്ടി കൂടി അതിന് പുറകിലായി പാര്‍ക്ക് ചെയ്തു. ഗുണ്ടകളെ കൊണ്ട് കാര്യം നടക്കില്ലെന്ന് മനസിലായതോടെ സിനിമക്കാര്‍ സോറി പറഞ്ഞും കാലു പിടിച്ചും രംഗത്തെത്തി. ഒരുപാട് ദിവസങ്ങളായി ഈ ശല്യം സഹിക്കുന്നുവെന്നും മാറ്റിയിടാന്‍ പറ്റില്ലെന്നും തീര്‍ത്തു പറഞ്ഞു.

kimപിറ്റേന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് വണ്ടി ഒന്നു സ്റ്റാര്‍ട്ട് ചെയ്ത് ഇടാമെന്ന് വിചാരിച്ച് വണ്ടിയുടെ അടുത്തു ചെന്നപ്പോള്‍ സിനിമയിലൊക്കെ കാണുന്നതുപോലെ മൂന്നാല് ഇന്നോവയില്‍ നിന്ന് ഗുണ്ടകളിറങ്ങി എന്റെ അടുത്തേക്ക് വന്നു. എനിക്കാണേല്‍ ദേഷ്യം വന്നു. നമ്മുടെ സ്വന്തം വീടിന് മുന്നില്‍ കിടക്കുന്ന വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ നാട്ടുകാരെ പേടിക്കേണ്ട ഗതികേടുണ്ടല്ലോ. അതോര്‍ത്തപ്പോള്‍ ദേഷ്യം കൂടി. രാവിലെ തന്നെ ചെന്ന് സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തു. നല്ല വോളിയത്തില്‍ പാട്ട് വച്ചു വീട് പൂട്ടി ഞാന്‍ സ്ഥലം വിട്ടു. കൂട്ടത്തില്‍ ജനറേറ്ററും വാടകയ്ക്ക് എടുത്തു. സിനിമക്കാരും രാഷ്ട്രീയക്കാരും കറന്റ് കട്ട് ചെയ്താലും അതിവിടിരുന്ന് പാടണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഞാൻ സ്ഥലത്തില്ലെങ്കിലും മോണിട്ടര്‍ ചെയ്യാന്‍ ആളെ ഏല്‍പ്പിച്ചിരുന്നു. സിനിമാ സംഘം വന്നു ഷൂട്ട് തുടങ്ങി. പാട്ടു കാരണം അവര്‍ക്ക് ചിത്രീകരണം നടത്താന്‍ സാധിച്ചില്ല.

ഉടനെ തന്നെ മേയറും ഉദ്യോഗസ്ഥരുമൊക്കെ സ്ഥലത്തെത്തി. നിരവധി പരാതികള്‍ നല്‍കിയിട്ടും സ്ഥലം പോലും സന്ദര്‍ശിക്കാത്ത മേയറും സംഘവും സിനിമാക്കാര്‍ക്ക് വേണ്ടി വന്നു. ശബ്ദമലിനീകരണത്തിന് എനിക്കെതിരെ പരാതിയൊക്കെ കൊടുത്തു. ശബ്ദമലിനീകരണത്തെക്കുറിച്ച് സിനിമക്കാരും കോര്‍പ്പറേഷനുമൊക്കെ ചിന്തിക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്. സിനിമാ സംഘം ഷൂട്ട് ചെയ്യാതെ തിരിച്ചു പോയി അരമണിക്കൂര്‍ കഴിഞ്ഞു മാത്രമാണ് പാട്ട് ഓഫ് ചെയ്തത്.

ഏഴായിരം മുതല്‍ 50,000 രൂപ വരെയാണ് ചിത്രീകരണത്തിന് കോര്‍പ്പറേഷന്‍ വാങ്ങുന്ന തുക. എന്നാല്‍ ഷൂട്ടിങ് സംഘം വരുത്തി വയ്ക്കുന്ന നാശങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അനുമതി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സിനിമാക്കാരുടെ തോന്ന്യാസമാണ്. അവരുടെ കാര്യം മാത്രം നടന്നാല്‍ മതി! സാധാരണക്കാരായ നമ്മളിതൊക്കെ സഹിക്കേണ്ട ആവശ്യമുണ്ടോ?"

Read More >>