ഇന്ദ്രിയാനുഭവം അല്ലെങ്കിൽ അതീന്ദ്രിയാനുഭവം; അതാണ്‌ ആനന്ദം

പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോലെ സൗഹൃദത്തിന്റെ ആഘോഷമാണ് ആനന്ദം.

ഇന്ദ്രിയാനുഭവം അല്ലെങ്കിൽ അതീന്ദ്രിയാനുഭവം; അതാണ്‌ ആനന്ദം

യുവത്വത്തിന്റെ ആഘോഷമാണ് വിനീത് ശ്രീനിവാസൻ നിർമിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദം. ഒരു എഞ്ചിനീയറിങ് കോളേജ് പശ്ചാത്തലമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരുകൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.

പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോലെ സൗഹൃദത്തിന്റെ ആഘോഷമാണ് ആനന്ദം.

റിവ്യൂ ബൈ ജോമോന്‍ തിരു

✦കൂടുതൽ വിശദീകരണങ്ങളുടെ ആവശ്യമില്ല, 'വിനീത്‌ ശ്രീനിവാസൻ' എന്ന പേര് മാത്രം മതി, നാമേവരും തീയറ്ററുകളിലേക്ക് ആകർഷിക്കപ്പെടാൻ ! മലർവാടി ആർട്സ്‌ ക്ലബ്ബിനും, തട്ടത്തിൻ മറയത്തിനും, തിരയ്ക്കും, ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനും ശേഷം, വിനീത്‌ ശ്രീനിവാസന്റെ പേര് വീണ്ടും ഒരു ചിത്രത്തിന്റെ പോസ്റ്ററിൽ കാണുന്നു. എന്നാൽ ഇത്തവണ, സംവിധായകനായിട്ടല്ല, ഒരു നിർമ്മാതാവിന്റെ കസേരയിലാണ്‌ അദ്ദേഹമിരിക്കുന്നതെന്ന് മാത്രം.!


■ജൂഡ്‌ ആന്റണിക്കും ബേസിൽ വർഗ്ഗീസിനും ശേഷം, വിനീത്‌ ശ്രീനിവാസന്റെ ശിഷ്യഗണത്തിലെ ഒരാൾ കൂടി സംവിധാന രംഗത്തേക്ക്‌-ഗണേഷ്‌രാജ്‌.! മുപ്പതോളം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ്‌ ആനന്ദം ഒരുക്കുന്നത്‌. കഥാപാത്രങ്ങൾ മാത്രമല്ല, അണിയറയിൽ വിവിധ മേഖലകളിൽ സാന്നിധ്യമറിയിക്കുന്നവരും നവാഗതർ തന്നെ.

■കലാലയ ജീവിതം, ആ ഘട്ടത്തിലെ വിനോദയാത്ര തുടങ്ങിയ പലതും ട്രൈലറിൽ വ്യക്തമായിരുന്നതിനാൽ, തീർച്ചയായും ക്യാമ്പസ്‌ ജീവിതം ഓർമ്മകളിലുള്ള ഏതൊരാൾക്കും ചിത്രത്തോടുള്ള ആവേശം വർദ്ധിച്ചേക്കാം. 120-മിനിറ്റുകളാണ്‌ ചിത്രത്തിന്റെ ദൈർഘ്യം.

»SYNOPSIS

■ഒരു എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന ഇൻഡസ്ട്രിയൽ വിസിറ്റിംഗ്‌ ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ആ യാത്രയുടെ തുടക്കം മുതൽ, തീരുന്നതുവരെയുള്ള നാലു ദിവസങ്ങളിലെ സംഭവവികാസങ്ങളാണ് ചിത്രത്തെ നയിക്കുന്നത്‌.

?CAST & PERFORMANCES

■'ആനന്ദ'ത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണുള്ളത്‌. അക്ഷയ്‌, കെ. ഉണ്ണികൃഷ്ണൻ പിള്ള (കുപ്പി) ദിയ, റോക്സ്റ്റാർ ഗൗതം, വരുൺ, ദേവിക, ദർശന എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങൾ. കൃത്രിമത്വം തോന്നാത്ത വിധത്തിൽ ഓരോരുത്തരും തങ്ങളുടെ വേഷം വൃത്തിയായിത്തന്നെ അവതരിപ്പിച്ചു. കുപ്പി ഒരു ഹാസ്യകഥാപാത്രവും, വരുൺ ഗൗരവക്കാരനുമായിരുന്നു. ഇമോഷണൽ രംഗങ്ങളിലടക്കം ഒരു കഥാപാത്രവും വെറുപ്പിച്ചില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

■എടുത്തു പറയേണ്ട ഒരു കഥാപാത്രം, ഡബ്സ്മാഷുകളിലൂടെ ശ്രദ്ധേയയായ വിനിതാ കോശി അവതരിപ്പിച്ച്‌ ലൗലി മിസ്‌ ആണ്‌. എല്ലാ കോളേജുകളിലും കണ്ടേക്കാവുന്ന, കുട്ടികളോട്‌ മാനസികമായി ഏറെ അടുപ്പമുള്ള അധ്യാപികയുടെ വേഷം നന്നായിത്തന്നെ അവർ കൈകാര്യം ചെയ്തു. ഡോ.റോണി ഡേവിസ്‌ അവതരിപ്പിച്ച ചാക്കോമാഷിന്റെ വേഷം വളരെ രസകരമായിരുന്നു. ലൗലി മിസ്‌-ചാക്കോമാഷ്‌ കോമ്പിനേഷൻ രംഗങ്ങൾ തീയറ്ററുകളില്‍ വലിയ ചിരിയുണ്ടാക്കി.

■കോട്ടയം പ്രദീപ്‌, രഞ്ജി പണിക്കർ, ദിനേഷ്‌ പണിക്കർ, എന്നിവരെ കൂടാതെ ഒരു വമ്പൻ സർപ്രൈസും നമുക്കായി സംവിധായകൻ കാത്തുവച്ചിരുന്നു.

?CINEMATOGRAPHY

■'നേര'ത്തിന്റേയും 'പ്രേമ'ത്തിന്റേയും ഛായാഗ്രാഹകന്‍ ആനന്ദ് സി. ചന്ദ്രനാണ് 'ആനന്ദ'ത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തുള്ള വിവിധ സഞ്ചാരകേന്ദ്രങ്ങളും, ക്ഷേത്രങ്ങളും നന്നായിത്തന്നെ ക്യാമറയിൽ പകർത്തപ്പെട്ടു. ചില ഹെലിക്യാം ഷോട്ടുകളും ഉണ്ടായിരുന്നു.

??MUSIC & ORIGINAL SCORES

■ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയ സച്ചിന്‍ വാര്യര്‍ ആദ്യമായി സംഗീത സംവിധായകനാവുകയാണ്‌ ആനന്ദത്തിലൂടെ. പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ആസ്വാദ്യതയെ വർദ്ധിപ്പിച്ചു.

»OVERALL VIEW

■പ്രേക്ഷകനെ കലാലയജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുന്ന, രസകരമായ ഒരു ചിത്രം. പുതുമയുള്ള കഥ, മികച്ച തിരക്കഥ, ഒരു തുടക്കക്കാരനിൽ നിന്നും പ്രതീക്ഷിച്ചതിനുമപ്പുറമുള്ള, തികവുറ്റ ആവിഷ്കാരം. ഇൻഡസ്ട്രിയൽ വിസിറ്റിംഗിനായി പോകാനൊരുങ്ങുന്ന കമ്പ്യൂട്ടർ സയൻസ്‌ വിദ്യാർത്ഥികളുടെ ആകാംക്ഷ, സന്തോഷം തുടങ്ങിയവയിലൂടെ ചിത്രമാരംഭിച്ചു. തുടർന്നങ്ങോട്ട്‌ യാത്രയാണ്‌. രണ്ടാം പകുതിയിലെ ചില രംഗങ്ങളിലിൽ അൽപം ലാഗിംഗ്‌ അനുഭവപ്പെട്ടു. ക്ലൈമാക്സ്‌ പൂർണ്ണതൃപ്തി നൽകുന്നുണ്ട്‌.

■ഇന്നത്തെ കലാലയത്തെ പ്രതിനിധീകരിക്കുന്ന ഈ ചിത്രത്തിൽ, സൗഹൃദം, പ്രണയം, പഠനയാത്ര തുടങ്ങിയവയാണ് പ്രധാന വിഷയങ്ങളായി വരുന്നത്. പ്രേക്ഷകനെ ആദ്യന്തം ആവേശത്തോടുകൂടി പിടിച്ചിരുത്തുവാൻ പര്യാപ്തമായിരുന്നു ചിത്രത്തിന്റെ മേക്കിംഗ്‌. കാസ്റ്റിംഗ്‌ എടുത്തുപറയേണ്ടതാണ്‌. എല്ലാ കഥാപാത്രങ്ങൾക്കും തത്തുല്യ പ്രാധാന്യമാണ്‌ ചിത്രം നൽകിയിരിക്കുന്നത്‌.

■കോളേജ്‌ ജീവിതം കേന്ദ്രീകൃതമായി നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്‌. അവയെല്ലാം ഗൃഹാതുരത്വത്തിന്‌ പ്രാധാന്യം നൽകിയപ്പോൾ 'ആനന്ദം' ഇന്നത്തെ കോളേജിനെ പച്ചയായി ആവിഷ്കരിച്ചു. വിദ്യാർത്ഥികളുടെ ശീലങ്ങളോടും ദുശ്ശീലങ്ങളോടും സംവിധായകൻ വ്യത്യസ്ത സമീപന രീതികളായിരുന്നില്ല സ്വീകരിച്ചത്‌. വർത്തമാനകാലഘട്ടത്തിലെ കോളേജ്‌ ജീവിതവും, ആൺ-പെൺ സൗഹൃദവും അവരുടെ സന്തോഷങ്ങളും ചിത്രത്തിൽ ദൃശ്യമാണ്‌.

■(ക്യാമ്പസ്‌ ജീവിതത്തിന്റെ ഭാഗമായ) കോമിക്‌ എലമെന്റ്സ്‌ ചിത്രത്തിൽ ധാരാളമുണ്ട്‌. അശ്ലീലസംഭാഷണത്തിന്റെയോ ദ്വയാർത്ഥ പ്രയോഗങ്ങളുടേയോ അതിപ്രസരമില്ലാതെ അവയിൽ മിക്കതും വർക്കൗട്ട്‌ ആയിട്ടുമുണ്ട്‌. എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സംഭാഷണങ്ങളിൽ കടന്നുകൂടുന്ന പഠനവുമായി ബന്ധപ്പെട്ട ചില പ്രയോഗങ്ങൾ രസാവഹമായി അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം, ഹമ്പി ക്ഷേത്രത്തേക്കുറിച്ചും, അതിന്റെ ചരിത്രപരമായ പ്രാധാന്യത്തേക്കുറിച്ചും വിജ്ഞാനപ്രദമായ ചില വിവരങ്ങൾ പകർന്നുതരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്‌.

■പ്രധാന കഥാപാത്രങ്ങളായ ഏഴുപേരുടേയും, ലൗലി മിസ്സിന്റേയും വൈകാരികമായ ചില അവസ്ഥകൾക്ക്‌ ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്‌. കുടുംബ പ്രശ്നങ്ങൾ ഒരു വിദ്യാർത്ഥിയെ ബാധിക്കുന്ന വിധങ്ങൾ, തന്മൂലം സഹപാഠികളുമായുള്ള ബന്ധത്തിൽ നേരിടുന്ന സംഘർഷാവസ്ഥ എന്നിവയും ദൃഷ്ടാന്തീകരിക്കപ്പെട്ടു.

■എന്നിരുന്നാലും, പഠനയാത്രയിൽ പാലിക്കേണ്ട അച്ചടക്കത്തിന്റെ അതിർവരമ്പുകളേക്കുറിച്ച്‌ സംവിധായകൻ സ്വന്തമായി ചില നിലപാടുകളാണെടുത്തിരിക്കുന്നത്‌. ഇൻഡസ്ട്രിയൽ വിസിറ്റ്‌ മിക്കപ്പോഴും ഒരു വെറും വിനോദയാത്ര മാത്രമായി മാറി. ഓരോ കഥാപാത്രത്തിനും ഓരോ പാർട്ണർ എന്ന സിനിമാറ്റിക്‌ സമത്വവും ചിത്രത്തിൽ കാണുവാനിടയായി.

■'ആനന്ദം' എന്ന പേര് ചിത്രത്തിനനുയോജ്യമാണോ? ഇന്ദ്രിയാനുഭവം അല്ലെങ്കിൽ അതീന്ദ്രിയാനുഭവം കൊണ്ട്‌ മനസ്സിനുണ്ടാകുന്ന സംതൃപ്താവസ്ഥ എന്ന് നമുക്ക്‌ ആനന്ദം എന്ന പദത്തെ നിർവചിക്കാം. അങ്ങനെയെങ്കിൽ, പ്രേക്ഷകനെ രണ്ടുമണിക്കൂർ ആനന്ദിപ്പിക്കാൻ ഈ ചിത്രത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. രണ്ടുമണിക്കൂർ നേരത്തേക്ക്‌ ഒരു കോളേജ്‌ കാലഘട്ടത്തിലേക്ക്‌ മടങ്ങിപ്പോകുവാൻ/അതിന്റെ ഭാഗമാകുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ ധൈര്യമായി ചിത്രത്തിന്‌ ടിക്കറ്റെടുക്കാവുന്നതാണ്‌.

»RATING: 3.25/★★★★★