മുഖ്യമന്ത്രി പിണറായി വിജയന് നാരദാ ന്യൂസ് ചീഫ് എഡിറ്റർ മാത്യു സാമുവേൽ എഴുതുന്ന തുറന്ന കത്ത്

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ആളാണ് അനു ബോസ്. പത്തു വർഷത്തോളമായി അവർ ഒരു സർക്കാർ ജോലിയ്ക്കു വേണ്ടി ശ്രമിക്കുന്നു. ഭിന്ന ലിംഗക്കാർക്ക് ജോലി നൽകാൻ ചട്ടമില്ലെന്നാണ് പിഎസ് സിയുടെ നിലപാട്. തീർത്തും നിർഭാഗ്യകരമായ നിലപാടാണിത്.

മുഖ്യമന്ത്രി പിണറായി വിജയന് നാരദാ ന്യൂസ് ചീഫ് എഡിറ്റർ മാത്യു സാമുവേൽ എഴുതുന്ന തുറന്ന കത്ത്

കേരള മുഖ്യമന്ത്രി
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം


വിഷയം: ഭിന്നലിംഗക്കാരെ സര്‍ക്കാര്‍ ജോലിക്കായി പരിഗണിക്കുന്നതിന് തടസ്സമുണ്ടെന്ന പിഎസ്‌സിയുടെ നിലപാട്

2016 ഒക്ടോബർ 13, വ്യാഴം
ന്യൂ ഡൽഹി


ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയൻ,

ഭിന്നലിംഗത്തിൽപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി അനു ബോസിനോട് സർക്കാർ ജോലിക്കായി അപേക്ഷിക്കേണ്ടതില്ലെന്ന് പബ്ലിക് സർവീസ് കമ്മിഷൻ സെക്രട്ടറി രേഖാമൂലം വ്യക്തമാക്കിയ വാർത്ത അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടുകാണുമല്ലോ. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ആളാണ് അനു ബോസ്. പത്തു വർഷത്തോളമായി അവർ ഒരു സർക്കാർ ജോലിയ്ക്കു വേണ്ടി ശ്രമിക്കുന്നു. ഭിന്ന ലിംഗക്കാർക്ക് ജോലി നൽകാൻ ചട്ടമില്ലെന്നാണ് പിഎസ് സിയുടെ നിലപാട്. തീർത്തും നിർഭാഗ്യകരമായ നിലപാടാണിത്.

[caption id="attachment_49558" align="alignleft" width="219"]Manabi-Bandyopadhyay മാനബി ബന്ദോപാധ്യായ[/caption]

ഭിന്നലിംഗക്കാരുടെ അവകാശം സംബന്ധിക്കുന്ന ബിൽ 2014ലാണല്ലോ രാജ്യസഭ പാസാക്കിയത്. നിയമനത്തിലോ സ്ഥാനക്കയറ്റത്തിലോ ഒന്നും ഭിന്നലിംഗക്കാരോട് ഒരു വിവേചനവും പാടില്ലെന്ന് ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ബില്ലിന്റെ ആവേശമുൾക്കൊണ്ടാണ് കേരളം ഭിന്നലിംഗക്കാരുടെ നയം രൂപീകരിച്ചതും. ഭിന്നലിംഗക്കാരുടെ അവകാശം സംബന്ധിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകമെമ്പാടും ധാരണകളും മുൻവിധികളും മാറി വരുന്ന കാലമാണിത്. ജീവിക്കാനും തൊഴിൽ ചെയ്തു ഉപജീവനം നടത്താനും മറ്റാരെയും പോലെ ഭിന്നലിംഗക്കാർക്കും അവകാശമുണ്ട്. ഭിന്നലൈംഗികത കുറ്റമോ തെറ്റോ അല്ല എന്ന് പരിഷ്കൃത സമൂഹം തിരിച്ചറിഞ്ഞു മുന്നോട്ടു പോവുകയാണ്.

ഈ സാഹചര്യത്തിൽ പബ്ലിക് സർവീസ് കമ്മിഷന്റെ ഈ നിലപാട് കേരളം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന പുരോഗമന നവോത്ഥാന സംസ്ക്കാരങ്ങൾക്കു വിരുദ്ധമാണ് എന്നു കാണാൻ കഴിയും.

സർക്കാർ സർവീസിൽ തൊഴിൽ ലഭിക്കാനുള്ള കഴിവുകളിൽ ഏറ്റവും മുഖ്യം, പൊതുവിജ്ഞാനത്തിനുള്ള മികവാണ്. നിർഭാഗ്യവശാൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ സെക്രട്ടറിയ്ക്ക് ഭിന്നലിംഗക്കാരെ സംബന്ധിച്ച പൊതുവിജ്ഞാനം തീരെ കുറവാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അല്ലെങ്കിൽ ബംഗാളിലെ മാനബി ബന്ദോപാധ്യായയെയും മധ്യപ്രദേശിലെ ശബ്നം മൌസിയെയും അദ്ദേഹം അറിയേണ്ടതായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കോളജ് പ്രിൻസിപ്പലാണ് മാനബി ബന്ദോപാധ്യായ. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ വനിതാ കോളജ് പ്രിൻസിപ്പലായി മാനബി ബന്ദോപാദ്ധ്യായ ചുമതലയേറ്റത് 2015 ജൂൺ 9ന്. ബംഗാളി ഭാഷയിൽ ബിരുദാനന്തര ബിരുദധാരിയായ മാനബിയ്ക്ക് ബംഗാളിൽ സർക്കാർ സർവീസിൽ പ്രവേശിക്കാനും കോളജ് പ്രിൻസിപ്പലാകാനും തടസമില്ല.

[caption id="attachment_49564" align="alignleft" width="215"]kalki subramaniam കൽക്കി സുബ്രഹ്മണ്യം[/caption]

ബംഗാളിൽനിന്നു തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നാം റിയ സർക്കാരിനെക്കുറിച്ചു കേട്ടത്. പശ്ചിമബംഗാൾ നിയമസഭയിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദക്ഷിണ കൊൽക്കൊത്തയിലെ ഒരു ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായിരുന്നു റിയ സർക്കാർ. ഡം ഡമ്മിലെ ഒരു സർക്കാർ സ്ക്കൂളിലെ ഹിസ്റ്ററി ടീച്ചറാണ് റിയ സർക്കാർ. ഭിന്നലിംഗക്കാരെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിലുള്ള വിപ്ലവകരമായ മുൻകൈയെന്നാണ് റിയയെ നിയമിച്ചുകൊണ്ട് അത്യാഹ്ളാദത്തോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്മിതാ പാണ്ഡെ അന്നു പിടിഐയോടു പറഞ്ഞത്.

[caption id="attachment_49562" align="alignright" width="136"]Riya_Sarkar_Hero റിയ സർക്കാർ[/caption]

ശബ്നം മൌസിയെ അങ്ങേയ്ക്കും അറിയാമെന്നു കരുതുന്നു. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ നിയമസഭാംഗമാണ് ശബ്നം. മധ്യപ്രദേശിലെ സോഹാഗ്പൂർ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. ആവേശമുയർത്തുന്ന മറ്റൊരനുഭവവും മധ്യപ്രദേശിനുണ്ട്. ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ മേയറും മധ്യപ്രദേശിൽ നിന്നായിരുന്നു. കട്നി നഗരത്തിന്റെ മേയറായി കമല ജാൻ തിരഞ്ഞെടുക്കപ്പെട്ടത് 1999ൽ.

ഭിന്നലിംഗക്കാരോടുളള സമീപനത്തിൽ തമിഴ് നാട് സർക്കാരും നമ്മെക്കാൾ എത്രയോ മുന്നിലാണെന്നു പറയേണ്ടി വരും. ഭിന്നലിംഗക്കാരിൽ ഇന്ത്യയിലെ ആദ്യത്തെ സംരംഭകയായി കൽക്കി സുബ്രഹ്മണ്യം ഉയർന്നു വന്നത് തമിഴ്നാട്ടിൽ നിന്നാണ്. അവരുടെ ശ്രമഫലമായി അവിടെ ഭിന്നലിംഗക്കാർക്കു വേണ്ടി ഒരു ക്ഷേമനിധി ബോർഡുമുണ്ട്.

[caption id="attachment_49567" align="alignleft" width="200"]shabnam mausi ശബ്നം മൌസി[/caption]

ഇതൊക്കെയാണ് നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളേക്കാളൊക്കെ രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിലാണ് കേരളമെന്നാണ് നമ്മിൽ പലരുടെയും അവകാശവാദം. എന്നാൽ കാര്യത്തോട് അടുക്കുമ്പോഴാണ് അതൊക്കെ വെറും പ്രചരണമാണോ എന്നു നാം തന്നെ സംശയിച്ചു പോകുന്നത്.

അനു ബോസിനെപ്പോലുളളവർ സർക്കാർ സർവീസിലേയ്ക്കു കടന്നു വരികതന്നെ വേണമെന്ന കാര്യത്തിൽ അങ്ങേയ്ക്കും അഭിപ്രായവ്യത്യാസമില്ലെന്നു കരുതുന്നു. ഇന്നത്തെ സമൂഹത്തിൽ അനിവാര്യമായും നടക്കേണ്ട ഒരു നവോത്ഥാന പ്രവർത്തനമാണ് ഭിന്നലിംഗക്കാരുടെ എല്ലാ അവകാശങ്ങളുടെയും സംരക്ഷണം. അതിനാൽ ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ അങ്ങയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. മുട്ടാപ്പോക്കുകൾ ഉന്നയിച്ച് ഭിന്നലിംഗക്കാരുടെ അവകാശം നിഷേധിക്കാൻ ആർക്കും അവസരം ഉണ്ടാകാൻ പാടില്ല. നിയമത്തിലും ചട്ടത്തിലും അക്കാര്യം മുന്നിൽക്കണ്ടുള്ള പരിഷ്കാരങ്ങൾ ആവശ്യമാണ്.

ജീവിതകാലം മുഴുവൻ അവഹേളനങ്ങളും പീഡനങ്ങളും അവഗണനയും അനുഭവിച്ചു വളർന്ന ഒരു സമൂഹം ഏറെ പ്രതീക്ഷയോടെ അങ്ങയെ ഉറ്റുനോക്കുന്നുണ്ട്. അവരെ അങ്ങു നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയോടെ.

മാത്യു സാമുവല്‍
എഡിറ്റര്‍ ഇന്‍ ചീഫ്
നാരദാന്യൂസ്.കോം