പുതുമദനിമാരെ, ഒരു കോയമ്പത്തൂര്‍ കഥ പറയാം; കുറച്ചു പഴയതാണ്...

മദനിയെ ഒരിക്കല്‍ വെറുതെ വിടും. പക്ഷെ ഒരു കാര്യം നിസ്സംശയം പറയാം - മാത്യു, നീ കോയമ്പത്തൂര്‍ പോയി ചെയ്ത ഈ സ്റ്റോറി ടെലിക്കാസ്റ്റ് ചെയ്യില്ല.

പുതുമദനിമാരെ, ഒരു കോയമ്പത്തൂര്‍ കഥ പറയാം; കുറച്ചു പഴയതാണ്...

പന്ത്രണ്ടാം ലോകസഭ പിരിച്ചുവിട്ടതിനു ശേഷം രാജ്യം അടുത്ത തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന സമയം. മുന്‍ ഇന്ത്യന്‍ ഡെപ്യുട്ടി പ്രധാനമന്ത്രി എല്‍.കെ.അദ്വാനി പ്രചരണാര്‍ത്ഥം കോയമ്പത്തൂരില്‍ എത്തുന്നു. അപ്പോഴാണ്‌ രാജ്യത്തെ നടുക്കുന്ന സീരിയല്‍ ബോംബ്‌ സ്ഫോടന പരമ്പര അവിടെ നടക്കുന്നത്. അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു, പലരുടെയും നില അതീവഗുരുതരമായി.

ഇതിനു പിന്നില്‍ പ്രവർത്തിച്ചത് 'അൽ ഉമ' എന്ന തീവ്രമുസ്ലിം സംഘടനയാണ് എന്നാണ് തമിഴ്‌നാട് സ്റ്റേറ്റ് ഗവൺമെന്റ് കമ്മീഷൻ ഓഫ് എന്‍ക്വയറീസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.


ട്രാഫിക് പോലീസുകാരൻ സെൽവരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഹിന്ദുമുന്നണി പ്രവർത്തകർ കോയമ്പത്തൂരില്‍ കലാപം അഴിച്ചുവിട്ടു. അവര്‍ പതിനെട്ടോളം മുസ്ലീങ്ങളെ കൊലപ്പെടുത്തി. അതിനു പ്രതികാരമായിരുന്നു എൽ.കെ അദ്വാനി റാലി നടത്തിയ ദിവസം സീരിയൽ ബോംബ് സ്ഫോടനം നടന്നത്.

പ്രസ്തുത കേസില്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാരോപിച്ചു കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ നാസർ മദനിയെ പോലീസ് കോയമ്പത്തൂർ ജയിലിൽ അടച്ചു.

ഒരു ദേശീയ ഹിന്ദി ചാനലിൽ SIT യുടെ (സ്പെഷ്യൽ ഇന്‍വസ്റ്റിഗേഷന്‍ ടീം) ചുമതല വഹിച്ച് ഈയുള്ളവന്‍ ജോലി ചെയ്യുന്ന കാലത്തെ ഓര്‍മ്മയാണ്. ഡല്‍ഹിയില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഓഫീസ്. എന്‍റെ ടീമില്‍ എന്നെക്കൂടാതെ വേറെ നാലുപേര്‍ കൂടിയുണ്ട്. അതിൽ രണ്ടുപേർ ഡൽഹി JNUവിൽ നിന്നും പഠിച്ചിറങ്ങിയ ബീഹാര്‍ സ്വദേശികളാണ്. JNU വില്‍ AISA എന്ന വിദ്യാർഥിസംഘടനയുടെ പ്രവർത്തകരായിരുന്ന ഇവര്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവരാണ് എങ്കിലും രണ്ടു പേരും എല്ലാ വെള്ളിയാഴ്ചകളിലും പതിവായി നിസ്കരിക്കാൻ പോകും. അത്ര മാത്രം! അതില്‍ ഒരുവന് തമിഴ്ഭാഷ നന്നായി സംസാരിക്കാനും എഴുതുവാനും അറിയാം. കാരണം, ഇവന്‍റെ പിതാവ് ജോലി ചെയ്തിരുന്നത് ചെന്നൈയിലുള്ള പോർട്ട് ട്രസ്റ്റിലായിരുന്നതിനാല്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്‍റെ സിംഹഭാഗവും ഇദ്ദേഹം തമിഴ്‌നാട്ടിലായിരുന്നു.

മദനിയുടെ ചാർജുകളിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന സമയത്തു വളരെ വിശ്വസനീയമായ ഒരു സന്ദേശം ഞങ്ങള്‍ക്ക് ലഭിച്ചു - ഈ കേസില്‍ പോലീസ് വാദങ്ങളെല്ലാം പ്രത്യേക കോടതിയിൽ പൊളിയുകയാണ്. ഞാന്‍ ഇതിനെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. മറ്റു ദേശീയ മാധ്യമങ്ങൾ ഇതൊന്നും കാര്യമായി റിപ്പോർട്ട് ചെയ്യുന്നില്ല. സഹപ്രവർത്തകനോട് ഞാന്‍ അവിടെ പോയി അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടു. എനിക്ക് അറിയാവുന്ന മലയാളികളായ പത്രക്കാരോട് ഇക്കാര്യത്തെ പറ്റി ഞാന്‍ ആരാഞ്ഞു, അവർക്കും പ്രത്യേകിച്ചൊന്നും അറിയില്ല. മാധ്യമങ്ങള്‍ പ്രത്യേക പരിഗണകൾ ഒന്നും മദനി കേസിനോട് കാണിക്കുന്നുമില്ല എന്ന് എനിക്കനുഭവപ്പെട്ടു.

മുന്‍പ് ഞാന്‍ സൂചിപ്പിച്ച ഞങ്ങളുടെ റിപ്പോർട്ടർ കോയമ്പത്തൂര്‍ എത്തി പലതും അന്വേഷിച്ച്, തിരിച്ചു ഡൽഹിയിൽ എത്തി തന്‍റെ അന്വേഷണം ബ്രീഫ് ചെയ്തു റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. തുടര്‍ന്ന്, ഈയുള്ളവൻ ക്യാമറാമാനുമായി കോയമ്പത്തൂരിൽ എത്തി. നേരെ ജയിലിലേക്ക്. ഉദ്ദേശം മദനിയെ നേരിട്ടു കാണുക എന്നുള്ളതാണ്. അവിടെയെത്തി ജയിൽ അധികൃതര്‍ക്ക് ആഗമനോദ്ദേശം അറിയിച്ച് കുറിപ്പു കൊടുത്തയച്ചു. അല്പം താമസിക്കുമെന്ന് അറിയിപ്പും കിട്ടി. ആയതിനാൽ ഈയുള്ളവൻ പുറത്തേക്കിറങ്ങി ചായയും സിഗററ്റുകളും മാറിമാറി സേവിച്ചു നില്‍ക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് ചെറുപ്പക്കാർ 'മുസ്ലിം തൊപ്പി'യിട്ട രണ്ടു പേര്‍ എന്നെ വന്നു പരിചയപ്പെട്ടു. ആദ്യത്തെ ചോദ്യം: "ഉസ്താദിനെ കാണാന്‍ വന്നതാണോ...?" എനിക്ക് ഉസ്താദ് എന്ന വാക്ക് അമ്പരപ്പുളവാക്കി. അവര്‍ നേരിട്ട് കാര്യങ്ങളിലേക്കു കടന്നു. അവർ ഉസ്താദിന് സഹായങ്ങൾ ചെയ്തു കൊടുക്കുന്നവരാണെന്നും, ഈയുള്ളവനും ഇവിടെ എന്തു സഹായവും നല്‍കാമെന്നും അവര്‍ ഉറപ്പു നൽകി.

[caption id="attachment_52065" align="aligncenter" width="640"]കോയമ്പത്തൂർ സെൻട്രൽ ജയിൽ കോയമ്പത്തൂർ സെൻട്രൽ ജയിൽ[/caption]

കുറച്ചു കഴിഞ്ഞപ്പോൾ ജയിൽ അധികൃതരുടെ അറിയിപ്പ് എന്നെ തേടിയെത്തി. മദനി ഈയുള്ളവനെ കാണാൻ തയ്യാറല്ലെന്നായിരുന്നു ആ സന്ദേശം. ഞാൻ ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ടുമായി തർക്കത്തിലായി. അവര്‍ അറിയിച്ച കാര്യം അതായത്, മദനി എന്നെ കാണാന്‍ താൽപ്പര്യപ്പെടുന്നില്ല എന്ന വാദം അദ്ദേഹം തന്നെ മലയാളത്തിൽ എഴുതി നല്‍കിയാല്‍ ഞാന്‍ വിശ്വസിക്കാമെന്ന് ഞാന്‍ പറഞ്ഞു. പോലീസിന്‍റെ മറ്റൊരു ഗൂഡാലോചനയാണ് എന്‍റെ ആവശ്യം നിരസിക്കുവാന്‍ കാരണം എന്ന് മനസിലാക്കിയതിനാലാണ് ഞാന്‍ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചത്.

എന്നാല്‍ സൂപ്രണ്ട് എന്നോട് തര്‍ക്കിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ചായക്കടയില്‍ വച്ചു പരിചയപ്പെട്ട രണ്ടുപേരും എന്നെ അനുകൂലിച്ചു തര്‍ക്കത്തില്‍ പങ്കുചേര്‍ന്നു. ജയിലറുടെ മുറിയില്‍ വച്ചാണ് ഈ വാഗ്വാദം അത്രയും. അപ്പോഴാണ്‌ എന്‍റെ ഒരു പഴയ സുഹൃത്ത് ജോസ് തറയിലിന്‍റെ ഫോണ്‍കോള്‍ വളരെ കാലത്തിനു ശേഷം എനിക്ക് ലഭിക്കുന്നത്. തമിഴ്‌നാട് സ്റ്റേറ്റിന്‍റെ ഇന്റലിജൻസ് ബ്യുറോയുടെ ചുമതലയുള്ള ജോയിന്‍റ് ഡയറക്ടറാണ് അദ്ദേഹം അപ്പോള്‍.
"എടാ മാത്യു... നീ ഇപ്പോൾ അവിടെ നിൽക്കണ്ട... നിന്നെ കയറ്റി വിടുകയുമില്ല. നീ ഇപ്പോള്‍ ഏതായാലും ഹോട്ടലിൽ പോകൂ. കുറച്ചു കഴിഞ്ഞു വീണ്ടും സംസാരിക്കാം" അദ്ദേഹം പറഞ്ഞു.

(ചങ്ങനാശ്ശേരി സ്വദേശിയായ ശ്രീ ജോസ് തറയിൽ IPS വെസ്റ്റ് ബംഗാൾ കേഡർ IPS ഉദ്യോഗസ്ഥനാണ്. 2003ല്‍ ചെന്നൈയിൽ സർവീസിൽ ആയിരിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്).

ഞാന്‍ തിരിച്ച് എന്‍റെ ഹോട്ടല്‍ മുറിയില്‍ എത്തി. അപ്പോഴേക്കും എനിക്ക് ഒരു കാര്യം മനസിലായി. IB എനിക്കു പിന്നാലെ തന്നെയുണ്ട്‌. മദനിയുടെ കാര്യത്തില്‍ താല്‍പര്യമെടുത്തതു തന്നെയാണ് വിഷയം. ഹോട്ടലിലേക്ക് തിരികെ പോരുമ്പോള്‍ ജയിലിനു പുറത്തു വച്ചു പരിചയപ്പെട്ട രണ്ടുപേരും എനിക്കൊപ്പം കൂടിയിട്ടുണ്ട്. വരുന്ന വഴിയില്‍ അവർ എനിക്ക് നല്ല ഒരു മട്ടൺ ബിരിയാണിയും വാങ്ങിത്തന്നു. എങ്കിലും റൂമിൽ എത്തിയപ്പോഴേക്കും എനിക്ക് ഇവരെപ്പറ്റിയുള്ള സംശയങ്ങള്‍ കൂടിക്കൂടിവന്നു.

എങ്ങനെയാണ് ഈ സംശയങ്ങള്‍ ഒന്നു ദൂരികരിക്കുക? ഉസ്താദിനെ കുറിച്ചുള്ള മഹിമകൾ ഇവര്‍ വാ തോരാതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടെ മദനിയുടെ വീട്ടുകാരുടെയും മറ്റുള്ളവരുടെയും ഫോണ്‍ കോളുകളും ഇവർക്ക് ലഭിക്കുന്നുണ്ട്. അതിന് അവര്‍ തന്ത്രത്തില്‍ എന്തെല്ലാമോ മറുപടിയും കൊടുക്കുന്നു. എന്‍റെ സംശയങ്ങള്‍ ഇതോടെ ഇങ്ങനെ പെരുകിപ്പെരുകി വരികയാണ്.

റൂമിൽ അപ്പോള്‍ എന്‍റെ നവസുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമേയുള്ളൂ. ഈ മാന്യദ്ദേഹം ടോയ്‌ലെറ്റിൽ പോയപ്പോൾ ഈയുള്ളവൻ അവന്‍റെ മൊബൈൽ ഫോൺ കൈയിലെടുത്തിട്ട് എന്‍റെ സ്വന്തം ഫോൺ അവിടെ വച്ചു. ഒരു നിമിഷം പോലും കളയാതെ പെട്ടെന്ന് ഒരോട്ടോ വിളിച്ച്, അടുത്തുള്ള ഒരു ഫോൺ കടയിൽ പോയി എന്‍റെ കയ്യിലുള്ള അയാളുടെ ഫോണിലും സിം കാര്‍ഡിലും മെമ്മറിയിലുമുള്ള എല്ലാ നമ്പറും പേരും കാൾ ലോഗ് ലിസ്റ്റും മറ്റൊരു കാര്‍ഡിലേക്ക് കോപ്പി ചെയ്തു. ഭാഗ്യത്തിന് അയാളുടെ ഫോൺ ലോക്ക് ആയിരുന്നില്ല. പക്ഷെ എന്‍റെ ഫോൺ ഓട്ടോ ലോക്ക് ആയിരുന്നു താനും.

ഞാന്‍ തിരിച്ചു റൂമിലെത്തി, പുറത്തേക്കിറങ്ങിയപ്പോള്‍ അറിയാതെ ഫോണുകള്‍ തമ്മില്‍ മാറിപ്പോയി, ക്ഷമിക്കണം എന്നു പറഞ്ഞു. ഒന്ന് ഉറങ്ങണം, വൈകിട്ട് കാണാം എന്നു പറഞ്ഞു ഞാന്‍ അയാളെ തന്ത്രത്തിൽ ഒഴിവാക്കി. അയാളുടെ ഫോണില്‍ നിന്നും പകര്‍ത്തിയ നമ്പരുകള്‍ പരിശോധിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

അവയില്‍ തൊണ്ണൂറു ശതമാനം നമ്പരുകളും കോയമ്പത്തൂര്‍ ബോംബ് സ്ഫോടന അന്വേഷണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂഷൻ വക്കീലന്മാരുടെയും ഇന്റലിജന്‍സിന്റെയും നമ്പരുകള്‍ ആയിരുന്നു. കൂടാതെ മദനിയുടെ വീട്ടുകാരുടെയും അയാളുടെ കേസ് നടത്തുന്ന സുഹൃത്തുക്കളുടെയും നമ്പറുകളും ഇതിലുണ്ട്. എപ്പടിയാച്ച് ഈ തൊപ്പിക്കാരന്‍?

വൈകുന്നേരവും അവരെത്തി. ഒന്നും അറിഞ്ഞ ഭാവം ഞാന്‍ നടിച്ചില്ല. കാര്യങ്ങള്‍ എനിക്ക് ഉറപ്പായി 'ഡബിൾ സ്പൈ'കളാണ് ഇരുവരും. പോലീസിന്റെ പേ റോളില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുക. എങ്കിലും, ഇവരെ ഒഴിവാക്കി ഈയുള്ളവൻ പലരെയും കാണാൻ പോയി.

ഒരു കാര്യം ഉറപ്പാവുകയായിരുന്നു- മദനിയുടെ കേസ് പ്രോസിക്യൂഷൻ ഭാഗം എവിടെയും വിജയിക്കില്ല. അതിനുള്ളതൊന്നും അവരുടെ കയ്യിലില്ല. ബോംബ് കേസിൽ പ്രതിയായിരുന്ന ഒരുത്തൻ മദനിയെ കണ്ടിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ അവര്‍ എന്താണ് ചർച്ചകൾ നടത്തിയത് എന്ന് ഊഹിച്ചെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. സോളിഡ് പ്രൂഫിനു വേണ്ടി പോലീസ് അഹോരാത്രം പാടുപെടുകയാണ്.

ഉദാഹരണമായി പോലീസിന്‍റെ ഒരു കള്ളക്കളി കൂടി പറയാം. ഇവര്‍ അറിഞ്ഞു തന്നെ ജയിലിനകത്തേക്കു മൊബൈൽ ഫോണും ബാറ്ററികളും കൊടുത്തുവിടുന്നു. മദനി ജയിലിനകത്തു നിന്നും വിളിക്കുന്ന എല്ലാ ഫോണുകളും പോലീസ് ഇപ്പുറത്തിരുന്നു ശ്രവിക്കുന്നു. ഏതെങ്കിലും തലത്തിൽ എങ്ങനെയെങ്കിലും ഒരു തുമ്പു കിട്ടണം. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോൾ പോലിസിനു പിടികിട്ടി, മദനി ഇതുപോലെ തുടര്‍ന്നും ഫോൺ ഉപയോഗിക്കുകയാണെകിൽ തുമ്പ് കിട്ടില്ലെന്ന് മാത്രമല്ല, ഈ കേസിൽ നിന്നും മദനി സുഖമായി ഊരി പോരുകയും ചെയ്യും. അതിലും നല്ലതു മദനി താമസിക്കുന്ന സെൽ റെയ്ഡ് ചെയ്തു ഒരു ഗംഭീര വാർത്ത സൃഷ്ടിക്കുന്നതാണ്. ഈ നാടകം അവര്‍ വിജകരമായി നടപ്പിലാക്കി.

ജയിലിൽ മദനി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന് എന്നോട് പറഞ്ഞത് ജോസ് തറയിൽ തന്നെയാണ്. കോയമ്പത്തൂരിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍, ഞാന്‍ ചെന്നൈയിലെത്തി ജോസ് തറയിലിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിൽ വച്ചായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച. ഞങ്ങള്‍ രണ്ടു മണിക്കൂറോളം ഗംഭീര ചര്‍ച്ചയായിരുന്നു - മദനിയാണ് ടോപ്പിക്ക്!
"നിങ്ങള് എല്ലാവരും കൂടി അയാളെ ഒരു കാര്യവുമില്ലാതെ അകത്തിട്ടിരിക്കുകയാണ്," ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.

"മദനി കേരളത്തിൽ നടത്തിയിട്ടുള്ള പ്രസംഗമാണ് ഇതിനെല്ലാം കാരണം." തിരിച്ചുള്ള പ്രതികരണം.

ആയിക്കോട്ടെ..അതിനു എങ്ങനെയാണ് ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാകുന്നത്?

"ഞങ്ങള്‍ അതെല്ലാം കണക്റ്റ് ചെയ്യും. അതല്ലേ പോലീസ്!" തറയിലിന്‍റെ മറുപടി.

ജോസ് തറയിൽ ഒടുവില്‍ ഒരു കാര്യം സമ്മതിച്ചു-
മദനിയെ ഒരിക്കല്‍ വെറുതെ വിടും. പക്ഷെ ഒരു കാര്യം നിസ്സംശയം പറയാം - മാത്യു, നീ കോയമ്പത്തൂര്‍ പോയി ചെയ്ത ഈ സ്റ്റോറി ടെലിക്കാസ്റ്റ് ചെയ്യില്ല.

അത് അങ്ങനെത്തന്നെ സംഭവിച്ചു. തിരികെ ഡൽഹിയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞ് ഈയുള്ളവൻ ആ ചാനലിന്റെ പടിയിറങ്ങി!

ബാംഗ്ലൂർ സ്ഫോടനം അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഇതേപോലെ മുന്‍പെന്നോട് സമാനമായ ഒരു ചിന്തയും പങ്കു വച്ചിരുന്നു. മദനിക്കെതിരെ തെളിവൊന്നുമില്ല, ശരിയാണ്... പക്ഷെ പഴയ പ്രസംഗം ഒരു വിഷയമാണ്.

അതുകൊണ്ട് പ്രസംഗിക്കുന്നവർക്കായി ഈയുള്ളവന്‍റെ ഒരു ചെറിയ ഉപദേശം, പ്രിയപ്പെട്ടവരെ, സൂക്ഷിച്ചും കണ്ടും വാക്കുകള്‍ മൊഴിയുക... അതെല്ലെങ്കിൽ എവിടെങ്കിലും ഇത് തിരിഞ്ഞുകുത്തും! ചിലപ്പോൾ ഒരു ബോംബ് സ്ഫോടനക്കേസോ അല്ലെങ്കിൽ തീവ്രവാദി ബന്ധമോ അതുമല്ലെങ്കില്‍ രാജ്യദ്രോഹമോ... എന്തിനാ വെറുതെ ഒരു ജന്മം കളയുന്നത്?

Read More >>