ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകരില്‍ ഹിന്ദു ദേശീയവാദികളും

തീവ്രദേശീയവാദം ഉയര്‍ത്തുന്നതും ഇസ്ലാമിക തീവ്രവാദത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതുമാകാം ഹിന്ദു ദേശീയവാദികളെ ട്രംപിലേയ്ക്കടുപ്പിച്ചതെന്ന് കരുതുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകരില്‍ ഹിന്ദു ദേശീയവാദികളും

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോടും മോഡിയോടുമുള്ള തന്റെ താല്‍പര്യം പ്രഖ്യാപിച്ചത് ഇന്നാണ്. അതേസമയം ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയില്‍ താമസിക്കുന്ന നിരവധി ഹിന്ദു ദേശീയവാദികളുടെ പിന്തുണയുള്ളതായി റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ വിജയത്തിനായി ഇവര്‍ യാഗങ്ങളും പ്രാര്‍ഥനകളുമൊക്കയായി രംഗത്തിറങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരും ഇന്ത്യയില്‍ത്തന്നെയുള്ള ട്രംപ് ആരാധകരുമാണ് പരസ്യമായി പിന്തുണയും പൂജകളുമായി രംഗത്തുവന്നിട്ടുള്ളത്.


ട്രംപിന്റെ വിജയത്തിനായി ഡല്‍ഹിയില്‍ ഹിന്ദു സേനയെന്ന സംഘടന യാഗം നടത്തി. ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം ചുവന്ന തിലകമണിയിച്ച ട്രംപിന്റെ ചിത്രവുമായി അഗ്നികുണ്ഠമൊരുക്കിയാണ് ഇവര്‍ യാഗം നടത്തിയത്. ഇന്ത്യയിലും അമേരിക്കയിലും ട്രംപിന്റെ വിജയത്തിനായി സമാനമായ യാഗങ്ങളും പ്രാര്‍ഥനകളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നരേന്ദ്ര മോഡിയെപ്പോലെ തന്നെ കരുത്തുറ്റ നേതാവാണ് ട്രംപെന്നാണ് ഇന്ത്യക്കാരായ ആരാധകരുടെ വാദം.

അതേസമയം കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഏഴ് ശതമാനം പേര്‍ മാത്രമാണ് ട്രംപിന് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയത്. തീവ്രദേശീയവാദം ഉയര്‍ത്തുന്നതും ഇസ്ലാമിക തീവ്രവാദത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതുമാകാം ഹിന്ദു ദേശീയവാദികളെ ട്രംപിലേയ്ക്കടുപ്പിച്ചതെന്ന് കരുതുന്നു. വികസനത്തിനും സമൃദ്ധിക്കും തൊഴില്‍ വളര്‍ച്ചയ്ക്കുമായി പ്രതിജ്ഞാബദ്ധനായ നേതാവാണ് ട്രംപെന്ന് റിപ്പബ്ലിക്കന്‍ ഹിന്ദു കോയിലേഷന്‍ സ്ഥാപക ചെയര്‍മാന്‍ ശലഭ് കുമാര്‍ പറഞ്ഞു. ഇല്ലിനോയ്‌സില്‍ ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തുന്ന ഇദ്ദേഹം ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇതിനകം വലിയ തുക സംഭാവന ചെയ്തിട്ടുണ്ട്.

Read More >>