അംജദ് അലി ഖാന്റെ മ്യൂസിക് അക്കാദമി; സാംസ്ക്കാരിക മാഫിയയുടെ ലക്ഷ്യം 20 കോടിയുടെ സർക്കാർ ഭൂമി; നാരദാ എക്സ്ക്ലൂസീവ്

ഉടമസ്ഥതയിലും നടത്തിപ്പിലും മേൽനോട്ടത്തിലുമൊന്നും സർക്കാരിന്റെയോ സംഗീത നാടക അക്കാദമിയുടെയോ സാംസ്ക്കാരിക വകുപ്പിന്റെയോ ടൂറിസം വകുപ്പിന്റെയോ പങ്ക് എംഒഎയിൽ എവിടെയും പരാമർശിച്ചിട്ടില്ല. ഷേഖ് പരീഖും സൂര്യാ കൃഷ്ണമൂർത്തിയും ഡോ. പി വി കൃഷ്ണൻ നായരും വ്യക്തികളെന്ന നിലയിലാണ് ട്രസ്റ്റിൽ അംഗങ്ങളായിരിക്കുന്നത്.

അംജദ് അലി ഖാന്റെ മ്യൂസിക് അക്കാദമി; സാംസ്ക്കാരിക മാഫിയയുടെ ലക്ഷ്യം  20 കോടിയുടെ സർക്കാർ ഭൂമി; നാരദാ എക്സ്ക്ലൂസീവ്

അജയ് ഗോപൻ

സരോദ് വിദ്വാൻ ഉസ്താദ് അംജദ് അലിഖാന് സംഗീത വിദ്യാലയം സ്ഥാപിക്കാനെന്നപേരിൽ സാംസ്ക്കാരിക മാഫിയ ലക്ഷ്യമിടുന്നത് തിരുവനന്തപുരത്തെ വേളി ടൂറിസം വില്ലേജിലെ 20 കോടിയോളം വിലമതിക്കുന്ന രണ്ടേക്കർ ഭൂമി. വ്യക്തമായ പഠനമോ പ്രോജക്ട് റിപ്പോർട്ടോ ഇല്ലാതെ  സ്വകാര്യ ട്രസ്റ്റിന് ടൂറിസം ഭൂമി തിരക്കിട്ട് കൈമാറാൻ ഉത്തരവിട്ട റവന്യൂ വകുപ്പിന്റെ നടപടിയിലും ദൂരൂഹത.

2016 ഫെബ്രുവരി 18നാണ് കടകംപളളി വില്ലേജിലെ സർവെ നമ്പർ 2856ൽപ്പെട്ട 25 ഏക്കറിൽ നിന്ന് റോഡരികിലുളള രണ്ടേക്കർ സ്ഥലം അംജദ് അലിഖാന്റെ മ്യൂസിക് അക്കാദമിക്ക് വിട്ടു നൽകാൻ നിർദ്ദേശിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. വാണിജ്യപ്രാധാന്യമുളള ഈ സ്ഥലത്തിന് സർക്കാരിന്റെ ന്യായവില പ്രകാരം തന്നെ എട്ടു കോടിയോളം രൂപ വരും. കമ്പോളവില ഇതിലും പലമടങ്ങുയരും.


14800205_1061980610585384_125181347_o

ട്രസ്റ്റു നിറയെ അംജദ് അലിഖാന്റെ കുടുംബം,  എംഒഎ പ്രകാരം സർക്കാരും സംഗീത നാടക അക്കാദമിയും വെറും കാഴ്ചക്കാർ

2014 ഡിസംബർ പത്തിനു രജിസ്റ്റർ ചെയ്ത  അക്കാദമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരം, അംജദ് അലി ഖാൻ പ്രസിഡന്റും ഭാര്യ സുബ്ബലക്ഷ്മി ഖാൻ സെക്രട്ടറിയും മക്കളായ അമൻ അലി ഖാൻ, അയൻ അലിഖാൻ എന്നിവർ വൈസ് പ്രസിഡന്റുമായ ട്രസ്റ്റാണ് ഉസ്താദ് അംജദ് അലി ഖാൻ ഇൻറർനാഷണൽ മ്യൂസിക് അക്കാദമി. ഈ ട്രസ്റ്റിൽ സർക്കാർ പ്രതിനിധികളാരുമില്ല. ഇവർക്കു പുറമെ ഷേഖ് പരീഖ്, സൂര്യാ കൃഷ്ണമൂർത്തി, ഡോ. പി വി കൃഷ്ണൻ നായർ എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങൾ. സൂര്യാ കൃഷ്ണമൂർത്തിയുടെ വസതിയായ തൈക്കാട് സൂര്യ ചൈതന്യ എന്ന വിലാസത്തിലാണ് അക്കാദമി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

14813634_1061981883918590_1966458040_n

ഉടമസ്ഥതയിലും നടത്തിപ്പിലും മേൽനോട്ടത്തിലുമൊന്നും സർക്കാരിന്റെയോ സംഗീത നാടക അക്കാദമിയുടെയോ സാംസ്ക്കാരിക വകുപ്പിന്റെയോ ടൂറിസം വകുപ്പിന്റെയോ പങ്ക് എംഒഎയിൽ എവിടെയും പരാമർശിച്ചിട്ടില്ല. ഷേഖ് പരീഖും സൂര്യാ കൃഷ്ണമൂർത്തിയും ഡോ. പി വി കൃഷ്ണൻ നായരും വ്യക്തികളെന്ന നിലയിലാണ് ട്രസ്റ്റിൽ അംഗങ്ങളായിരിക്കുന്നത്. സംഗീത നാടക അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നീ പദവികളുടെ പേരിൽ അംഗങ്ങളായാൽ മാത്രമേ പിൻഗാമികൾക്ക് സ്വാഭാവികമായി ട്രസ്റ്റിലും ഗവേണിംഗ് ബോഡിയിലും അംഗമാകാൻ കഴിയൂ. അക്കാദമിയെ സ്വകാര്യസ്ഥാപനമാക്കി ഉളളംകൈയിൽ നിലനിർത്താനുളള താൽപര്യത്തിന്റെ തെളിവായി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.

പെർഫോമിംഗ് ആർടിസ്റ്റ് എന്ന നിലയിലാണ് സൂര്യാ കൃഷ്ണമൂർത്തിയുടെ സ്ഥാനം. അക്കാദമിക് വിദഗ്ധൻ എന്ന നിലയിൽ ഡോ. പി വി കൃഷ്ണൻ നായർ. ഐഎഎസുകാരൻ എന്ന നിലയിൽ ഷേഖ് പരീഖ്.  വ്യക്തികളെന്ന നിലയിലാണ്, ഔദ്യോഗിക പദലവിയുടെ പേരിലല്ല ഇവരുടെ ട്രസ്റ്റിലെ അംഗത്വം. സംഗീത നാടക അക്കാദമിയുടെ ഓഫീസുളളപ്പോൾ സൂര്യാ കൃഷ്ണമൂർത്തിയുടെ വീട്ടു വിലാസത്തിൽ അക്കാദമി രജിസ്റ്റർ ചെയ്തതിന്റെയും ഉദ്ദേശ്യം വ്യക്തമാണ്.

ആദ്യം തീരുമാനിച്ചത് എറണാകുളം,  വേളിയിലെത്തിയതിന്റെ കാരണം ദുരൂഹം

എറണാകുളത്തുളള കിൻഫ്രയുടെ ഒന്നരയേക്കർ ഭൂമിയിൽ സംഗീത വിദ്യാലയം തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ സമീപത്തായതിനാൽ സ്ഥലം സമ്മതമാണെന്ന് അംജദ് അലി ഖാനും സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ പൊടുന്നനെയാണ് തീരുമാനം മാറിയത്.

14794054_1061982327251879_346355918_n

മുഖ്യമന്ത്രിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട കളമശേരി ഭൂമി വിവാദം നടക്കുന്ന കാലത്ത് എറണാകുളം കളക്ടറായിരുന്ന ഷേഖ് പരീഖ് ടൂറിസം ഡയറക്ടർ സ്ഥാനത്ത് എത്തിയതോടെയാണ് അക്കാദമി തിരുവനന്തപുരത്തേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്. കൂടുതൽ അന്വേഷണമോ ആലോചനയോ പഠനമോ പ്രോജക്ട് റിപ്പോർട്ടോ ഒന്നുമില്ലാതെ വേളിയിൽ സംഗീത വിദ്യാലയം തുടങ്ങമെന്ന് വളരെ വേഗത്തിൽ തീരുമാനവുമായി.

നടപടികളും നീക്കങ്ങളിലും സംശയവുമായി പുതിയ ടൂറിസം മന്ത്രി

കഴിഞ്ഞ 50 കൊല്ലമായി ദില്ലിയിലാണ് അംജദ് അലി ഖാന്റെ താമസം. അവിടെ അദ്ദേഹത്തിന് സ്ക്കൂളോ ട്യൂഷനോ ഒന്നുമില്ല. മക്കളല്ലാതെ വേറെ അറിയപ്പെടുന്ന ശിഷ്യന്മാരുമില്ല.

അംജദ് അലിഖാൻറെ ഭാര്യയെ സെക്രട്ടറിയും മക്കളെ വൈസ് പ്രസിഡന്റുമാരാക്കിയും രൂപം നൽകിയ ട്രസ്റ്റിനാണ് തികഞ്ഞ ലാഘവത്തോടെ വേളിയിലെ ടൂറിസം ഭൂമി പതിച്ചുകൊടുക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്. സാംസ്ക്കാരിക, ടൂറിസം വകുപ്പുകളുടെ സെക്രട്ടറിമാരൊന്നും ട്രസ്റ്റിൽ അംഗങ്ങളല്ല. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയും   പ്രോജക്ടോ പഠനറിപ്പോർട്ടോ മറ്റു മുന്നൊരുക്കങ്ങളോ ഒന്നും ഇല്ലാതെയും നടന്ന വഴിവിട്ട നീക്കങ്ങളിലും ട്രസ്റ്റിലെ അംഗങ്ങളുടെ കാര്യത്തിലും രജിസ്ട്രേഷൻ വിലാസത്തിലും ടൂറിസം മന്ത്രി എ സി മൊയ്തീന് സംശയമുയണർന്നതുകൊണ്ടാണ്  കാര്യങ്ങൾ പഠിച്ചശേഷം മതിയെന്ന് തീരുമാനിച്ചത്.

എന്നാൽ അംജദ് അലിഖാനെപ്പോലൊരു കലാകാരനെ സർക്കാർ അപമാനിച്ചുവെന്ന തരത്തിൽ വലിയ മാധ്യമ പ്രചരണം അഴിച്ചുവിട്ട് സർക്കാരിനെയും വകുപ്പിനെയും സമ്മർദ്ദത്തിലാക്കി കാര്യം നേടാനാണ് സാംസ്ക്കാരിക മാഫിയയുടെ ശ്രമം.

Read More >>