അഗ്നിബാധ; ചിക്കാഗോയില്‍ വിമാനം അടിയന്തരമായി ഇറക്കി; വീഡിയോ കാണാം

അപ്രതീക്ഷിതമായി വിമാനത്തില്‍ സ്‌ഫോടനം ഉണ്ടാവുകയും തീയും പുകയും ഉയരുകയും ചെയ്തതായി സാറ അഹമ്മദ് എന്ന യാത്രക്കാരി പറഞ്ഞു.

അഗ്നിബാധ; ചിക്കാഗോയില്‍ വിമാനം അടിയന്തരമായി ഇറക്കി; വീഡിയോ കാണാം

അഗ്നിബാധയുണ്ടായതിനെത്തുടര്‍ന്ന് ചിക്കാഗോ വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനം അടിയന്തരമായി ഇറക്കി. വെള്ളിയാഴ്ചയാണ് സംഭവം. എട്ട് പേര്‍ക്ക് പരുക്കേറ്റു. വിമാന ജീവനക്കാരും യാത്രക്കാരുമുള്‍പ്പെടെ 170 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മിയാമിയിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് 383 വിമാനത്തില്‍ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് അഗ്നിബാധയുണ്ടായത് പൈലറ്റുമാര്‍ കണ്ടെത്തി അടിയന്തരമായി ചിക്കാഗോ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നുവെന്ന് എയര്‍ലൈന്‍സ് വക്താവ് ലെസ്‌ലി സ്‌കോട്ട് പറഞ്ഞു.


https://www.youtube.com/watch?time_continue=63&v=M9FqVYmcfgQ

അപ്രതീക്ഷിതമായി വിമാനത്തില്‍ സ്‌ഫോടനം ഉണ്ടാവുകയും തീയും പുകയും ഉയരുകയും ചെയ്തതായി സാറ അഹമ്മദ് എന്ന യാത്രക്കാരി പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വലതുഭാഗത്ത് ഇരുന്ന യാത്രക്കാരെല്ലാം ഇടതുഭാഗത്തേക്ക് കുതിച്ചു. അടിയന്തരമായി വിമാനം താഴെയിറക്കിയയുടന്‍ യാത്രക്കാരെല്ലാം 'വാതില്‍ തുറക്കൂ' എന്ന് അലമുറയിട്ടതായി അവര്‍ പറഞ്ഞു. വിമാനത്തിന്റെ വാതിലുകളിലേക്ക് തീ പടര്‍ന്നതോടെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ തിക്കും തിരക്കും കൂട്ടി. വിമാനത്തിന്റെ വലതുഭാഗം അഗ്നിബാധയെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച് നിലത്തുമുട്ടിയതായി പുറത്തുവന്ന വീഡിയോ വ്യക്തമാക്കുന്നു.

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെ മിയാമക്കുള്ള മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു. 2003ല്‍ നിര്‍മിച്ചതാണ് വിമാനം. സംഭവത്തെക്കുറിച്ച് ദി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെയ്ഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.