മിസ്റ്റര്‍ എ കെ ബാലന്‍... താങ്കള്‍ കണ്ടതല്ല യഥാര്‍ത്ഥ ആദിവാസി ജീവിതങ്ങള്‍

ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെ മുഖ്യമന്ത്രിമാരായായി വന്ന ഇടതു-വലതു മുന്നണികളുടെ ആറു പതിറ്റാണ്ടിലെ ഭരണം കൊണ്ട് ആദിവാസി ജീവിതങ്ങള്‍ക്ക് എന്തെല്ലാം മാറ്റമുണ്ടായി? മാറ്റമുണ്ടായില്ലെന്ന് അഭിപ്രായമില്ലെങ്കിലും ആറു പതിറ്റാണ്ട് കാലയളവില്‍ കേരളത്തിലെ ജീവിതരീതികളിലും സാമൂഹ്യപരിസങ്ങളിലും എന്തെല്ലാം പരിണാമങ്ങളും പുരോഗതിയും ഉണ്ടായി. പക്ഷേ ആദിവാസി ജീവിതങ്ങളെ ഇത് കാര്യമായി സ്പര്‍ശിക്കാതെ പോയതിന് പിന്നില്‍ താങ്കളെപ്പോലുള്ളവരുടെ നിസംഗതയാണെന്ന് എങ്ങനെ പറയാതിരിക്കും.

മിസ്റ്റര്‍ എ കെ ബാലന്‍... താങ്കള്‍ കണ്ടതല്ല യഥാര്‍ത്ഥ ആദിവാസി ജീവിതങ്ങള്‍

ഈ സര്‍ക്കാറിന്റെ കാലത്തല്ല അട്ടപ്പാടിയിലെ ആദിവാസി സത്രീ ഗര്‍ഭിണിയായതെന്ന പരിഹാസത്തോടെയുള്ള താങ്കളുടെ നിയമസഭയിലെ പരാമര്‍ശം സ്ത്രീവിരുദ്ധവും ആദിവാസി വിരുദ്ധവും അങ്ങേയറ്റം മനുഷ്യാവകാശ വിരുദ്ധവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അട്ടപ്പാടിയില്‍ മൂന്ന് മാസത്തിനിടെ പോഷകാഹാരക്കുറവ് മൂലം ആദിവാസി മരണങ്ങള്‍ ഉണ്ടായില്ലെന്ന് നിയമസഭയില്‍ താങ്കള്‍ ഘോരഘോരം പ്രസംഗിക്കുന്നതിനിടെയാണ് ജീവിച്ചിരിക്കാത്ത ഒരു ആദിവാസി അമ്മയുടെ മാനം പോലും ആക്ഷേപിക്കപ്പെട്ടത്. ഐക്യകേരളപ്പിറവിക്ക് ശേഷം ഇന്ന് വരെയുള്ള കാലയളവ് പരിശോധിക്കുമ്പോള്‍ ഈയൊരു ജനത ഇപ്പോഴും എവിടെയാണ് നില്‍ക്കുന്നത്? എന്തുകൊണ്ട് അവര്‍ മുഖ്യധാരയിലേക്ക് വന്നില്ല?


ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെ മുഖ്യമന്ത്രിമാരായായി വന്ന ഇടതു-വലതു മുന്നണികളുടെ ആറു പതിറ്റാണ്ടിലെ ഭരണം കൊണ്ട് ആദിവാസി ജീവിതങ്ങള്‍ക്ക് എന്തെല്ലാം മാറ്റമുണ്ടായി? മാറ്റമുണ്ടായില്ലെന്ന് അഭിപ്രായമില്ലെങ്കിലും ആറു പതിറ്റാണ്ട് കാലയളവില്‍ കേരളത്തിലെ ജീവിതരീതികളിലും സാമൂഹ്യപരിസങ്ങളിലും എന്തെല്ലാം പരിണാമങ്ങളും പുരോഗതിയും ഉണ്ടായി. പക്ഷേ ആദിവാസി ജീവിതങ്ങളെ ഇത് കാര്യമായി സ്പര്‍ശിക്കാതെ പോയതിന് പിന്നില്‍ താങ്കളെപ്പോലുള്ളവരുടെ നിസംഗതയാണെന്ന് എങ്ങനെ പറയാതിരിക്കും. ആദിവാസി ക്ഷേമത്തിന് ഇക്കാലളവില്‍ ചെലവഴിക്കപ്പെട്ട കോടികള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിരുന്നെങ്കില്‍ കേരളത്തില്‍ ഏറ്റവും സമ്പന്നരാവുക ഈ വിഭാഗമായിരുന്നു. ഈ തുകകളെല്ലാം എവിടെ പോകുന്നെന്ന് താങ്കള്‍ പരിശോധിച്ചിട്ടുണ്ടോ?

ഫണ്ട് ചെലവഴിക്കുന്നതിന്റെ കണക്ക് മാത്രം കെട്ടിയെഴുന്നെള്ളിക്കുന്നതിനപ്പുറം എന്താണ് ആദിവാസി ജീവിതങ്ങളില്‍ വന്ന മാറ്റങ്ങള്‍. കോണ്‍ക്രീറ്റ് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയാല്‍ മാത്രം അവരുടെ പ്രശ്‌നങ്ങള്‍ തീരുമോ? സൗജന്യ റേഷനരി വേവിച്ചു കഴിച്ചാല്‍ പോഷകാഹാരമാകുമോ? ബസ്തറിലും ദന്തേവാഡയിലുമൊക്കെ ആദിവാസികള്‍ മാവോയിസ്റ്റ് സംഘടനകളെ പിന്തുണയ്ക്കുന്നതിന്റെ കാരണം താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഈ അവസ്ഥ തന്നെ കേരളത്തിലും സംജാതമായതിന് പിന്നില്‍ താങ്കളെപ്പോലുള്ള ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ? പിന്നെങ്ങനെ ഇവരെ ആക്ഷേപിക്കാന്‍ കഴിഞ്ഞു. താങ്കള്‍ നിയമസഭയിലിരുന്ന് അവരെ പരിഹസിച്ചപ്പോള്‍ പൊട്ടിച്ചിരിക്കുന്ന താങ്കളുടെ പാര്‍ട്ടിക്കാരുടെ മനോഭാവവും ഞെട്ടിക്കുന്നതായിരുന്നു.

അവര്‍ക്ക് ഭൂമിയില്ലാതാക്കിയതാരാണ്?

1975ലെ കേരള പട്ടിക വര്‍ഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം മുതല്‍ 1999ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കുകയും പിന്നീട് ഹൈക്കോടതി റദ്ദാക്കുകയും ഒടുവില്‍ 2009 ജൂലൈയില്‍ സുപ്രീം കോടതി ഭാഗികമായി ശരിവയ്ക്കുകയും ചെയ്ത കേരള പട്ടിക വര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണ പുനരവകാശ നിയമം വരെയുള്ള ആദിവാസി ഭൂമിയുടെ ചരിത്രം താങ്കള്‍ക്ക് അറിയുമോ?

ആദിവാസികള്‍ സ്വന്തം ഭൂമിയില്‍ നിന്ന് തൂത്തെറിയപ്പെട്ടതിന്റെ കാരണത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകുന്ന പ്രധാന കാരണം കൊച്ചി, തിരുവിതാംകൂര്‍ മേഖലയില്‍ നിന്നും വയനാട് ,അട്ടപ്പാടി എന്നീ സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു. 1979ല്‍ കേരള സര്‍ക്കാര്‍ ആദിവാസി മേഖലയില്‍ നടത്തിയ സാമൂഹിക സാമ്പത്തിക സര്‍വേപ്രകാരം 1950കളിലാണ് മലബാര്‍ മേഖലയിലേക്ക് ഏറ്റവും ശക്തമയ കുടിയേറ്റം നടന്നതെന്ന് കണ്ടെത്തുകയുണ്ടായി. 1976 ആയപ്പോഴേക്കും 9,857 ഏക്കര്‍ ഭൂമി മലബാറിലെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കുടിയേറ്റത്തിലൂടെയാണ് വടക്കന്‍ കേരളത്തിലെ ആദിവാസികളുടെ മൂന്നില്‍ രണ്ടു ഭാഗം ഭൂമിയും നഷ്ടപ്പെട്ടതെന്ന് 1992ല്‍ കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.

ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയകറ്റിയത് പോലെ, അമേരിക്കയിലെ റെഡ് ഇന്‍ഡ്യക്കാരെ കുടിയേറ്റ വെള്ളക്കാര്‍ അവരുടെ മണ്ണില്‍ നിന്നും തുരത്തിയതു പോലെ തന്നെയാണ് കേരളത്തിലും ആദിവാസികളെ കബളിപ്പിച്ച് കുടിയേറ്റക്കാര്‍ ഭൂമി തട്ടിയെടുത്തത്. സംഘടിത വോട്ടുബാങ്ക് അല്ലാത്തിടത്തോളം ആദിവാസികള്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി മാറി. താങ്കളുടെ പ്രസ്ഥാനവും സര്‍ക്കാറും ഉള്‍പ്പെടെ നിഷ്‌ക്രിയരായി നിന്നപ്പോഴല്ലെ ഇവര്‍ കൈവശഭൂമിയില്‍ നിന്ന് നിഷ്‌കാസിതരായത്?

മുത്തങ്ങ സമരത്തിന് ശേഷം എന്ത് സംഭവിച്ചു?

രാഷ്ട്രീയാധികാരത്തിന്റെ സ്വാധീനത്തില്‍ കുടിയേറ്റക്കാര്‍ ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തിയും അടിമപ്പണി ചെയ്യിപ്പിച്ചും ചൂഷണം തുടര്‍രുമ്പോള്‍ തന്നെയാണ് താങ്കളും മന്ത്രിപദവിയിലേറിയത്. 2003ലെ മുത്തങ്ങ സമരം സംജാതമായതിന്റെ കാരണവും ഇത് തന്നെയായിരുന്നു. ഭൂമിക്ക് വേണ്ടിയുള്ള സമരം കണ്ണൂരില്‍ നിന്നും ആരംഭിച്ച് കേരളം മുഴുവന്‍ കത്തിപ്പടര്‍ന്നപ്പോള്‍ കേരളത്തില്‍ 157 ആദിവാസി പട്ടിണിമരണങ്ങള്‍ നടന്നെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ. 2001 ആഗസ്റ്റില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടില്‍ കെട്ടല്‍ സമരം നടക്കുമ്പോള്‍ മാത്രം 32 പട്ടിണിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാര്‍ ഈ മരണങ്ങളെ കണ്ടില്ലെന്നു നടിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ സമരം തുടങ്ങി 48 ദിവസത്തിനുശേഷം എകെ ആന്റണി സര്‍ക്കാര്‍ ഗോത്രമഹാസഭയുമായി ഒത്തുതീര്‍പ്പിനു വഴങ്ങി. 2001ലെ കരാറില്‍ പ്രധാനമായും അഞ്ചു തീരുമാനങ്ങളായിരുന്നു ഉണ്ടായത്. അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അത്രയും ഭൂമി നല്‍കും. മറ്റു സ്ഥലങ്ങളില്‍ കുറഞ്ഞത് ഒരേക്കര്‍ ഭുമിയും ലഭ്യമായ ഭൂമിയുടെ അളവ് അനുസരിച്ച് കൂടുതല്‍ ഭൂമിയും നല്‍കും. ഭൂമി വിതരണം നടത്തുമ്പോള്‍ ആദിവാസികള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കുന്നതിന് അഞ്ചു വര്‍ഷത്തേക്ക് പ്രത്യേക പദ്ധതിയും നടപ്പാക്കും. ആദിവാസി ഭൂമി കൈയേറിയത് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ വിധി സര്‍ക്കാര്‍ മാനിക്കും. ആദിവാസികള്‍ക്ക് പുതുതായി കൊടുക്കുന്ന ഭൂമി സംരക്ഷിക്കുന്നതിന് നിയമം പാസാക്കും. ഈ ഭൂമി ഷെഡ്യൂള്‍ഡ് സെറ്റില്‍മെന്റ് ഏരിയയായി പ്രഖ്യാപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടും. ഇത്രയുമായിരുന്നു തീരുമാനം.

ചര്‍ച്ചയും ഉടമ്പടിയും കഴിഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ തീരുമാനവും ആദിവാസികള്‍ സമരം പിന്‍വലിച്ച കാര്യവും കേരളത്തോട് കൊട്ടിഘോഷിച്ചു. 2002 ജനുവരി ഒന്നു മുതല്‍ ഭൂമി വിതരണം ചെയ്തു തുടങ്ങും എന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കണ്ടത് സര്‍ക്കാറിന്റെ സൗകര്യപൂര്‍വമായ അനാസ്ഥയും നിഷ്‌ക്രിയത്വവുമായിരുന്നു. അതിനു ശേഷം അധികാരത്തില്‍ വന്ന താങ്കളുടെ സര്‍ക്കാറും കടുത്ത വഞ്ചനയാണ് ആദിവാസികളോട് കാണിച്ചത്. അല്ലെന്ന് സ്ഥാപിക്കാന്‍ എന്ത് തെളിവുകളാണ് താങ്കളുടെ കയ്യിലുള്ളത്?

ഇവര്‍ക്കിപ്പോഴും സ്വന്തമായെന്തുണ്ട്?

2001ല്‍ ആറളത്തിനടുത്ത് കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിയില്‍ 45 കുടുംബങ്ങളിലായി നൂറ്റമ്പതോളം ആദിവാസി കുടുംബങ്ങള്‍ പട്ടിണി മരണത്തിന്റെ വക്കിലായിരുന്നത് താങ്കള്‍ ചിലപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല. സൗജന്യ റേഷനോ കൂലിപ്പണി ചെയ്യാന്‍ ആരോഗ്യമോ ഇല്ലാതെ എഴുപതോളം പേര്‍ക്ക് രോഗം പിടിപെട്ടു. പത്തോളം പേര്‍ ഗുരുതരാവസ്ഥയിലായിരുന്നു. 400 ലധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ പ്രവേശിക്കുക പോലും ചെയ്യാതെ ആരോഗ്യവകുപ്പ് ആദിവാസികള്‍ക്ക് അജ്ഞാതരോഗമാണെന്ന് കണ്ടുപിടിത്തം നടത്തി തടിയൂരി. കോളനികളുടെ പുറത്ത് അജ്ഞാതരോഗം ഭീതി പടര്‍ത്തിയതോടെ പൂക്കുണ്ട് കോളനിയും ചുറ്റുമുള്ള ആദിവാസി കോളനികളും പൊതുസമൂഹത്തില്‍നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.

പട്ടിണി മരണങ്ങളും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒപ്പുവച്ച കരാറും നിലനില്‍ക്കയാണ് ആറളം ഫാം സ്വകാര്യമേഖലയിലേക്ക് കൈമാറാനുള്ള നീക്കം 2002 ല്‍ അന്നത്തെ സര്‍ക്കാര്‍ ആരംഭിച്ചത്. 1971 ല്‍ 12500 ഏക്കര്‍ വരുന്ന ഈ ഭൂമി കേന്ദ്രകൃഷി മന്ത്രാലയത്തിനു കീഴിലുള്ള സ്‌റേറ്റ് ഫാം കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് 5000 ഏക്കര്‍ വന്യജീവി സങ്കേതവും 7500 ഏക്കര്‍ ഫാമായിട്ടും നിലനിര്‍ത്തി. ഇതില്‍ 7500 ഏക്കര്‍ ഭൂമിയാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത്. 160 കോടി രൂപ റിയലന്‍സ് പോലുള്ള കമ്പനികള്‍ ഈ ഭൂമിക്ക് വില പറഞ്ഞു.

സര്‍ക്കാര്‍ കരാര്‍ ലംഘിക്കാന്‍ തുടങ്ങിയതോടെ ആദിവാസികളുടെ പാരമ്പര്യ ഭൂമിയായ ആറളം ഫാം കയ്യേറുമെന്ന് ജാനു പ്രഖ്യപിച്ചു. അതോടെ ആറളം ഫാം തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കമെന്ന് പറഞ്ഞ് സിപിഐഎമ്മിന്റെ എം.പിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയും രംഗത്ത് വന്നു. ഇടതുപക്ഷത്തിന്റെ രംഗപ്രവേശനം ഒരേ സമയം സര്‍ക്കാറിനും ഗോത്രസഭയ്ക്കുമെതിരായിരുന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

അവകാശപ്പെട്ട ഫാമില്‍ കുടില്‍കെട്ടി കഴിയാനുള്ള ആദിവാസികളുടെ നീക്കത്തെ സിപിഐഎം ചെങ്ങറയിലെന്നപോലെ തൊഴിലാളികളെ ഇറക്കി നേരിട്ടത് താങ്കളും അറിഞ്ഞതല്ലെ? 2002 ഡിസംബര്‍ പത്തിന് ആറളത്ത് ഗോത്ര പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ പോലീസും തൊഴിലാളികളും ഫാം സുരക്ഷാ വിഭാഗവും ഒക്ടോബര്‍ 24 മുതല്‍ ഫാമിന്റെ പ്രധാന കവാടമടക്കം മൂന്ന് വഴികളും പത്തിലധികം ഊടുവഴികളും നിയന്ത്രണത്തിലാക്കി വന്‍സുരക്ഷാവലയം സൃഷ്ടിച്ച് ഫാമിനു കാവലിരുന്നു. പിന്നീട് ആന്റണി ഗോത്രസഭയുമായി ഭൂവിതരണത്തിന് കരാര്‍ ഉണ്ടാക്കിയെങ്കിലും അത് എം. എ കുട്ടപ്പനിലൂടെ സൗകര്യപൂര്‍ം ലംഘിക്കുകയും ചെയ്തു. അപ്പോള്‍ ആദിവാസി പ്രേമം മൂത്ത് ബഹളം വച്ച താങ്കളുടെ പാര്‍ട്ടിക്കാര്‍ പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ എത്ര ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ?

പോഷകാഹാരം കിട്ടുന്നില്ല സര്‍, അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു

ആഫ്രിക്കയിലെ ദരിദ്രരാജ്യമായ, പുല്ല് പോലും തിന്നുന്ന മനുഷ്യരുള്ള സിയറ ലിയോണിലെ കുട്ടികളേക്കാള്‍ ആരോഗ്യകരമായി പിന്നോക്കമാണ് അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെന്നുള്ള പഠനം പുറത്തുവന്നിട്ട് അധികകാലമായില്ല. ജനിക്കുന്ന 100 കുട്ടികളില്‍ 70 പേര്‍ക്കും പോഷാകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന അട്ടപ്പാടി ഊരുകളില്‍ താങ്കളുടെ ഭരണകാലത്തും മാറ്റമൊന്നും ഉണ്ടായില്ലെന്നോര്‍ക്കണം.

ഇവിടെ സിക്കിള്‍സെല്‍ അനീമിയ, ബെറിബെറി, മരാസ്മസ് എന്നീ രോഗങ്ങള്‍ ബാധിച്ച് 15 മാസങ്ങള്‍ക്കിടെ മരിച്ചത് 58 ആദിവാസി കുരുന്നുകളാണ്. അട്ടപ്പാടിയില്‍ 2011-2013 കാലയളവില്‍ മാത്രം മാസം തികയാതെ നടന്ന പ്രസവം 99 ആയിരുന്നു. ഇവിടെ ജനിച്ച് മണിക്കൂറുകള്‍ക്കം മരിക്കുന്ന കുട്ടികളുടെ കണക്ക് 25 ശതമാനത്തോളം വരുന്നുണ്ട്. ആദിവാസി കുട്ടികളില്‍ 70 ശതമാനവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്.

പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടെയുമെല്ലാം മരണത്തിന് കാരണം പോഷകാഹാരക്കുറവ് തന്നെയായിരുന്നു. നടപടി ഭയന്ന് ഉദ്യോഗസ്ഥര്‍ പലപ്പോഴും പുറത്തുവിടുന്ന തെറ്റായ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പോഷകാഹാരക്കുറവ് മൂലമുള്ള മരണം സ്ഥിരീകരിക്കുന്നതും. അട്ടപ്പാടിയോളം വരില്ലെങ്കിലും വയനാട്ടിലും സമാനമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്.

2009ല്‍ താങ്കള്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന വേളയില്‍ ആദിവാസികളുടെ ദുരിതം നേരിട്ടറിയാന്‍ കോളനികളില്‍ വന്ന് താമസിച്ചത് ഓര്‍മ്മയില്ലെ? ഗതാഗത സൗകര്യമുള്ള പ്രദേശത്ത് എല്ലാവിധ ആധുനിക സൗകര്യവും ഒരുക്കി ആദിവാസി വീടിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ആഡംബര ഭവനത്തില്‍ അന്തിയുറങ്ങി താങ്കള്‍ അന്ന് സ്ഥലം വിട്ടപ്പോള്‍ ഈയുള്ള ലേഖകനും അവിടെയുണ്ടായിരുന്നു സര്‍. വാഹനം പോയിട്ട് നേരാംവണ്ണം നടവഴിപോലുമില്ലാത്ത, ശുദ്ധജല സൗകര്യമില്ലാത്ത, അടച്ചുറപ്പുള്ള വീടില്ലാത്ത നിരവധി കോളനികള്‍ അവിടെയുണ്ടായിരുന്നു സര്‍. അതൊന്നും കാണാതെ 'ആദിവാസി ദുരിതം' പഠിക്കാനിറങ്ങിയ താങ്കളില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാനുള്ളത്?

എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ. താങ്കളുടെ അശ്ലീലചിരിയോടെയുള്ള ആദിവാസി പരിഹാസത്തെ തികഞ്ഞ അവജ്ഞയോടെയും പുച്ഛത്തോടെയും തള്ളുന്നു.