യുഡിഎഫ് ഭരണകാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതിന് എല്‍ഡിഎഫ് മന്ത്രിസഭ ഉത്തരവാദികളല്ലെന്ന് മന്ത്രി എകെ ബാലന്‍; വിവാദ പ്രസ്താവന നിയമസഭയിൽ

കഴിഞ്ഞ മൂന്നുമാസത്തിനിടെ പോഷകാഹാരക്കുറവ് മൂലം ശിശു മരണം സംഭവിച്ചിട്ടില്ലെന്നും ഗര്‍ഭം അലസിയാണ് മരിച്ചതെന്നും യുഡിഎഫ് ഭരണകാലത്ത് ഗര്‍ഭം ധരിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു എകെ ബാലന്‍ സഭയില്‍ പറഞ്ഞത്.

യുഡിഎഫ് ഭരണകാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതിന് എല്‍ഡിഎഫ് മന്ത്രിസഭ ഉത്തരവാദികളല്ലെന്ന് മന്ത്രി എകെ ബാലന്‍; വിവാദ പ്രസ്താവന നിയമസഭയിൽ

ആദിവാസി സ്ത്രീകളെ ഒന്നടങ്കം അവമതിക്കുന്ന പ്രസ്താവനയുമായി മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍. തൂക്കക്കുറവും പോഷകാഹാരത്തിന്റെ അലഭ്യതയും മൂലമുള്ള ആദിവാസി ശിശുക്കളുടെ മരണം തന്നെ തൊട്ടിട്ടില്ലെന്നു വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു, മന്ത്രിയുടെ അനാർദ്രചിത്തമായ പ്രസ്താവന. പിണറായി വിജയൻ മന്ത്രിസഭയിൽ പട്ടികവർഗ്ഗക്ഷേമത്തിന്റെ കൂടി ചുമതലയുള്ള മന്ത്രിയാണ്, സിപിഐ(എം) നേതാവായ എ കെ ബാലൻ.

യുഡിഎഫ് ഭരണകാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവാദികളല്ലെന്ന് നിയമസഭയില്‍ മന്ത്രി എകെ ബാലന്‍ പറഞ്ഞു. പ്രസംഗത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിവാദ പ്രസ്താവനയെ കുറിച്ചുള്ള പ്രതികരണത്തിനായി നാരദാ ന്യൂസ് മന്ത്രിയെ ബന്ധപ്പെട്ടുവെങ്കിലും തിരക്കിലാണെന്നായിരുന്നു വിശദീകരണം.


കഴിഞ്ഞ മൂന്നൂ മാസക്കാലത്തിനിടെ പോഷകാഹാരക്കുറവ് മൂലം ശിശു മരണം സംഭവിച്ചിട്ടില്ലെന്നും ഗര്‍ഭം അലസിയാണ് മരിച്ചതെന്നും യുഡിഎഫ് ഭരണകാലത്ത് ഗര്‍ഭം ധരിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു എകെ ബാലന്‍ സഭയില്‍ പറഞ്ഞത്. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ: എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
'ബഹു: മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അത്  പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല മരണം. ഒന്നു അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്, അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്, ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല.'

ദ്വയാര്‍ത്ഥമുള്ള ഈ പരമാര്‍ശം മന്ത്രി എ.കെ.ബാലന്‍ നടത്തുമ്പോള്‍ ഭരണപക്ഷത്തു നിന്നും കയ്യടികളും പൊട്ടിച്ചിരികളും ഉയരുന്നുമുണ്ട്.  എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം 3 കോടിയിലേറെ രൂപ ആദിവാസി മേഖലകളില്‍ ചെലവഴിച്ച കണക്ക് പറഞ്ഞതിന് ശേഷമാണ് മന്ത്രി ആദിവാസി സ്ത്രീയുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയല്ല എന്ന് പരിഹാസരൂപേണ മറുപടി പറഞ്ഞത്.

മന്ത്രിയുടെ ഈ പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ആദിവാസി സ്ത്രീകളുടെ ഗര്‍ഭവും പ്രസവവും പോലും രാഷ്ട്രീയവല്‍ക്കരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന ഒരു സമീപനം സംസ്ഥാന പട്ടിജാതി/പട്ടിക വര്‍ഗ്ഗവകുപ്പ് മന്ത്രിയില്‍ നിന്നു തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നത് ഗൗരവമായി എടുക്കേണ്ട കാര്യമാണെന്ന് നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

https://www.youtube.com/watch?v=PX2QI9Zl5RM