ഐസക്കിനെ പിണറായി വെട്ടി; രണ്ടാമന്റെ കസേര എ കെ ബാലന്

കേരള നിയമസഭയിൽ പാർടിയിലെ സീനിയോറിറ്റി പ്രകാരമായിരുന്നു സീറ്റു വിഭജനം. എന്നാൽ രണ്ടാമന്റെ സ്ഥാനത്തേയ്ക്ക് തോമസ് ഐസക്കിനെ പിന്തള്ളി എ കെ ബാലൻ കടന്നുവന്നത് സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന സമവാക്യങ്ങളുടെ സൂചനയായി വ്യാഖ്യാനിക്കാൻ സാധ്യത ഏറെയാണ്.

ഐസക്കിനെ പിണറായി വെട്ടി; രണ്ടാമന്റെ കസേര എ കെ ബാലന്

നിയമസഭയിൽ രണ്ടാമനാകാൻ കേന്ദ്രക്കമ്മിറ്റിയിലെ മുതിർന്ന അംഗമെന്ന പരിഗണന തോമസ് ഐസക്കിനെ തുണച്ചില്ല. നിയമസഭയിൽ ഇ പി ജയരാജന്റെ കസേര എ കെ ബാലനു നൽകാൻ സിപിഐഎം തീരുമാനം. നിലവിൽ പാർലമെന്ററികാര്യമന്ത്രി കൂടിയാണ് എ കെ ബാലൻ. ഇതോടെ മന്ത്രിസഭയിലെ രണ്ടാമനാര് എന്ന സന്ദേഹത്തിനു പിണറായി വിജയൻ വിരാമമിട്ടു. വ്യവസായമന്ത്രി പദത്തിലേയ്ക്കും എ കെ ബാലന്റെ പേര് സജീവമായ പരിഗണനയിലുണ്ട്.

നിലവിൽ സിപിഐഎം കേന്ദ്രക്കമ്മിറ്റിയിൽ എ കെ ബാലനെക്കാൾ ഏറെ സീനിയറാണ് തോമസ് ഐസക്. കേന്ദ്രക്കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ പട്ടികയിൽ ഐസക് മുപ്പത്തിമൂന്നാമനും ബാലൻ എഴുപത്തി അഞ്ചാമനുമാണ്. 2005ലെ ന്യൂഡെൽഹി പാർടി കോൺഗ്രസിലാണ് തോമസ് ഐസക് കേന്ദ്രക്കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. എ കെ ബാലൻ കഴിഞ്ഞ വർഷം നടന്ന വിശാഖപട്ടണം പാർടി കോൺഗ്രസിലും. 1979ൽ എ കെ ബാലൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ തോമസ് ഐസക്കായിരുന്നു പ്രസിഡന്റ്.


കേന്ദ്രക്കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും സീനിയോറിറ്റി അനുസരിച്ചാണ് നിലവിൽ നിയമസഭയിൽ സിപിഎം അംഗങ്ങൾക്കു സീറ്റ് നൽകിയിരുന്നത്. കേന്ദ്രക്കമ്മിറ്റിയിൽ ഇ പി ജയരാജൻ, വൈക്കം വിശ്വൻ, തോമസ് ഐസക്, എ വിജയരാഘവൻ, കെ കെ ശൈലജ എന്നീ ക്രമത്തിലാണ് സീനിയോറിറ്റി. ഘടകകക്ഷി നേതാക്കളുടെ സീറ്റു കഴിഞ്ഞാൽ തോമസ് ഐസക്കിനായിരുന്നു ഇരിപ്പിടം.

കേരള നിയമസഭയിൽ പാർടിയിലെ സീനിയോറിറ്റി പ്രകാരമായിരുന്നു സീറ്റു വിഭജനം. എന്നാൽ രണ്ടാമന്റെ സ്ഥാനത്തേയ്ക്ക് തോമസ് ഐസക്കിനെ പിന്തള്ളി എ കെ ബാലൻ കടന്നുവന്നത് സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന സമവാക്യങ്ങളുടെ സൂചനയായി വ്യാഖ്യാനിക്കാൻ സാധ്യത ഏറെയാണ്. ഐസക്കിനോട് പിണറായിയ്ക്കുള്ള രസക്കേടിന്റെ സൂചനയായും ചിത്രീകരിക്കപ്പെടാവുന്ന തീരുമാനമായിരിക്കും ഇത് എന്ന കാര്യത്തിൽ സംശയമില്ല.

Read More >>