അമിതഭാരമുള്ളവരുടെ സീറ്റ് ഇനി വിമാനക്കമ്പനി നിശ്ചയിക്കും

വിമാനത്തിലേക്ക് ബോര്‍ഡ് ചെയ്യപ്പെടുന്നതിന് മുന്‍പ്, സീറ്റ്‌ ആവശ്യപ്പെടുന്ന സമയത്താണ് യാത്രക്കാരുടെ ശരീരഭാരം എയര്‍പോര്‍ട്ടില്‍ വച്ച് അളക്കുന്നത്. ഇവിടെ റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന ഭാരത്തിനു അനുസരിച്ചായിരിക്കും ഇവര്‍ക്ക് സീറ്റ്‌ ലഭിക്കുക

അമിതഭാരമുള്ളവരുടെ സീറ്റ് ഇനി വിമാനക്കമ്പനി നിശ്ചയിക്കും

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇനി നിങ്ങളുടെ ശരീരഭാരം ആകാശയാത്രയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായി മാറിയേക്കാം. ഹവായിയന്‍ എയര്‍ലൈന്‍സാണ് ഇപ്പോള്‍ നവീനമായ ഒരു  മാര്‍ഗ്ഗനിര്‍ദേശവുമായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

യാത്രയ്ക്ക് മുന്‍പായി അമിതവണ്ണമുള്ള യാത്രക്കാരുടെ ശരീരഭാരം അളന്ന് ജീവനക്കാര്‍ തന്നെ ഇവരുടെ സീറ്റ്‌ നിശ്ചയിച്ചു നല്‍കുന്നു. അതായത് മറ്റുള്ള യാത്രക്കാരെ പോലെ അമിതഭാരമുള്ളവര്‍ക്ക് അവരവരുടെ താല്പര്യത്തിനനുസരിച്ചുള്ള സീറ്റുകള്‍ ലഭിക്കുകയില്ല എന്ന് ചുരുക്കം.


വിമാനത്തിലേക്ക് ബോര്‍ഡ് ചെയ്യപ്പെടുന്നതിന് മുന്‍പ്, സീറ്റ്‌ ആവശ്യപ്പെടുന്ന സമയത്താണ് യാത്രക്കാരുടെ ശരീരഭാരം എയര്‍പോര്‍ട്ടില്‍ വച്ച് അളക്കുന്നത്. ഇവിടെ റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന ഭാരത്തിനു അനുസരിച്ചായിരിക്കും ഇവര്‍ക്ക് സീറ്റ്‌ ലഭിക്കുക

എന്നാല്‍, വിമാനക്കമ്പനിയുടെ ഈ നടപടി മറ്റൊരു തരത്തിലുള്ള വിവേചനം സൃഷ്ടിക്കുന്നു എന്നാണ് അമേരിക്കന്‍ വ്യവസായി ഡേവിഡ്‌ ഹാലെക്ക് പറയുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഈ നടപടി എന്നാണ് ഹവായി എയര്‍ലൈന്‍സിന്‍റെ ഭാഷ്യം. അതിനര്‍ത്ഥം ഇത്രയും വര്‍ഷങ്ങള്‍ ഇങ്ങനെയൊരു സുരക്ഷ യാത്രക്കാര്‍ക്ക് ഇല്ലായിരുന്നു എന്നാണോ? അങ്ങനെയെങ്കില്‍ മറ്റു വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അസുരക്ഷിതമായിട്ടാണ് എന്നും കരുതേണ്ടി വരുന്നു.ലഗേജും മനുഷ്യരും തമ്മിലുള്ള വ്യത്യാസം വിമാനക്കമ്പനിക്ക് അറിയില്ല എന്നാണ് തോന്നുന്നത്.

ഹവായിയന്‍ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി, ഡേവിഡ്‌ അമേരിക്കന്‍ ഗതാഗത ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും അമിതവണ്ണമുള്ളവര്‍ അമേരിക്കന്‍ സമോവയിലാണ് എന്നുള്ളതാണ് തങ്ങളെ ഇത്തരത്തിലുള്ള ഒരു നടപടിയിലേക്ക് നയിച്ചത് എന്ന് എയര്‍ലൈന്‍സ്‌ ടെലിഗ്രാഫിനോട് പ്രതികരിച്ചു. ഇവിടെയുള്ളവരില്‍ 74.6% ആളുകളും അമിതഭാരമുള്ളവരാണ്. അതിനാല്‍ തന്നെ ഇത്തരം ഒരു സുരക്ഷാമാര്‍ഗ്ഗം ആവശ്യമാണ് വിമാനത്തിന്‍റെ ഏതെങ്കിലും ഒരു വശത്തേക്ക് മാത്രം ഭാരം ക്രമീകരിക്കപ്പെടുന്നത് എല്ലാ യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കും. പഗോ പഗോയിലേക്കുള്ള ആകാശയാത്രയ്ക്ക് അധിക ഇന്ധനോപയോഗവുമുണ്ടാകുന്ന സാഹചര്യത്തില്‍ എയര്‍ലൈന്‍സ്‌ നടത്തിയ 6 മാസം നീണ്ടു നിന്ന് സര്‍വേയെ തുടര്‍ന്നാണ് ഈ നടപടി.

fat_1

അമിതഭാരം വഹിക്കേണ്ടതായി വരുമ്പോള്‍ വിമാനം അമിതമായി ഇന്ധനവും ഉപയോഗിക്കുന്നു. യാത്രക്കാര്‍ക്ക് അനുവദനീയമായ ലഗേജിന്‍റെ ഭാരത്തെക്കാള്‍ പതിന്മടങ്ങ്‌ യാത്രക്കാരുടെ ഭാരത്തില്‍ തന്നെ വിമാനം വഹിക്കേണ്ടി വരുന്നു. കുട്ടികളോട് ഒപ്പം യാത്ര ചെയ്യുന്ന മുതിര്‍ന്നവരെ മാറ്റിയിരുത്തുന്നത് പ്രായോഗികമല്ല. മാത്രമല്ല, ഇത് കൊണ്ട് മാത്രം വെയിറ്റ് ബാലന്‍സിംഗ് നടക്കുകയുമില്ല.

മനുഷ്യശരീരത്തിന്‍റെ ഭാരത്തിനനുസരിച്ചു അമേരിക്കന്‍ സമോവയിലേക്കുള്ള വിമാനയാത്രയില്‍ വേര്‍ത്തിരിവിനു കളം ഒരുക്കുന്ന ആദ്യത്തെ വിമാനക്കമ്പനി ഏതായാലും ഹവായിയന്‍ എയര്‍ലൈന്‍സ്‌ അല്ല. 2013ല്‍ യാത്രക്കാര്‍ക്ക് അവരുടെ ശരീരഭാരത്തിനനുസരിച്ച് ടിക്കറ്റ് നല്‍കിയാണ് സമോവാ എയര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. എയര്‍ലൈന്‍സ്‌ നിഷ്കര്‍ഷിച്ച ഭാരത്തിന് അതീതമായുള്ളവര്‍, അധികമുള്ള ഓരോ കിലോ ശരീരഭാരത്തിനും 0.40 അമേരിക്കന്‍ ഡോളര്‍ ടിക്കറ്റിനൊപ്പം യാത്രക്കാര്‍ക്ക് നല്‍കേണ്ടി വന്നിരുന്നു. ലഗേജിന്‍റെ കാര്യത്തിലും ഇത് തന്നെയായിരുന്നു മാനദണ്ഡം.